Sunday, March 7, 2010

ഇസ്ലാമും അഭൌതിക ജ്ഞാനവും

നമ്മുടെ ജനനത്തീയതിയും രാവും രാശിയും നക്ഷത്രവുമൊക്കെ അറിയുകയാണെങ്കില്‍ ഭാവിയിലെന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാമെന്ന ധാരണ സമൂഹത്തില്‍ വളരെ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ദിനംപ്രതി പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും പ്രതികള്‍ വിറ്റഴിക്കപ്പെടുന്ന പത്രങ്ങള്‍ പലതും 'ഈ ആഴ്ച നമുക്കെന്ത് സംഭവിക്കു'മെന്ന് പതിവായി നമ്മോട് പറഞ്ഞുതരാറുണ്ടല്ലോ. ഓരോ വാരാന്ത്യത്തിലും വരുംവാരത്തില്‍ വന്നുഭവിച്ചേക്കാവുന്ന സംഭവങ്ങളെ സംബന്ധിച്ച വിവരം ലഭിക്കുകയാണെങ്കില്‍ അത് അതിമഹത്തായ നേട്ടം തന്നെ. അനാവശ്യമായ ആശങ്കകളൊഴിവാക്കാനും പ്രാപിക്കാനാവാത്ത പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താതിരിക്കാനും കരുതലോടെ കാര്യങ്ങള്‍ ചിട്ടപ്പെടുത്താനും കഴിയുമല്ലോ. എന്നാല്‍ നക്ഷത്രഫലത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി അറിയാനാര്‍ക്കും സാധ്യമല്ലെന്നതാണ് സത്യം. നമ്മുടെ രാജ്യത്തെ മുന്‍പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിക്ക് ജനനത്തീയതിയും രാവും രാശിയും നക്ഷത്രവുമൊക്കെ അറിയാമായിരുന്നു. ജ്യോത്സ്യ•ാരെ സ്ഥിരമായി കാണാറുമുണ്ടായിരുന്നു. എന്നിട്ടും സ്വന്തം അംഗരക്ഷകന്റെ വെടിയേറ്റ് മരിക്കുമെന്ന് അവരെ ആരും അറിയിച്ചില്ലല്ലോ. രാജീവ്ഗാന്ധിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. തമിഴ്നാട്ടില്‍വച്ച് ബോംബ് സ്ഫോടനത്തില്‍ മരണമടയുമെന്ന് പ്രവചിക്കാന്‍ ഒരാള്‍ക്കും സാധിച്ചില്ല. ആരും അങ്ങനെയൊരു കാര്യം അദ്ദേഹത്തോടു പറഞ്ഞതുമില്ല. ലാത്തൂരിലെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ജനനത്തീയതിയും മറ്റു വിശദാംശങ്ങളുമറിയാമായിരുന്നു. ജാതകം തയ്യാറാക്കുന്ന ജ്യോതിഷിമാര്‍ പോലും അവരിലുണ്ടായിരുന്നു. എന്നിട്ടും ഭൂകമ്പത്തെപ്പറ്റി ആര്‍ക്കും മുന്നറിവുണ്ടായില്ല എന്നതാണല്ലോ വസ്തുത. ജാതകം നോക്കി ഭാവി മനസ്സിലാക്കാമായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല.
പി.ജെ.എസ്. ഗിയാനി, പി.കെ. ചക്രവര്‍ത്തി, ജഗജിത് ഉപ്പല്‍, രാമന്‍തക്കാര്‍, മാലതി സിര്‍സിക്കാര്‍ തുടങ്ങിയ പ്രശസ്ത ജ്യോത്സ്യ•ാരുടെ പ്രമാദമായ പല പ്രവചനങ്ങളും പുലര്‍ന്നിട്ടില്ലെന്നതിന് അനുഭവം സാക്ഷിയാണ്. ഒമ്പതാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധി അധികാരത്തില്‍ വരുമെന്ന് ഉപ്പല്‍ പ്രവചിച്ചിരുന്നുവെങ്കിലും അത് പുലര്‍ന്നില്ല. ഗള്‍ഫ് യുദ്ധത്തിന്റെ ഒരു ദിവസം മുമ്പ് അടുത്തൊന്നും അതുണ്ടാവില്ലെന്ന് പ്രവചിച്ച പ്രശസ്ത ജ്യോത്സ്യനാണ് ബജന്‍ഭറുവാല. പക്ഷേ, പാളിപ്പോയ ഇത്തരം പ്രവചനങ്ങളെപ്പറ്റി പിന്നീട് പലരും വിസ്മരിക്കാറാണ് പതിവ്. അതേസമയം, വല്ലപ്പോഴും ഒത്തുവരികയോ വ്യാഖ്യാനിച്ച് ഒപ്പിക്കുകയോ ചെയ്യുന്ന പ്രവചനങ്ങളെ സംബന്ധിച്ച് വ്യാപകമായ പ്രചാരണം നടത്തുകയും ചെയ്യുന്നു. ഭോപ്പാലിലെ വാതകദുരന്തത്തെക്കുറിച്ചോ ബംഗ്ളാദേശിലെ ലക്ഷങ്ങളുടെ മരണത്തിനിടയാക്കിയ കൊടുങ്കാറ്റിനെ സംബന്ധിച്ചോ ദുരന്തം വാരിവിതറിയ ഇറാനിലെ ഭൂകമ്പത്തെപ്പറ്റിയോ മുന്നറിവ് നല്‍കാന്‍ ഒരു ജ്യോത്സ്യന്നും നക്ഷത്രഫലക്കാരന്നും കണക്കുനോട്ടക്കാരന്നും പ്രവചനക്കാരന്നും സാധിച്ചിട്ടില്ലെന്നതാണ് സത്യം.
അജ്ഞത, അന്ധവിശ്വാസം, ഭാവി അറിയാനുള്ള അദമ്യമായ അഭിവാഞ്ഛ ഇതൊക്കെ ഒത്തുചേരുമ്പോള്‍ ആളുകള്‍ ഭാവി പറഞ്ഞുതരുന്നവരെ പ്രതീക്ഷാപൂര്‍വം സമീപിക്കുന്നു. വിദ്യാസമ്പന്നരും ബുദ്ധിജീവികളും ശാസ്ത്രജ്ഞരും സാംസ്കാരിക നായക•ാരും ഭരണാധികാരികളുമൊന്നും ഇതില്‍നിന്നൊഴിവല്ല. അതിനാലവര്‍ ചിലരില്‍ അഭൌതികമായ അറിവുകള്‍ ആരോപിക്കുന്നു. ദിവ്യമായ കഴിവുകള്‍ കണ്ടെത്തുന്നു. ഭാവി പ്രവചിക്കാന്‍ പ്രാപ്തരെന്ന് അവരെ പരിചയപ്പെടുത്തുന്നു. എന്നാല്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനല്ലാതെ ആര്‍ക്കും അഭൌതിക കാര്യങ്ങളറിയുകയില്ല. ഭാവിയില്‍ എന്തുനടക്കുമെന്ന് കണ്ടെത്താനാവില്ല. ഇസ്ലാം ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അകലത്തുള്ള അത്തിവൃക്ഷത്തില്‍ പഴമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ യേശു ശിഷ്യരെ അതിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ പ്രിയപത്നി ആഇശക്കെതിരെ അപവാദാരോപണമുണ്ടായപ്പോള്‍ അത് അപ്പാടെ കള്ളമാണെന്ന് കണ്ടെത്താന്‍ മുഹമ്മദ് നബിതിരുമേനിക്ക് കഴിഞ്ഞില്ല. പിന്നീട്, ദിവ്യവെളിപാടുകളുണ്ടായപ്പോഴാണ് വസ്തുത വ്യക്തമായത്. ശ്രീരാമന്‍, കാട്ടില്‍ വച്ച് ജനിച്ചുവളര്‍ന്ന സ്വന്തം സന്താനങ്ങളായ ലവകുശ•ാര്‍ തന്റെ മുമ്പില്‍ വന്ന് രാമചരിതം ചൊല്ലിയപ്പോള്‍ അവരെ തിരിച്ചറിഞ്ഞില്ല. പ്രിയപത്നി ലങ്കയിലായിരിക്കെ അദ്ദേഹത്തിന് അമാനുഷിക മാര്‍ഗത്തിലൂടെ അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രവാചക•ാര്‍ക്കും പുണ്യപുരുഷ•ാര്‍ക്കുമൊന്നുംതന്നെ അഭൌതിക കാര്യങ്ങളറിയില്ലെന്നും ഭാവിയിലെന്തു സംഭവിക്കുമെന്ന് മുന്‍കൂട്ടി കണ്ടെത്താനാവില്ലെന്നും ഈ വസ്തുതകള്‍ സംശയാതീതമായി വ്യക്തമാക്കുന്നു.
കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അഭൌതിക കാര്യങ്ങള്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അറിയില്ലെന്നത് ഇസ്ലാമിലെ ഈശ്വരവിശ്വാസത്തിന്റെ അടിസ്ഥാനമത്രെ. ഖുര്‍ആന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്:
"പറയുക: അല്ലാഹു അല്ലാതെ ആകാശഭൂമികളിലാരുംതന്നെ അഭൌതിക കാര്യങ്ങളറിയുന്നില്ല.''(27: 65)
"നബിയേ, പറയുക: എന്റെ വശം ദൈവത്തിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. ഞാന്‍ അഭൌതിക കാര്യങ്ങള്‍ അറിയുന്നുമില്ല.''(6: 50)
നമ്മുടെ കാലത്തും ലോകത്തുമെന്നപോലെ അഭൌതിക മാര്‍ഗേണ പുണ്യവാള•ാര്‍ക്ക് ദിവ്യജ്ഞാനമുണ്ടെന്ന മൂഢധാരണ ചരിത്രത്തില്‍ പലപ്പോഴും നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ദൈവദൂത•ാരും ആ ധാരണ തിരുത്താനും അത്തരം അന്ധവിശ്വാസങ്ങള്‍ക്ക് അറുതിവരുത്താനും ശ്രമിച്ചിരുന്നു. അതിനാല്‍ ദൈവദൂതനായ താനുള്‍പ്പെടെ ആര്‍ക്കും അഭൌതികജ്ഞാനമില്ലെന്ന് അവരെല്ലാം ഊന്നിപ്പറഞ്ഞിരുന്നു. ദൈവദൂതനായ നൂഹ് തന്റെ ജനതയോട് പറഞ്ഞു: "അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ കൈവശമുണ്ടെന്ന് ഞാന്‍ നിങ്ങളോടവകാശപ്പെടുന്നില്ല. എനിക്ക് അഭൌതികജ്ഞാനമുണ്ടെന്നും ഞാന്‍ പറയുന്നില്ല.''(11: 31)
അതിനാല്‍ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ അഭൌതികജ്ഞാനം ദൈവദൂത•ാര്‍ക്കോ പുണ്യപുരുഷ•ാര്‍ക്കോ ഭഗവാ•ാരെന്നവകാശപ്പെടുന്നവര്‍ക്കോ ജ്യോത്സ്യ•ാര്‍ക്കോ കണക്കുനോട്ടക്കാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇല്ല. ഉണ്ടെന്ന് അവകാശപ്പെടുന്നത് തീര്‍ത്തും വ്യാജമാണ്. നക്ഷത്രഫലവും ജ്യോത്സ്യപ്രവചനവുമെല്ലാം തെറ്റും തികഞ്ഞ അന്ധവിശ്വാസവുമത്രെ.
നക്ഷത്രഫലം വ്യാജവും കൊടിയ തട്ടിപ്പുമാണെന്ന് സ്വാമി ദയാനന്ദസരസ്വതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യോത്തര രൂപത്തില്‍ ഇക്കാര്യം ഇങ്ങനെ അവതരിപ്പിക്കുന്നു:
പ്രശ്നം: രാജാക്ക•ാരും പ്രജകളും അടങ്ങിയ ഈ ലോകത്തില്‍ ചിലര്‍ സുഖമുള്ളവരായും ചിലര്‍ ദുഃഖമനുഭവിക്കുന്നതായും കാണപ്പെടുന്നു. അതെല്ലാം ഗ്രഹസ്ഥിതിയുടെ ഫലമല്ലേ?
ഉത്തരം: അതെല്ലാം പുണ്യപാപങ്ങളുടെ ഫലമാണ്.
പ്രശ്നം: ജ്യോതിശ്ശാസ്ത്രം കേവലം കളവാണോ?
ഉത്തരം: അല്ല. ആ ശാസ്ത്രത്തിലന്തര്‍ഭവിച്ച അങ്കഗണിതം, രേഖാഗണിതം, ബീജഗണിതം മുതലായ ഗണിതഭാഗങ്ങളെല്ലാം ശരിയായിട്ടുള്ളതാണ്. ഫലഭാഗം മുഴുവന്‍ ശുദ്ധവ്യാജമാണ്.
പ്രശ്നം: ജ•പത്രം (ജാതകം) തീരെ നിഷ്ഫലമായിട്ടുള്ളതാണോ?
ഉത്തരം: അതെ, അതിനു ജ•പത്രമെന്നല്ല, ശോകപത്രം എന്നാണ് പേര്‍ പറയേണ്ടത്. എന്തെന്നാല്‍ സന്താനം ഉണ്ടാകുമ്പോള്‍ സകല ജനങ്ങള്‍ക്കും ആനന്ദം ഉണ്ടാകാറുണ്ട്. എന്നാല്‍ ആ ആനന്ദം സന്താനത്തിന്റെ ജാതകം എഴുതി ഗ്രഹങ്ങളുടെ ഫലം പറഞ്ഞു കേള്‍ക്കുന്നതുവരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ജാതകം എഴുതിക്കേണ്ടതാണെന്ന് ജ്യോത്സ്യന്‍ പറയുമ്പോള്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ ജ്യോത്സ്യനോട് "വളരെ വിശേഷപ്പെട്ട ജാതകമായിരിക്കണം എഴുതുന്നത്'' എന്നു പറയുന്നു. പറഞ്ഞേല്‍പിച്ചത് ധനികനാണെങ്കില്‍ ചുകന്ന നിറത്തിലും മഞ്ഞനിറത്തിലുമുള്ള വരകള്‍ കൊണ്ടും ചിത്രങ്ങള്‍കൊണ്ടും മോടിപിടിപ്പിച്ചും ദരിദ്രനാണെങ്കില്‍ സാധാരണ സമ്പ്രദായത്തിലും ഒരു ജാതകം എഴുതിയുണ്ടാക്കി ജ്യോത്സ്യന്‍ അത് വായിച്ചു കേള്‍പ്പിക്കാന്‍ വരുന്നു. അപ്പോള്‍ കുട്ടിയുടെ മാതാപിതാക്ക•ാര്‍ ജ്യോത്സ്യനു മുമ്പിലിരുന്നു ചോദിക്കുന്നു: "ഇവന്റെ ജാതകം നല്ലതുതന്നെയല്ലേ?'' ജ്യോത്സ്യന്‍ പറയുന്നു: "ഉള്ളതു മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചേക്കാം. ഇവന്റെ ജ•ഗ്രഹങ്ങളും മിത്രഗ്രഹങ്ങളും ശുഭങ്ങളാകുന്നു. അതിന്റെ ഫലമായി ഇവന്‍ വലിയ ധനികനും കീര്‍ത്തിമാനും ആയിത്തീരും. ഏതു സഭയില്‍ കടന്നിരുന്നാലും ഇവന്റെ തേജസ്സ് മറ്റുള്ളവരുടേതിനേക്കാള്‍ മികച്ചുനില്‍ക്കും. ശരീരത്തിനു നല്ല ആരോഗ്യമുള്ളവനും രാജാക്ക•ാരാല്‍ കൂടി ബഹുമാനിക്കപ്പെടുന്നവനും ആയിത്തീരും.'' ഈ മാതിരി വാക്കുകള്‍ കേട്ട് കുട്ടിയുടെ അച്ഛനമ്മമാര്‍ പറയും: "നല്ലത്. നല്ലതു ജ്യോത്സ്യരേ; അങ്ങ് വളരെ നല്ല ഒരാളാണ്.'' എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ കാര്യം സാധിക്കുകയില്ലെന്ന് ജ്യോത്സ്യന്നറിയാം. അതുകൊണ്ട് ജ്യോത്സ്യന്‍ പിന്നെയും പറയുന്നു: "ഈ പറഞ്ഞ ഗ്രഹങ്ങളെല്ലാം വളരെ ശോഭനങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ ശുഭഗ്രഹങ്ങള്‍ വേറെ ചില ക്രൂരഗ്രഹങ്ങളോടു കൂടിച്ചേര്‍ന്നാണിരിക്കുന്നത്. അതുനിമിത്തം ഈ കുട്ടിക്ക് എട്ടാമത്തെ വയസ്സില്‍ മൃത്യുയോഗം ഉണ്ട്.'' ഇതു കേള്‍ക്കുമ്പോഴേക്കും മാതാപിതാക്കള്‍ പുത്രജനനംകൊണ്ടുണ്ടായ ആനന്ദമെല്ലാം പരിത്യജിച്ച് സന്താപസമുദ്രത്തില്‍ മുങ്ങി ജ്യോത്സ്യനോട് പറയുന്നു: "ജ്യോത്സ്യരേ, ഇനി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?'' ജ്യോത്സ്യന്‍ പറയുന്നു: "അതിനു വല്ല പരിഹാരവും ചെയ്യണം.'' പരിഹാരം എന്താണെന്ന് ഗൃഹസ്ഥന്‍ ചോദിക്കുമ്പോള്‍ ജ്യോത്സ്യന്‍ വീണ്ടും പറഞ്ഞു തുടങ്ങുന്നു: "ദാനങ്ങള്‍ കൊടുക്കണം. ഗ്രഹശാന്തിക്കുള്ള മന്ത്രങ്ങള്‍ ജപിക്കണം. ദിവസംതോറും ബ്രാഹ്മണരെ കാല്‍കഴുകിച്ച് ഊട്ടണം. ഇങ്ങനെയെല്ലാം ചെയ്യുന്നതായാല്‍ ഗ്രഹപ്പിഴകളെല്ലാം തീരുമെന്നാണ് അനുമാനിക്കേണ്ടത്.'' ജ്യോത്സ്യന്‍ ഇവിടെ അനുമാനശബ്ദം പ്രയോഗിക്കുന്നത് വളരെ മുന്‍കരുതലോടുകൂടിയാണ്. ഒരുപക്ഷേ, കുട്ടി മരിച്ചുപോകുന്നതായാല്‍ അയാള്‍ പറയും: "ഞങ്ങള്‍ എന്തു ചെയ്യും? പരമേശ്വരനു മേലെ ആരും ഇല്ല. ഞങ്ങള്‍ വളരെ പ്രയത്നം ചെയ്തുനോക്കി. നിങ്ങള്‍ പലതും ചെയ്യിച്ചു. പക്ഷേ, അവന്റെ കര്‍മഫലം അങ്ങനെയാണ്.'' കുട്ടി ജീവിക്കുകയാണ് ചെയ്തതെങ്കില്‍ അപ്പോഴും അയാള്‍ക്ക് ഇങ്ങനെ പറയാം: " നോക്കുക, ഞങ്ങളുടെ മന്ത്രങ്ങളുടെയും ഞങ്ങള്‍ ഉപാസിക്കുന്ന ദേവതമാരുടെയും ബ്രാഹ്മണരുടെയും ശക്തി എത്ര വലുതാണ്. നിങ്ങളുടെ കുട്ടിയെ രക്ഷിച്ചുതന്നില്ലേ?'' വാസ്തവത്തില്‍ ജപം കൊണ്ടു ഫലമൊന്നുമുണ്ടായില്ലെങ്കില്‍ ആ ധൂര്‍ത്ത•ാരുടെ കൈയില്‍നിന്ന് അവര്‍ക്ക് കൊടുത്തതിന്റെ രണ്ടോ മൂന്നോ ഇരട്ടി പണം മടക്കിവാങ്ങേണ്ടതാണ്. കുട്ടി ജീവിച്ചിരിക്കുന്നതായാലും അങ്ങനെ മടക്കിമേടിക്കുക തന്നെയാണ് വേണ്ടത്. എന്തെന്നാല്‍, 'അത് അവന്റെ കര്‍മഫലമാണ്. ഈശ്വരന്റെ നിയമത്തെ ലംഘിക്കുവാന്‍ ആര്‍ക്കും ശക്തിയില്ല' എന്നു ജ്യോതിഷി പറയുന്നപോലെ അവന്റെ കര്‍മഫലവും ഈശ്വരന്റെ നിയമവുമാണ് അവനെ രക്ഷിച്ചത്; നിങ്ങളുടെ പ്രവൃത്തിയല്ല എന്ന് ഗൃഹസ്ഥന് അയാളോടും പറയാവുന്നതാണല്ലോ. ദാനങ്ങളും മറ്റു പുണ്യകര്‍മങ്ങളും അനുഷ്ഠിപ്പിച്ചു പ്രതിഗ്രഹം വാങ്ങിയിട്ടുള്ള ഗുരു മുതലായവരോടും ജ്യോത്സ്യനോട് പറഞ്ഞതുപോലെ തന്നെ പറയേണ്ടതാണ്.(സത്യാര്‍ഥപ്രകാശം, ആര്യപ്രാദേശിക പ്രതിനിധി സഭ, പഞ്ചാബ്. പുറം: 45-47)
ജ്യോതിഷത്തിന്റെ നിരര്‍ഥകത വ്യക്തമാക്കാനായി സ്വാമി വിവേകാനന്ദന്‍ ഒരു കഥ ഉദ്ധരിക്കുന്നു: "ഒരു ജ്യോതിഷി ഒരു രാജാവിന്റെ അടുക്കല്‍ ചെന്ന് അദ്ദേഹം ആറു മാസത്തിനുള്ളില്‍ മരിക്കുമെന്ന് പ്രവചിച്ചു. അതുകേട്ടു ഭയന്ന രാജാവ് അപ്പോള്‍തന്നെ മരിക്കുമെന്ന നിലയിലായി. അപ്പോള്‍ മന്ത്രി അവിടെയെത്തി 'ജ്യോതിഷികള്‍ പൊതുവെ വിഡ്ഢികളാണെന്നും അവര്‍ പറയുന്നത് വിശ്വസിക്കേണ്ടതില്ലെ'ന്നും പറഞ്ഞ് രാജാവിനെ ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും ഫലിച്ചില്ല. അപ്പോള്‍ മന്ത്രി ജ്യോതിഷിയോട് 'രാജാവിന്റെ മരണം പ്രവചിച്ചത് ശരി തന്നെയോ' എന്ന് ഒന്നുകൂടി ചോദിച്ചു. വീണ്ടും ഗണിച്ചതിന് ശേഷം ജ്യോതിഷി തന്റെ പ്രവചനത്തിലുറച്ചുനിന്നു. ഉടനെ മന്ത്രി ജ്യോതിഷിയോട് 'നിങ്ങള്‍ എപ്പോഴാണ് മരിക്കുക'യെന്ന് ചോദിച്ചു. 'പന്ത്രണ്ടുകൊല്ലം കഴിഞ്ഞാല്‍' എന്ന് മറുപടി. അതുകേട്ടയുടനെ മന്ത്രി വാളെടുത്തു വീശി ആ ജ്യോതിഷിയെ വെട്ടിക്കൊന്നു. എന്നിട്ട് രാജാവിനോടു പറഞ്ഞു: 'അങ്ങേക്കിപ്പോള്‍ ബോധ്യമായല്ലോ, അവന്‍ കള്ളനാണെന്ന്. ഈ നിമിഷം തന്നെ അവന്‍ ചത്തുവല്ലോ.''(വിവേകാനന്ദ സാഹിത്യസര്‍വസ്വം, വാ. 4, പുറം 87)
സ്വാമി വിവേകാനന്ദന്‍ തന്നെ എഴുതുന്നു: "വിധിയെപ്പറ്റി പുലമ്പിക്കൊണ്ടിരിക്കുന്നത് പ്രായം കൂടിവരുന്നവരാണ്. യുവജനങ്ങള്‍ പ്രായേണ ജ്യോതിഷത്തെ ആശ്രയിക്കാറില്ല. ഗ്രഹങ്ങള്‍ നമ്മുടെ മേല്‍ പ്രാഭവം പ്രയോഗിക്കുന്നുണ്ടാവാം. എന്നാല്‍ നാം അതിനത്ര പ്രാധാന്യം കല്‍പിക്കാന്‍ പാടില്ല.... ജ്യോതിര്‍ഗണങ്ങള്‍ വന്നുകൊള്ളട്ടെ; അതുകൊണ്ടെന്തു ദോഷം? ഒരു നക്ഷത്രത്തിന് താറുമാറാക്കാവുന്നതാണ് എന്റെ ജീവിതമെങ്കില്‍ അതൊരു കാശിനു വിലപിടിപ്പുള്ളതല്ല. ജ്യോതിഷവും അതുപോലുള്ള ഗൂഢവിദ്യകളും പ്രായേണ ദുര്‍ബലമനസ്സിന്റെ ചിഹ്നങ്ങളാണെന്ന് നിങ്ങള്‍ക്കറിയാനാകും. അതിനാലവ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയാല്‍ ഉടന്‍ നാം ഒരു വൈദ്യനെ കാണുകയും നല്ല ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്''(അതേ പുസ്തകം, പുറം 86).
ഏകദൈവത്തിനല്ലാതെ മറ്റാര്‍ക്കും അഭൌതികകാര്യങ്ങളറിയുകയില്ലെന്നത് കലര്‍പ്പില്ലാത്ത ദൈവവിശ്വാസത്തിന്റെ അവിഭാജ്യഘടകമത്രെ. ഇസ്ലാം അക്കാര്യം ഊന്നിപ്പറയാനുള്ള കാരണവും അതുതന്നെ.

No comments:

Post a Comment