Friday, March 5, 2010

ദൈവത്തെ സൃഷ്ടിച്ചതാര്?

"പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ്? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ?''പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു. അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് ആദ്യവും അന്ത്യവുമില്ല.
ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ കോടി കൊല്ലം മുമ്പ് പ്രപഞ്ചം അതീവസാന്ദ്രതയുള്ള ഒരു കൊച്ചു പദാര്‍ഥമായിരുന്നുവെന്ന് ഭൌതികവാദികള്‍ അവകാശപ്പെടുന്നു. അത് സാന്ദ്രതയുടെയും താപത്തിന്റെയും പാരമ്യതയിലെത്തിയപ്പോള്‍ പൊട്ടിത്തെറിച്ചു. ആ സ്ഫോടനം അനന്തമായ അസംഖ്യം പൊട്ടിത്തെറികളുടെ ശൃംഖലയായി. സംഖ്യകള്‍ക്ക് അതീതമായ അവസ്ഥയില്‍ ആദിപദാര്‍ഥത്തിന്റെ താപവും സാന്ദ്രതയും എത്തിയപ്പോഴാണ് അത് പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറിയുടെ ശബ്ദവും അളക്കാനാവാത്തതത്രെ. വന്‍ വിസ്ഫോടനത്തിന്റെ അതേ നിമിഷത്തില്‍ മുവ്വായിരം കോടി ഡിഗ്രി താപമുള്ള പ്രപഞ്ചം ഉണ്ടായി. പൊട്ടിത്തെറിയുടെ ഫലമായി വികാസമുണ്ടായി. വികാസം കാരണമായി താപനില കുറയുവാന്‍ തുടങ്ങി. സ്ഫോടനം കഴിഞ്ഞ് നാല് നിമിഷം പിന്നിട്ടപ്പോള്‍ ന്യൂട്രോണുകളും പ്രോട്ടോണുകളും കൂടിച്ചേര്‍ന്നു. ആ സംഗമമാണ് നക്ഷത്രങ്ങള്‍ തൊട്ട് മനുഷ്യന്‍ വരെയുള്ള എല്ലാറ്റിന്റെയും ജ•ത്തിന് നാന്ദി കുറിച്ചത്.
പ്രപഞ്ചോല്‍പത്തിയെ സംബന്ധിച്ച ഭൌതികവാദികളുടെ ഈ സങ്കല്‍പം ഉത്തരംകിട്ടാത്ത നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. ആദിപദാര്‍ഥം എന്നാണ് താപത്തിലും സാന്ദ്രതയിലും പാരമ്യതയിലെത്തിയത്? എന്തുകൊണ്ട് അതിനു മുമ്പായില്ല, അല്ലെങ്കില്‍ ശേഷമായില്ല? അനാദിയില്‍ തന്നെ താപത്തിലും സാന്ദ്രതയിലും പാരമ്യതയിലായിരുന്നെങ്കില്‍ എന്തുകൊണ്ട് അനാദിയില്‍ തന്നെ സ്ഫോടനം സംഭവിച്ചില്ല? അനാദിയില്‍ താപവും സാന്ദ്രതയും പാരമ്യതയിലായിരുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അവ പാരമ്യതയിലെത്തി? പുറത്തുനിന്നുള്ള ഇടപെടലുകള്‍ കാരണമാണോ? എങ്കില്‍ എന്താണ് ആ ഇടപെടല്‍? അല്ലെങ്കില്‍ അനാദിയിലില്ലാത്ത സാന്ദ്രതയും താപവും ആദിപദാര്‍ഥത്തില്‍ പിന്നെ എങ്ങനെയുണ്ടായി? എന്നാണ് ആദ്യത്തെ പൊട്ടിത്തെറിയുണ്ടായത്? എന്തുകൊണ്ട് അതിനു മുമ്പായില്ല? എന്തുകൊണ്ട് ശേഷമായില്ല? ഒന്നായിരുന്ന സൂര്യനും ഭൂമിയും രണ്ടായത് എന്ന്? എന്തുകൊണ്ട് അതിനു മുമ്പോ ശേഷമോ ആയില്ല? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് ഇന്നോളം ഭൌതികവാദികള്‍ മറുപടി നല്‍കിയിട്ടില്ല. നല്‍കാനൊട്ടു സാധ്യവുമല്ല.
ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന് ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്. വ്യക്തമായ യുക്തിയുടെയും ഉയര്‍ന്ന ആസൂത്രണത്തിന്റെയും നിത്യ നിദര്‍ശനമാണീ പ്രപഞ്ചം. മനുഷ്യന്റെ അവസ്ഥ പരിശോധിച്ചാല്‍തന്നെ ഇക്കാര്യം ആര്‍ക്കും ബോധ്യമാകും. നാം ജീവിക്കുന്ന ലോകത്ത് അറുനൂറു കോടിയോളം മനുഷ്യരുണ്ട്. എല്ലാവരും ശ്വസിക്കുന്ന വായു ഒന്നാണ്. കുടിക്കുന്ന വെള്ളവും ഒന്നുതന്നെ. കഴിക്കുന്ന ആഹാരത്തിലും പ്രകടമായ അന്തരമില്ല. എന്നിട്ടും അറുനൂറു കോടി മനുഷ്യര്‍ക്ക് അറുനൂറു കോടി മുഖം. നമ്മെപ്പോലുള്ള മറ്റൊരാളെ ലോകത്തെവിടെയും കാണുക സാധ്യമല്ല. നമ്മുടെ തള്ളവിരല്‍ എത്ര ചെറിയ അവയവമാണ്. എന്നിട്ടും അറുനൂറു കോടി മനുഷ്യരിലൊരാള്‍ക്കും നമ്മുടേതുപോലുള്ള ഒരു കൈവിരലില്ല. മരിച്ചുപോയ കോടാനുകോടിക്കുമില്ല. ജനിക്കാനിരിക്കുന്ന കോടാനുകോടികള്‍ക്ക് ഉണ്ടാവുകയുമില്ല. നമ്മുടെ ഓരോരുത്തരുടെയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറു കോടി തലയിലെ അസംഖ്യം കോടി മുടികളിലൊന്നു പോലും നമ്മുടെ മുടിപോലെയില്ല. അവസാനത്തെ ഡി.എന്‍.എ. പരിശോധനയില്‍ നമ്മുടേത് തിരിച്ചറിയുക തന്നെ ചെയ്യും. നമ്മുടെയൊക്കെ സിരകളില്‍ ആയിരക്കണക്കിന് രക്തത്തുള്ളികള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു. അറുനൂറു കോടിയുടെ സിരകളിലെ കോടാനുകോടി രക്തത്തുള്ളികളില്‍ നിന്നും നമ്മുടേത് വ്യത്യസ്തമത്രെ. നമ്മുടെ ശരീരത്തിന്റെ ഗന്ധം പോലും മറ്റുള്ളവരുടേതില്‍നിന്ന് ഭിന്നമത്രെ. ഇത്രയേറെ അദ്ഭുതകരവും ആസൂത്രിതവും വ്യവസ്ഥാപിതവും കണിശവുമായ അവസ്ഥയില്‍ നാമൊക്കെ ആയിത്തീര്‍ന്നത് കേവലം യാദൃഛികതയും പദാര്‍ഥത്തിന്റെ പരിണാമവും ചലനവും മൂലവുമാണെന്ന് പറയുന്നത് ഒട്ടും യുക്തിനിഷ്ഠമോ ബുദ്ധിപൂര്‍വമോ അല്ല. അത് പരമാബദ്ധമാണെന്ന് അഹന്തയാല്‍ അന്ധത ബാധിക്കാത്തവരെല്ലാം അംഗീകരിക്കും. അറുനൂറു കോടി മനുഷ്യര്‍ക്ക് അത്രയും മുഖഭാവവും കൈവിരലുകളും ഗന്ധവും തലമുടിയും രക്തത്തുള്ളികളും മറ്റും നല്‍കിയത് സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനുമായ ശക്തിയാണെന്ന് അംഗീകരിക്കലും വിശ്വസിക്കലുമാണ് ബുദ്ധിപൂര്‍വകം. ആ ശക്തിയത്രെ പ്രപഞ്ചസ്രഷ്ടാവായ ദൈവം.
പ്രപഞ്ചത്തില്‍ പുതുതായൊന്നുമുണ്ടാവില്ലെന്ന് പദാര്‍ഥവാദികള്‍ പറയുന്നു. പുതുതായി വല്ലതും ഉണ്ടാവുകയാണെങ്കില്‍ അതുണ്ടാക്കിയത് ആര് എന്ന ചോദ്യമുയരുമല്ലോ. എന്നാല്‍ ഇന്നുള്ള അറുനൂറോളം കോടി മനുഷ്യര്‍ക്ക് ബുദ്ധിയും ബോധവും അറിവും യുക്തിയുമുണ്ട്. ഈ ബുദ്ധിയും ബോധവും അറിവും യുക്തിയുമൊക്കെ എവിടെയായിരുന്നു? വിസ്ഫോടനത്തിനു മുമ്പുള്ള ആദിപദാര്‍ഥം ഇതൊക്കെയും ഉള്‍ക്കൊണ്ടിരുന്നോ? എങ്കില്‍ അനാദിയില്‍ ആ പദാര്‍ഥത്തിന്റെ ബുദ്ധിയും ബോധവും അറിവും യുക്തിയും അതിരുകളില്ലാത്തത്ര ആയിരിക്കില്ലേ? അപ്പോള്‍ അചേതന പദാര്‍ഥം ഇത്രയേറെ സര്‍വജ്ഞനും യുക്തിജ്ഞനുമാവുകയോ?
അതിനാല്‍ അറുനൂറു കോടി മനുഷ്യര്‍ക്ക് അറിവും ബോധവും ബുദ്ധിയും യുക്തിയും നല്‍കിയത് അതിരുകളില്ലാത്ത അറിവിന്റെയും ബോധത്തിന്റെയും യുക്തിയുടെയും ഉടമയായ സര്‍വശക്തനായ ദൈവമാണെന്ന് വിശ്വസിക്കലും അംഗീകരിക്കലുമാണ് ന്യായവും ശരിയും. സത്യസന്ധവും വിവേകപൂര്‍വകവുമായ സമീപനവും അതുതന്നെ.
അനാദിയായ ഒന്നുണ്ട്; ഉണ്ടായേ തീരൂവെന്ന് ഏവരും അംഗീകരിക്കുന്നു. അത് അചേതനമായ പദാര്‍ഥമാണെന്ന് ഭൌതികവാദികളും, സര്‍വശക്തനും സര്‍വജ്ഞനുമായ ദൈവമാണെന്ന് മതവിശ്വാസികളും പറയുന്നു. അനാദിയായ, അഥവാ തുടക്കമില്ലാത്ത ഒന്നിനെ സംബന്ധിച്ച്, അതിനെ ആരുണ്ടാക്കി; എങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങള്‍ ഒട്ടും പ്രസക്തമല്ലെന്നതും സുസമ്മതമാണ്. അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന് പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന് ചോദിക്കുന്നത് അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.
പദാര്‍ഥ നിഷ്ഠമായ ഒന്നും ഒരു നിര്‍മാതാവില്ലാതെ ഉണ്ടാവുകയില്ല. അതിനാല്‍ പദാര്‍ഥനിര്‍മിതമായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് അനിവാര്യമാണ്. എന്നാല്‍ പദാര്‍ഥപരമായതിന്റെ നിയമവും അവസ്ഥയും പദാര്‍ഥാതീതമായതിനു ബാധകമല്ല. ദൈവം പദാര്‍ഥാതീതനാണ്. അതിനാല്‍ പദാര്‍ഥനിഷ്ഠമായ പ്രപഞ്ചത്തിന്റെ നിയമവും മാനദണ്ഡവും അടിസ്ഥാനമാക്കി പദാര്‍ഥാതീതനായ ദൈവത്തെ ആരു സൃഷ്ടിച്ചുവെന്ന ചോദ്യം തീര്‍ത്തും അപ്രസക്തമത്രെ.
അനാദിയായ, ആരംഭമില്ലാത്ത, എന്നെന്നും ഉള്ളതായ ഒന്നുണ്ടായേ തീരൂവെന്നത് അനിഷേധ്യവും സര്‍വസമ്മതവുമാണ്. അതാണ് സര്‍വശക്തനും പ്രപഞ്ചങ്ങളുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം.

8 comments:

  1. അനാദിയായ ആദിപദാര്‍ഥത്തെ ആരുണ്ടാക്കിയെന്ന ചോദ്യം അപ്രസക്തമാണെന്ന് പറയുന്നവര്‍ തന്നെ അനാദിയായ ദൈവത്തെ ആരുണ്ടാക്കിയെന്ന് ചോദിക്കുന്നത് അര്‍ഥശൂന്യവും അബദ്ധപൂര്‍ണവുമത്രെ.

    താങ്കള്‍ക്ക് ഈ അറിവ് എവിടെനിന്ന് കിട്ടി? പഠനത്തിനുള്ള ഒരു രംഗത്തെ അങ്ങനെ ചെയ്യരുതെന്നുള്ള വിലക്ക് പറയുക ശാസ്ത്രത്തിന്റെ രീതിയല്ല. വിലക്ക് മതത്തിന്റെ രീതിയാണ്.
    വിസ്ഫോടനത്തിന്റെ കണ്ടെത്തല്‍ 50-60 കൊല്ലങ്ങള്‍ക്ക് മുമ്പ് ശാസ്ത്രം കണ്ടെത്തിയതാണ്. ശാസ്ത്രത്തിന് പിധിയില്ല. ആ അറിവുകള്‍ എപ്പോഴും വികസിച്ചുകൊണ്ടിരിക്കും. കണികാ പരീക്ഷണം വിസ്ഫോടന പരിസ്ഥിതിയെ പുനര്‍ നിര്‍മ്മിക്കലാണ്.

    ReplyDelete
  2. "ശാസ്ത്രത്തിന് പിധിയില്ല"---
    please Read sir peter Medewar's "Limits of Science"....
    see universe is expanding .....
    v=HoR
    when R becomes Ho*c the velocity of objects becomes near to C (speed of light)....

    that means light from those objects will never reach us or .... our science has no way to find them......

    about LHC in CERN....
    I am also a part of the experiment since they have collaborations in our group in BARC..
    it is well known that science cannot probe before the time and space is created....
    what CERN is trying to do is probing what happened immediately after(pico seconds) Big bang....

    See Brief history of time by stephen hockings (chapter --- the arrow of time)

    anyway...

    വന്നതിനും കമന്റിയതിനും നന്ദി ....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. വെളിപാടുകളല്ല, വസ്തുനിഷ്വും ശാസ്ത്രീയവുമായ അറിവുകളാണ്‌ പ്രപഞ്ചത്തെ വ്യാഖ്യാനിക്കാന്‍ ഉചിതമായിട്ടുള്ളത്.എന്റെ ദൈവ സങ്കല്പങ്ങളിലെ വൈരുദ്ധ്യം എന്തുകൊണ്ട്? വായിക്കുക.

    ReplyDelete
  5. ''ഈ പ്രപഞ്ചം വളരെ വ്യവസ്ഥാപിതവും ക്രമാനുസൃതവുമാണെന്ന് ഏവരും അംഗീകരിക്കുന്നു. ലോകഘടനയിലെങ്ങും തികഞ്ഞ താളൈക്യവും കൃത്യതയും കണിശതയും പ്രകടമാണ്. വ്യക്തമായ യുക്തിയുടെയും ഉയര്‍ന്ന ആസൂത്രണത്തിന്റെയും നിത്യ നിദര്‍ശനമാണീ പ്രപഞ്ചം.''
    തികച്ചും അബദ്ധ ജടിലമാണ്‌ ഈ പ്രസ്താവന.താങ്കൾക്ക്‌ പ്രപഞ്ചത്തെക്കുറിച്ച്‌ അടിസ്ഥാന വിവരം പോലുമില്ലെന്ന് വെളിവാക്കുന്നതാണ്‌ താങ്കളുടെ ഈ പോസ്റ്റ്‌.
    പരസ്പരം അകന്നു കൊണ്ടിരിക്കുന്ന ഗാലക്സികളെ പറ്റി സാർ കേട്ടിട്ടുണ്ടൊ?
    പൊട്ടിത്തെറിക്കുന്ന സൂപ്പർ നോവ, റെഡ്‌ ജയന്റ്‌, മരിക്കുന്ന നക്ഷത്രങ്ങൾ, പുതിയതായി ഉണ്ടാകുന്ന നക്ഷത്ര സമൂഹങ്ങൾ എന്നിവയെപ്പറ്റി any idea?
    ഒരുകാലത്ത്‌ ഭൂമിയിൽ വിരാജിച്ചിരുന്ന ദിനസോർ വംശം കുറ്റിയറ്റുപോകാൻ കാരണമായ കൂറ്റൻ ധൂമകേതു? അതുപോലൊന്ന് എപ്പോൾ വേണമെങ്കിലും തകർത്തുകളയാവുന്ന നിസ്സാരമായ നമ്മുടെ ഭൂമി?
    ഒരു പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോടു ചോദിച്ചാൽ ഇതിനേക്കാളും അറിവു കിട്ടും..
    പിന്നെ, മനുഷ്യ ശരീരം കൃത്യമായും കണിശമായും നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്ന ധാരണ താങ്കൾക്കുണ്ടെങ്കിൽ ഈ പോസ്റ്റ്‌ വായിക്കാവുന്നതാണ്‌:
    http://russelsteapot.blogspot.com/2009/10/blog-post_17.html

    ReplyDelete
  6. Please read this book
    http://www.alislam.org/library/books/revelation/index.html

    ReplyDelete
  7. കിടങ്ങൂരാന്‍ ചേട്ടാ...
    പൊട്ടിത്തെറി സാധാരണ വിനാശകരമാണ്....
    എന്നാല്‍ ബിഗ്-ബാംഗിന്റെ eqilibrium ത്തിനെ ക്കുരിച്ച് Paul Davies, a renowned Professor of Mathematics and Physics at Australia's Adelaide University, made a series of calculations in order to answer this question. The results he obtained were astonishing. According to Davies, had the expansion rate following the Big Bang been different by one in a billion billions (1/1018), the universe could not have formed! Another way of stating this figure is: "0,000000000000000001" Any divergence of such a tiny scale would have meant no universe at all.
    എല്ലാ നോവകളും ഇതുപോലെ കണിശമാ.....

    ReplyDelete
  8. താങ്കളുടെ റെറ്റിന ഊരിപ്പോയിട്ടില്ലല്ലോ ഭാഗ്യം.....
    മനുഷ്യശരീരം അന്യുനമല്ല .....
    ജനനവും മരണവും ഏറ്റവും വലിയ ന്യുനതയല്ലേ?....
    എന്റെ ദൈവം നീതിമാനോ?
    എന്ന പോസ്റ്റ് വായിക്കുമല്ലോ.....

    ReplyDelete