Friday, March 26, 2010

ഗള്‍ഫുനാടുകളിലെ ക്ഷേത്രവിലക്ക്

ഗള്‍ഫ്നാടുകളില്‍ ഹിന്ദുക്കളെ ക്ഷേത്രം പണിയാന്‍ അനുവദിക്കാത്തതെന്തുകൊണ്ടാണ്?
ഗള്‍ഫ് നാടുകളില്‍ ഹിന്ദുപൌരന്മാരില്ല. അവിടെയുള്ള ഹിന്ദുക്കള്‍ ജോലിയാവശ്യാര്‍ഥം ചെന്ന വിദേശികളാണ്. മുസ്ലിംകളുള്‍പ്പെടെ വിദേശികളായ ആര്‍ക്കും അവിടെ സ്ഥലം വാങ്ങാനോ ആരാധനാലയം പണിയാനോ അനുവാദമില്ല. അഥവാ, വിദേശമുസ്ലിംകള്‍ക്ക് പള്ളിയുണ്ടാക്കാനും അവിടങ്ങളിലെ നിയമം അനുവദിക്കുന്നില്ല. വിദേശികള്‍ക്ക് ഇന്ത്യയിലോ ഇതര സെക്യുലര്‍ നാടുകളിലോ സ്വന്തമായ ആരാധനാലയം പണിയാന്‍ അനുവാദമില്ലാത്തതുപോലെത്തന്നെ.
എന്നിട്ടും ദീര്‍ഘകാലമായി ഗള്‍ഫ് നാടുകളില്‍ കഴിഞ്ഞുകൂടുന്ന സിന്ധി ഹിന്ദുക്കള്‍ക്ക് ആരാധനാലയം നിര്‍മിക്കാന്‍ ഭരണകൂടം പ്രത്യേകം അനുമതി നല്‍കുകയുണ്ടായി. മലയാളത്തിലെ ആര്‍.എസ്.എസ്. വാരിക കേസരി എഴുതുന്നു: "മസ്കത്ത്, ബഹ്റൈന്‍, ദുബൈ എന്നീ ഗള്‍ഫു രാജ്യങ്ങള്‍ വിദേശക്കോയ്മക്ക് കീഴില്‍ ഉള്ളതുമുതല്‍ ഭാരതീയരും ഹിന്ദുക്കളുമായ സിന്ധികള്‍ ഇവിടങ്ങളില്‍ കുടിയേറിപ്പാര്‍ക്കുക കാരണം പ്രസ്തുത രാജ്യങ്ങളുടെ അഭിവൃദ്ധിയില്‍ ഗണ്യമായ പങ്കുവഹിച്ചിരുന്നു. പ്രസ്തുത യാഥാര്‍ഥ്യം മനസ്സിലാക്കി അവിടങ്ങളിലെ ഭരണാധിപന്മാര്‍ അവര്‍ക്ക് പ്രത്യേക പരിഗണനകള്‍ കൊടുത്തുപോന്നു''(6-4-1986).
"ദുബൈ ശൈഖ് അവര്‍ക്ക് വേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. സിന്ധികളുടെ ആവശ്യാര്‍ഥം ഹിന്ദുക്കളുടെ ഒരു ക്ഷേത്രവും ഇഷ്ടദേവതകളെ വച്ചു പൂജിക്കാനുള്ള അനുവാദവും അതുപോലെ ഉത്സവാദികള്‍ കൊണ്ടാടാനുള്ള അംഗീകാരവും നല്‍കുകയുണ്ടായി. ഹിന്ദുക്കള്‍ക്ക് ശവസംസ്കാരം ചെയ്യാനുള്ള ഒരു പ്രത്യേക ശ്മശാനത്തിനുള്ള സ്ഥലവും കൂടി അനുവദിക്കുകയുണ്ടായി'' (കേസരി 5-1-1986).

No comments:

Post a Comment