Sunday, March 21, 2010

ഇസ്ലാമും പരിണാമസിദ്ധാന്തവും

ശാസ്ത്രവിരുദ്ധമായി ഒന്നും ഇസ്ലാമിലില്ലെന്നാണല്ലോ പറയപ്പെടുന്നത്. എങ്കില്‍ ഇസ്ലാം പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുന്നുണ്ടോ?
ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ഇസ്ലാമിലില്ലെന്നത് തീര്‍ത്തും ശരിയാണ്. എന്നാല്‍, ശാസ്ത്രനിഗമനങ്ങള്‍ക്കോ ചരിത്രപരമായ അനുമാനങ്ങള്‍ക്കോ ഇതു ബാധകമല്ല. പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്.
പരിണാമം രണ്ടിനമാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ് സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്. മനുഷ്യരില്‍ നീണ്ടവരും കുറിയവരും വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍ ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന സൂക്ഷ്മപരിണാമത്തെ ഇസ്ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ് മറ്റൊന്നായി മാറുന്നുവെന്ന് അവകാശപ്പെടുന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ് വ്യത്യസ്തമായ വീക്ഷണമുള്ളത്. അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന് ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല. കേരളത്തിലെ പരിണാമവാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വര്‍മതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്. "പരീക്ഷണാത്മകമായ തെളിവുകളില്ലെന്ന് പറഞ്ഞത് സ്ഥൂലപരിണാമത്തെക്കുറിച്ചു മാത്രമാണ്. അതേസമയം, പരീക്ഷണവാദത്തിലടങ്ങിയിട്ടുള്ള മിക്ക തത്ത്വങ്ങളെക്കുറിച്ചും സൂക്ഷ്മമായ പരിണാമമാറ്റങ്ങളെക്കുറിച്ചും പരീക്ഷണങ്ങള്‍ നടത്തി ആശിച്ച ഫലങ്ങള്‍ സമ്പാദിക്കുവാന്‍ ശാസ്ത്രജ്ഞ•ാര്‍ക്കു കഴിഞ്ഞിട്ടുണ്ട്''(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 33).
പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാള്‍സ് ഡാര്‍വിന്‍ പോലും അതിനെ അനിഷേധ്യമായ ഒരു സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: "വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്...''
"എന്റെ സിദ്ധാന്തപ്രകാരം സിലൂറിയന്‍ ഘട്ടത്തിനു മുമ്പ് തീര്‍ച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടിയിരിക്കാവുന്ന വിപുലമായ ഫോസില്‍പാളികളുടെ അഭാവം ഉള്‍ക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്. ഇതു വിശദീകരിക്കാനാവാതെ തുടരും. ഞാനിവിടെ അവതരിപ്പിച്ച വീക്ഷണങ്ങളോടുള്ള, സാധുതയുള്ള എതിര്‍വാദമായി ന്യായമായും ഇതുന്നയിക്കപ്പെട്ടേക്കാം.''(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 314. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 23).
"ഡാര്‍വിന്‍ കൃതിയിലെ ഒമ്പതാം അധ്യായത്തിന്റെ തലക്കെട്ട് 'ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി' എന്നാണ്. ഫോസില്‍ ശൃംഖലയിലെ വിടവുകളെപ്പറ്റി ഡാര്‍വിന്‍ നല്‍കുന്ന വിശദീകരണങ്ങളാണ് അതിന്റെ ഉള്ളടക്കം. അദ്ദേഹം എഴുതി: 'വിശേഷരൂപങ്ങളുടെ വ്യതിരിക്തതയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്'' (ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ് 291. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).
"ഒരേ ഗ്രൂപ്പിലെ വിവിധ സ്പീഷ്യസുകള്‍ പഴക്കമേറിയ പാലിയോ സോയിക് കല്‍പത്തിന്റെ ആദ്യഘട്ടമായ സിലൂറിയന്‍ പാളികളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതായി അക്കാലത്തെ ഉത്ഖനനങ്ങള്‍ തെളിയിച്ചിരുന്നു. സിലൂറിയന് തൊട്ടുമുമ്പുള്ള ക്രസ്റേഷ്യന്‍ പാളിയില്‍ ഇവയുടെ മുന്‍ഗാമികളെ കാണേണ്ടിയിരുന്നു. പക്ഷേ, ലഭ്യമായില്ല. ഇതു ഗുരുതരമായ പ്രശ്നമാണെന്ന് സമ്മതിച്ചുകൊണ്ട് ഡാര്‍വിന്‍ എഴുതുന്നു: 'ഈ വിസ്തൃതമായ പ്രാഗ്ഘട്ടങ്ങളുടെ രേഖകള്‍ എന്തുകൊണ്ടു കാണുന്നില്ലെന്ന ചോദ്യത്തിന് സംതൃപ്തമായ ഉത്തരം നല്‍കാന്‍ എനിക്കു കഴിയില്ല''(ഒറിജിന്‍ ഓഫ് സ്പീഷ്യസ്, പേജ്, 313. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).
ചാള്‍സ് ഡാര്‍വിനു ശേഷം പരിണാമവാദത്തിന് ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ചിക്കാഗോ സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രവകുപ്പിന്റെ ചെയര്‍മാന്‍ ഡേവിഡ് എം. റൂപ്പ് എഴുതുന്നു: "തന്റെ സിദ്ധാന്തവും ഫോസില്‍ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന് സാമാന്യ പരിഹാരമായി ഫോസില്‍ രേഖ വളരെ അപൂര്‍വമാണെന്നാണ് ഡാര്‍വിന്‍ പറഞ്ഞത്. ഡാര്‍വിനുശേഷം നൂറ്റിരുപത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഫോസില്‍ രേഖയെപ്പറ്റിയുള്ള വിജ്ഞാനം വളരെയേറെ വികസിച്ചിട്ടുണ്ട്. നമുക്കിപ്പോള്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം ഫോസില്‍ സ്പീഷ്യസുകളുണ്ടെങ്കിലും സ്ഥിതി അത്രയൊന്നും മാറിയിട്ടില്ല. പരിണാമരേഖ ഇപ്പോഴും വിസ്മയിപ്പിക്കുംവിധം ഭംഗമുള്ളതാണ്. വിരോധാഭാസമെന്നോണം ഡാര്‍വിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ പരിണാമ ഉദാഹരണങ്ങളേ നമുക്കുള്ളൂ'' (Conflicts between Darwinism and Paloeantology Bullettin Field Museum of Natural History: 50 Jan 1979, P: 22 ഉദ്ധരണം Ibid പുറം 23).
ഡാര്‍വിനിസത്തില്‍ പരിണാമവാദികള്‍ക്കുതന്നെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല 1982-ല്‍ പുറത്തിറക്കിയ, പ്രമുഖ ജന്തുശാസ്ത്രജ്ഞനും പരിണാമവാദിയുമായ ഹൊവാഡിന്റെ ഡാര്‍വിനെ സംബന്ധിച്ച ജീവചരിത്ര കൃതിയിലിങ്ങനെ കാണാം: "ഡാര്‍വിന്റെ മരണശതാബ്ദിയോടെ വിജ്ഞാനത്തിനുള്ള ഡാര്‍വിന്റെ സംഭാവനയുടെ വിലയേയും നിലയേയും പറ്റി വ്യാപകമായ സംശയമനോഭാവവും അസ്വസ്ഥതയും ഉണ്ടായിവരുന്നു''(ഉദ്ധരണം: സൃഷ്ടിവാദവും പരിണാമവാദികളും, പുറം 54).
പ്രമുഖ ഫോസില്‍ ശാസ്ത്രജ്ഞരായ സ്റീഫന്‍ ഗൌള്‍ഡും നീല്‍സ് എല്‍ഡ്രൈഡ്ജും ഡാര്‍വിനിസത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ പുതിയ സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദികള്‍ക്കുപോലും തങ്ങള്‍ മുമ്പോട്ടുവച്ച സിദ്ധാന്തത്തിന്റെ ദൌര്‍ബല്യങ്ങളെക്കുറിച്ച് നന്നായറിയാം. സത്യസന്ധരായ ചിലരെങ്കിലും അത് തുറന്നുപറയാറുണ്ട്. പ്രശസ്ത പുരാജീവിശാസ്ത്രജ്ഞനും പരിണാമ വിശ്വാസിയുമായ ഡോ. കോളിന്‍ പാറ്റേഴ്സണ്‍ എഴുതിയ കത്തിലിങ്ങനെ കാണാം: "പക്ഷികളുടെയെല്ലാം മുന്‍ഗാമിയായിരുന്നുവോ ആര്‍ക്കിയോപ്ടെറിക്സ്? ഒരുപക്ഷേ, ആയിരിക്കാം. ഒരുപക്ഷേ അല്ലായിരിക്കാം. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല. ഒരു രൂപത്തില്‍നിന്നും മറ്റൊരു രൂപമുണ്ടായതെങ്ങനെയെന്നതിനെപ്പറ്റി കഥകള്‍ മെനയാന്‍ എളുപ്പമാണ്; പ്രകൃതിനിര്‍ധാരണം ഓരോ ഘട്ടത്തെയും എങ്ങനെയാണ് പിന്തുണച്ചതെന്നു പറയാനും. പക്ഷേ, അത്തരം കഥകള്‍ ശാസ്ത്രത്തിന്റെ ഭാഗമല്ല. കാരണം അവയെ പരീക്ഷണ വിധേയമാക്കാനാവില്ല'' (1979 ഏപ്രില്‍ 10-ലെ പാറ്റേഴ്സന്റെ കത്ത് v Scopes II The Great Debate pp. 14-15. ഉദ്ധരണം: Ibid പുറം 68).
പ്രമുഖ സൃഷ്ടിവാദ എഴുത്തുകാരനായ സുന്റര്‍ലാന്റിന്റെ കത്തിനുള്ള മറുപടിക്കത്തായിരുന്നു കോളിന്‍ പാറ്റേഴ്സന്റേത്. അതിലദ്ദേഹം ഇത്രകൂടി കുറിച്ചിടുകയുണ്ടായി: "പരിണാമപരമായ പരിവര്‍ത്തനങ്ങളുടെ നേരിട്ടുള്ള ഉദാഹരണങ്ങള്‍ എന്റെ പുസ്തകത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. ജീവിച്ചിരിക്കുന്നതോ ഫോസില്‍ രൂപത്തിലുള്ളതോ ആയ അത്തരം ഏതെങ്കിലും ഒന്നിനെക്കുറിച്ച് എനിക്കറിയാമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത് ഉള്‍പ്പെടുത്തുമായിരുന്നു. അത്തരം പരിവര്‍ത്തനങ്ങള്‍ ഒരു ആര്‍ട്ടിസ്റിനെക്കൊണ്ട് ഭാവനയില്‍ വരപ്പിച്ചുകൂടേയെന്ന് താങ്കള്‍ നിര്‍ദേശിക്കുന്നു. പക്ഷേ, അതേപ്പറ്റിയുള്ള വിവരങ്ങള്‍ അയാള്‍ക്ക് എവിടെനിന്ന് ലഭിക്കും? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് നല്‍കാനാവില്ല.''(Ibid പുറം 68)
ശാസ്ത്രത്തിന്റെ കണ്ടെത്തലുകളൊക്കെ ഡാര്‍വിനിസത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്ന് അടുത്തകാലം വരെ ശക്തമായി വാദിച്ചിരുന്ന ഡോ. എ.എന്‍. നമ്പൂതിരിപോലും മറിച്ചുപറയാന്‍ നിര്‍ബന്ധിതനാവുകയുണ്ടായി. അദ്ദേഹം എഴുതി: "ശാസ്ത്രരംഗത്തെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ഊര്‍ജസ്വലമായി നിലനിര്‍ത്താനും ഡാര്‍വിനിസത്തിനു ഇതുവരെ കഴിഞ്ഞു. അടുത്തകാലത്താണ് ചിത്രം മാറിയത്. ഇപ്പോഴും ഡാര്‍വിനിസത്തിന്റെ പ്രഭയ്ക്ക് പൊതുവെ മങ്ങലേറ്റിട്ടില്ല. എങ്കിലും ജീവന്റെ ചരിത്രത്തിലെ ചില ഘട്ടങ്ങളിലെങ്കിലും പരിണാമത്തിന്റെ പ്രവര്‍ത്തനരീതി ഡാര്‍വിന്‍ സങ്കല്‍പത്തിന് അനുയോജ്യമല്ല എന്ന സൂചനകളുണ്ട്. ഡാര്‍വിനിസം നേരിടുന്ന ആദ്യത്തെ പ്രതിസന്ധി.'' (ഡാര്‍വിനിസം വഴിത്തിരിവില്‍, കലാകൌമുദി 1076, പേജ് 19).
ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാല്‍ പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തില്‍നിന്ന് ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല. ഉദാഹരണത്തിന് ഒന്നുമാത്രമിവിടെ ഉദ്ധരിക്കാം."ജീവികളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അനുകൂല വ്യതിയാനങ്ങളെ പ്രകൃതിനിര്‍ധാരണം വഴി അതിജീവിപ്പിക്കുന്നതിനാല്‍ അവ പാരമ്പര്യമായി കൈമാറപ്പെടുന്നു. അനുകൂലഗുണങ്ങള്‍ സ്വരൂപിക്കപ്പെട്ട് പുതിയ ജീവിവര്‍ഗങ്ങളുണ്ടാവുന്നു'' എന്നാണ് ഡാര്‍വിനിസത്തിന്റെ വാദം. ഇതു ശരിയാണെങ്കില്‍ ഏകദേശം മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ (ഇന്നും നിലനില്‍ക്കുന്ന) ഏകകോശ ലളിതജീവികളായ അമീബകള്‍ എന്തുകൊണ്ടവശേഷിച്ചു? ഇന്നു കാണപ്പെടുന്ന അമീബകളുടെ മുന്‍തലമുറകളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? അവ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കാതെ പ്രതികൂല പരിതഃസ്ഥിതികളെ എങ്ങനെ അതിജീവിച്ചു? മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം നിലനിന്ന ഏകകോശങ്ങളുടെ ഒരു ശ്രേണി അതേപടി തുടരുകയും മറ്റൊരു ശ്രേണി അസംഖ്യം പുതിയ സ്പീഷ്യസുകളിലൂടെ സസ്തനികളിലെത്തുകയും ചെയ്തതെന്തുകൊണ്ട്? ഇത്തരം ചോദ്യങ്ങള്‍ ഡാര്‍വിനിസത്തിന്റെ സൈദ്ധാന്തിക ശേഷിയെ പരീക്ഷിക്കുന്നവയാണ്. ഈ വസ്തുത തന്നെ കുഴക്കുന്നതായി ഡാര്‍വിന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. 1860 മെയ് 22-ന് ഡാര്‍വിന്‍ അദ്ദേഹത്തിന്റെ പിന്തുണക്കാരനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സസ്യശാസ്ത്രജ്ഞനുമായിരുന്ന അസാഗ്രേക്ക് എഴുതി: "കത്തുകളില്‍നിന്നും അഭിപ്രായ പ്രകടനങ്ങളില്‍നിന്നും മനസ്സിലാകുന്നതിനനുസരിച്ച് എന്റെ കൃതിയുടെ ഏറ്റവും വലിയ പോരായ്മ എല്ലാ ജൈവരൂപങ്ങളും പുരോഗമിക്കുന്നുവെങ്കില്‍ പിന്നെ ലളിതമായ ജൈവരൂപങ്ങള്‍ എന്തിനു നിലനില്‍ക്കുന്നു എന്നു വിശദീകരിക്കാന്‍ കഴിയാതെ പോയതാണ്.''(ഫ്രാന്‍സിസ് ഡാര്‍വിന്‍ എഡിറ്റു ചെയ്ത The life and letters of Charls Darwin എന്ന കൃതിയില്‍നിന്ന്, എന്‍. എം. ഹുസൈന്‍, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 18,19).
പരിണാമവാദികള്‍ ആദ്യകാലത്ത് തങ്ങളുടെ വാദത്തിന് തെളിവായി എടുത്തുകാണിച്ചിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യരുടെ ഫോസിലുകള്‍ കണരോഗം ബാധിച്ച സാധാരണ മനുഷ്യരുടെ അസ്ഥികള്‍ ചേര്‍ത്തുവെച്ചതാണെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. അതോടെ മൃഗഛായയുള്ള നിയാണ്ടര്‍താല്‍ മനുഷ്യന്റെ കഥയും കണ്ണിയും അറ്റുപോയി കഥാവശേഷമായി. പകരമൊന്നു വയ്ക്കാനിന്നോളം പരിണാമവാദികള്‍ക്കു സാധിച്ചിട്ടില്ല. ഇപ്രകാരംതന്നെയാണ് ഹല്‍ട്ട് മനുഷ്യന്റെ കഥയും. മനുഷ്യനും ആള്‍ക്കുരങ്ങനുമിടയിലെ പ്രസിദ്ധമായൊരു കണ്ണിയായാണ് പരിണാമവാദികള്‍ ഹല്‍ട്ട് മനുഷ്യനെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആള്‍ക്കുരങ്ങിന്റെ താടിയെല്ല് മനുഷ്യന്റെ തലയോട്ടില്‍ ഘടിപ്പിച്ച് കൃത്രിമമായി ഉണ്ടാക്കിയതാണ് ഈ അര്‍ധ മനുഷ്യ ഫോസിലെന്ന് പിന്നീട് തെളിയിക്കപ്പെടുകയുണ്ടായി. ഇതെല്ലാം പരിണാമവാദത്തെ കഥാവശേഷമാക്കുന്നതില്‍ അതിപ്രധാനമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍, പരിണാമവാദത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിന്‍ബലമോ ഇല്ല. കേവലം വികല ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്. അതിന്റെ വിശ്വാസ്യത അടിക്കടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരമൊന്നിനെ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ എന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ല. പരിണാമ സങ്കല്പം ഒരു സിദ്ധാന്തമായി തെളിയിക്കപ്പെടുമ്പോഴേ അതിന്റെ നേരെയുള്ള ഇസ്ലാമിന്റെ സമീപനം വിശകലനം ചെയ്യുന്നതിലര്‍ഥമുള്ളൂ.

No comments:

Post a Comment