Saturday, April 10, 2010

ഇസ്ലാമും ഭീകരവാദവും

ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ്ലാമല്ലേ?
 അല്പം വിശദീകരണമര്‍ഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നല്‍കിപ്പോന്ന മുസ്ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചത്. സ്പെയിനിന്റെ പതനം പൂര്‍ത്തിയായ അതേ വര്‍ഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ. 1492-ലാണല്ലോ കൊളംബസ് തന്റെ 'കണ്ടെത്തല്‍' യാത്രക്ക് തുടക്കം കുറിച്ചത്.
അതേവര്‍ഷം ഒക്ടോബര്‍ 12-ന് അയാള്‍ ഗ്വാനാഹാനി ദ്വീപിലെത്തി. ആയുധങ്ങളുമായി കപ്പലിറങ്ങിയ കൊളംബസും കൂട്ടുകാരും, അതുമുതല്‍ ആ നാട് സ്പാനിഷ് രാജാവിന്റെതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. തദ്ദേശീയരെ അവര്‍ക്കറിയാത്ത സ്പാനിഷ് ഭാഷയിലുള്ള ഉത്തരവ് വായിച്ചുകേള്‍പ്പിച്ചു. അത് അനുസരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഇങ്ങനെ വിശദീകരിച്ചു: "ഞാന്‍ ഉറപ്പിച്ചു പറയുന്നു, ദൈവസഹായത്താല്‍ ഞങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ബലമായി പ്രവേശിക്കും. നിങ്ങളോട് ആവുംവിധം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യന്‍ പള്ളിക്കും തമ്പ്രാക്കന്മാര്‍ക്കും കീഴ്പെടുത്തും. നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും. നിങ്ങളുടെ സാമാനങ്ങള്‍ പിടിച്ചടക്കും. ഞങ്ങളാലാവുന്ന എല്ലാ ദ്രോഹവും നാശവും നിങ്ങള്‍ക്ക് വരുത്തും''((David E Stannard, American Holocaust, The conquest of the New World, OUP 1993, P 66) ( ഉദ്ധരണം: പരാന്നഭോജികള്‍: പാശ്ചാത്യവല്‍ക്കരണത്തിന്റെ അഞ്ഞൂറു വര്‍ഷം, ഐ.പി.എച്ച്, പുറം 17)
ഇതോടെയാണ് യൂറോപ്പിന്റെ അധിനിവേശം ആരംഭിച്ചത്. മുസ്ലിം സ്പെയിന്‍ തകര്‍ന്ന് കൃത്യം ആറുവര്‍ഷം കഴിഞ്ഞ് 1498-ലാണല്ലോ വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്.
1492-ല്‍ അമേരിക്കയില്‍ ഏഴരകോടിക്കും പത്തുകോടിക്കുമിടയില്‍ ആദിവാസികളുണ്ടായിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഒന്നര നൂറ്റാണ്ടുകൊണ്ട് അവരില്‍ 90 ശതമാനവും സ്വന്തം മണ്ണില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ക്രൂരമായ കൂട്ടക്കൊലകളിലൂടെ തദ്ദേശീയരെ നശിപ്പിച്ചശേഷം 1776-ലെ 'സ്വാതന്ത്യ്രപ്രഖ്യാപനത്തോടെ' യൂറോപ്യര്‍ അമേരിക്ക അധീനപ്പെടുത്തുകയായിരുന്നു. തീര്‍ത്തും അനീതിയിലും അതിക്രമത്തിലും അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തിലൂടെയാണ് ഇന്നത്തെ അമേരിക്ക സ്ഥാപിതമായത്.
1527-ല്‍ പോര്‍ച്ചുഗീസുകാര്‍ ബഹ്റൈന്‍ പിടിച്ചടക്കി. തൊട്ടുടനെ ഒമാനും കീഴ്പ്പെടുത്തി. എങ്കിലും ഉസ്മാനികള്‍ ആ നാടുകള്‍ തിരിച്ചുപിടിച്ചു. പിന്നീട് 1798-1801 കാലത്ത് നെപ്പോളിയന്റെ ഫ്രഞ്ച് സേന ഈജിപ്തിലെ അലക്സാണ്ട്രിയ, അക്കാ നഗരങ്ങള്‍ അധീനപ്പെടുത്തി.
പിന്നിട്ട രണ്ട് നൂറ്റാണ്ടുകള്‍ അറബ് -മുസ്ലിം നാടുകള്‍ ഇതര ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെത്തന്നെ പാശ്ചാത്യാധിനിവേശത്തിന്റേതായിരുന്നു. ഫ്രാന്‍സ് 1830-ല്‍ അള്‍ജീരിയയും 1859-ല്‍ ജിബൂട്ടിയും 1881-ല്‍ തുനീഷ്യയും 1919-ല്‍ മൌറിത്താനിയയും അധീനപ്പെടുത്തി. ഇറ്റലി 1859-ല്‍ സോമാലിയയും 1911-ല്‍ ലിബിയയും 1880-ല്‍ ഐരിത്രിയയും കീഴ്പ്പെടുത്തി. ബ്രിട്ടന്‍ 1800-ല്‍ മസ്കത്തും 1820-ല്‍ ഒമാന്റെ ബാക്കി ഭാഗവും 1839-ല്‍ ഏതനും 1863-ല്‍ ബഹ്റൈനും 1878-ല്‍ സൈപ്രസും 1882-ല്‍ ഈജിപ്തും 1898-ല്‍ സുഡാനും 1899-ല്‍ കുവൈതും പിടിച്ചടക്കി. 1916-ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ സൈക്സ്-പിക്കോട്ട് രഹസ്യ കരാറനുസരിച്ച് ഉസ്മാനിയാ ഖലീഫയുടെ കീഴിലുണ്ടായിരുന്ന അറബ് പ്രവിശ്യകള്‍ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടെടുത്തു. അങ്ങനെ ഇറാഖും ജോര്‍ദാനും ഫലസ്തീനും ഖത്തറും ബ്രിട്ടന്റെയും സിറിയയും ലബനാനും ഫ്രാന്‍സിന്റെയും പിടിയിലമര്‍ന്നു. മൊറോക്കോ സ്പെയിനിന്റെയും ഇന്തോനേഷ്യ ഡച്ചുകാരുടെയും കോളനികളായി. ഇന്ത്യയും അഫ്ഗാനിസ്ഥാനുമെല്ലാം സാമ്രാജ്യശക്തികളുടെ പിടിയിലമര്‍ന്നപോലെത്തന്നെ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടതോടെ പടിഞ്ഞാറിന്റെ കോളനികളിലെല്ലാം സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു. തദ്ഫലമായി 1932-ല്‍ ഇറാഖും '46-ല്‍ സിറിയയും ലബനാനും '51-ല്‍ ലിബിയയും ഒമാനും '52-ല്‍ ഈജിപ്തും '56-ല്‍ മൊറോക്കോയും സുഡാനും തുനീഷ്യയും '58-ല്‍ ജോര്‍ദാനും '59-ല്‍ മൌറിത്താനിയയും '60-ല്‍ സോമാലിയയും '61-ല്‍ കുവൈത്തും '62-ല്‍ അള്‍ജീരിയയും '68-ല്‍ യമനും '71-ല്‍ ഖത്തറും ബഹ്റൈനും അറബ് എമിറേറ്റ്സും '77-ല്‍ ജിബൂട്ടിയും സ്വാതന്ത്യ്രം നേടി.
എന്നാല്‍, സാമ്രാജ്യശക്തികള്‍ ഈ നാടുകളോട് വിടപറഞ്ഞത് അവിടങ്ങളിലടക്കം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏകാധിപതികളും സ്വേച്ഛാധികാരികളുമായ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും സുല്‍ത്താന്മാരെയും പ്രതിഷ്ഠിച്ച ശേഷമായിരുന്നു. അതോടൊപ്പം ഈ നാടുകള്‍ക്കിടയിലെല്ലാം അപരിഹാര്യങ്ങളായ അതിര്‍ത്തിത്തര്‍ക്കങ്ങളും ഉണ്ടാക്കിവെച്ചു. യമനും സൌദി അറേബ്യയും തമ്മിലും ഇറാനും ഇറാഖും തമ്മിലും ഇറാഖും കുവൈത്തും തമ്മിലും ഇറാനും യു.എ.ഇയും തമ്മിലും ഇനിയും പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കാനുള്ള കാരണം സാമ്രാജ്യത്വശക്തികള്‍ ചെയ്തുവെച്ച കുതന്ത്രങ്ങളത്രെ. അറബ്-മുസ്ലിം നാടുകള്‍ ഒന്നിക്കുന്നതിന് ഈ അതിര്‍ത്തി തര്‍ക്കങ്ങള്‍ സ്ഥിരമായ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പലപ്പോഴും കിടമല്‍സരത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കക്കും ഇതര മുതലാളിത്ത നാടുകള്‍ക്കും അവിടങ്ങളിലെ പെട്രോളും വാതകവും ഇതര അസംസ്കൃത പദാര്‍ഥങ്ങളും തട്ടിയെടുക്കാനും ആ നാടുകളെ തങ്ങളുടെ ആയുധക്കമ്പോളമാക്കി മാറ്റാനും ഇത് അവസരമൊരുക്കുന്നു.
സാമ്രാജ്യശക്തികള്‍ തന്നെ സൃഷ്ടിച്ച തര്‍ക്കത്തിന്റെ പേരിലാണല്ലോ ഇറാഖും കുവൈത്തും തമ്മിലേറ്റുമുട്ടിയത്. ഇത് അമേരിക്കക്ക് മേഖലയില്‍ ഇടപെടാന്‍ അവസരമൊരുക്കി. അതുതന്നെയായിരുന്നുവല്ലോ അവരുടെ ലക്ഷ്യം. അറബ്-മുസ്ലിം നാടുകള്‍ സ്വാതന്ത്യ്രം നേടിയശേഷവും അവിടങ്ങളിലെല്ലാം പടിഞ്ഞാറിന്റെ അദൃശ്യസാമ്രാജ്യത്വവും ചൂഷണവും നിയന്ത്രണവും ഇന്നോളം നിലനിന്നുപോന്നിട്ടുണ്ട്. ആ രാജ്യങ്ങള്‍ക്കൊന്നും തന്നെ സ്വന്തം നാടുകളിലെ വിഭവങ്ങള്‍ ഇഷ്ടാനുസൃതം വിനിയോഗിക്കാനോ നിയന്ത്രിക്കാനോ സാധിച്ചിട്ടില്ല. അവിടങ്ങളിലെ ഭരണാധികാരികള്‍ അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധിതമായോ അല്ലാതെയോ പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുവരികയായിരുന്നു.
ഇറാഖില്‍ ഇടപെടാന്‍ അവസരം ലഭിച്ചതോടെ അമേരിക്ക അറബ് നാടുകളുടെ മേലുള്ള പിടിമുറുക്കുകയും തങ്ങളുടെ പട്ടാളത്തെ തീറ്റിപ്പോറ്റുന്ന ചുമതലയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബാധ്യതയും ആ നാടുകളുടെ മേല്‍ വെച്ചുകെട്ടുകയും ചെയ്തു. ഇന്ന് എല്ലാ പ്രധാന അറബ് നാടുകളിലും അമേരിക്കക്ക് ആയുധശാലകളും സൈനികത്താവളങ്ങളുമുണ്ട്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ സാമ്രാജ്യത്വ ചൂഷണത്തിന് അറുതിവരുത്തണമെന്ന് വാദിക്കുന്നതും കൊടിയ പാതകമായാണ് പാശ്ചാത്യസാമ്രാജ്യ ശക്തികള്‍ കണക്കാക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനദശകം വരെ ലോകത്ത് ശാക്തികമായ സന്തുലിതത്വം നിലനിന്നിരുന്നു. എന്നാല്‍ സോഷ്യലിസ്റ് ചേരി ദുര്‍ബലമായി ചരിത്രത്തിന്റെ ഭാഗമായതോടെ ശീതസമരം അവസാനിച്ചു. ലോകം അമേരിക്കയുടെ നേതൃത്വത്തില്‍ ഏകധ്രുവമായി മാറി. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ചേരി വിജയിച്ചതോടെ ആ രാജ്യം ലോകപോലീസ് ചമയാന്‍ തുടങ്ങി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും അവരെയൊക്കെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.
പാശ്ചാത്യ ചേരി കമ്യൂണിസ്റ് നാടുകളുടെ തകര്‍ച്ചയോടെ തങ്ങളുടെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചത് ഇസ്ലാമിനെയാണ്. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള നാറ്റോയും ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലോകമെങ്ങുമുള്ള ഇസ്ലാമിക നവോത്ഥാന ചലനങ്ങളെയും മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താനും നശിപ്പിക്കാനും അമേരിക്കയും കൂട്ടാളികളും ആവുന്നതൊക്കെ ചെയ്യുന്നു. അതിനായി ആടിനെ പട്ടിയാക്കും വിധമുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ മതമൌലികവാദം, മതഭ്രാന്ത്, ഭീകരത, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ നിരന്തരം നിര്‍ലോഭം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 1993-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു പുറത്തിറക്കിയ കേവലം 93 പുറങ്ങളുള്ള 'പുതിയ ലോക ഇസ്ലാമിസ്റുകള്‍' എന്ന ഔദ്യോഗിക രേഖയില്‍ 288 പ്രാവശ്യം ഭീകരത, ഭീകരര്‍ എന്നീ പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. സയണിസ്റ് പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തുന്ന ഫാന്‍ഫോറെയ്സ്റ്, യോസഫ് സോദാന്‍സ്കി എന്നിവരാണ് പ്രസ്തുത രേഖ തയ്യാറാക്കിയത്.
യഥാര്‍ഥത്തില്‍ ആരാണ് ലോകത്ത് കൂട്ടക്കൊലകളും യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നത്? ഒന്നാം ലോകയുദ്ധത്തില്‍ 80 ലക്ഷവും രണ്ടാം ലോകയുദ്ധത്തില്‍ അഞ്ചുകോടിയും വിയറ്റ്നാമില്‍ മുപ്പതു ലക്ഷവും കൊല്ലപ്പെട്ടു. പനാമയിലും ഗോട്ടിമലയിലും നിക്കരാഗ്വയിലും കമ്പൂച്ചിയയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അനേകലക്ഷങ്ങള്‍ അറുകൊല ചെയ്യപ്പെടുകയുണ്ടായി. ഇതിലൊന്നും ഇസ്ലാമിന്നോ മുസ്ലിംകള്‍ക്കോ ഒരു പങ്കുമില്ല.
ജപ്പാന്‍ യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച കൊടും ഭീകരനായ അമേരിക്കതന്നെയാണ് ഇന്നും ആ പേരിന്നര്‍ഹന്‍. തങ്ങളുടെ കുടില താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന എല്ലാ നാടുകളെയും സമൂഹങ്ങളെയും ആ രാജ്യം എതിര്‍ക്കുന്നു. സ്വന്തം വരുതിയില്‍ വരാത്ത നാടുകളിലെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ചാരസംഘടനയായ സി.ഐ.എയെയും ഭീകരപ്രവര്‍ത്തകരായ സയണിസ്റുകളെയും അതിനായി ഉപയോഗിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പോലും ലോകത്ത് യുദ്ധങ്ങളുണ്ടാക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മിസ്റര്‍ റോസ്പെറോ പറയുന്നു: "ആഭ്യന്തരസ്ഥിതി മോശമാകുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനായി ഞങ്ങള്‍ ലോകത്ത് കൊച്ചുകൊച്ചു യുദ്ധങ്ങള്‍ സംഘടിപ്പിക്കുന്നു.''
ഇവ്വിധം കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അമേരിക്ക ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. ഇത്തരമൊരു ഭീകരരാഷ്ട്രത്തിന്റെ പ്രചാരണമാണ് ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ വളര്‍ന്നുവരാനിടവരുത്തിയത്. എല്ലാ വിധ പ്രചാരണോപാധികളും കയ്യടക്കിവെക്കുന്ന അമേരിക്കയുടെ കുടിലതന്ത്രങ്ങള്‍ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അനല്പമായ പങ്കുവഹിക്കുകയാണുണ്ടായത്.
യഥാര്‍ഥത്തില്‍, ഇന്ന് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരകൃത്യം നടത്തുന്നത് സമാധാനത്തിന്റെ സംരക്ഷകരായി അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌണ്‍സിലാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണാധികാരിയോടുള്ള ശത്രുതയുടെ പേരില്‍ ആ രാജ്യത്തിന്റെ യാത്രാവിമാനം തട്ടിക്കൊണ്ടുപോയി അതിലെ നാനൂറോ അഞ്ഞൂറോ ആളുകളെ ബന്ദികളാക്കിയാല്‍ നാമവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കും. തീര്‍ച്ചയായും അത് ശരിയുമാണ്. നിരപരാധരായ യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ക്രൂരതയാണ്; മനുഷ്യവിരുദ്ധവും. അതുകൊണ്ടുതന്നെ മതവിരുദ്ധവുമാണ്. എന്നാല്‍ സദ്ദാം ഹുസൈന്‍ എന്ന ഒരു ഭരണാധികാരിയോടുള്ള വിരോധത്തിന്റെ പേരില്‍ ഇറാഖിലെ ഒന്നേകാല്‍ കോടി മനുഷ്യരെ കഴിഞ്ഞ പതിനൊന്നുവര്‍ഷം ആഹാരവും മരുന്നും കൊടുക്കാതെ ഐക്യരാഷ്ട്രസഭ ബന്ദികളാക്കുകയും ആറുലക്ഷം കുട്ടികളുള്‍പ്പെടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കുകയും ചെയ്തു. ഇവ്വിധം ലോകത്തിലെ ഏറ്റം ക്രൂരനായ കൊലയാളിയും കൊടുംഭീകരനുമായി മാറിയ സെക്യൂരിറ്റി കൌണ്‍സില്‍ ഇപ്പോഴും സമാധാനത്തിന്റെ കാവല്‍ക്കാരായാണ് അറിയപ്പെടുന്നതെന്നത് എത്രമാത്രം വിചിത്രവും വിരോധാഭാസവുമാണ്. അമേരിക്കയുടേതല്ലാത്ത ഒരു മാനദണ്ഡവും അളവുകോലും ലോകത്തിന് ഇന്നില്ല എന്നതാണ് ഇതിനു കാരണം.
മുസ്ലിംകളില്‍ തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആയി ആരുമില്ലെന്ന് അവകാശപ്പെടാനാവില്ല. ഇസ്ലാമിനെ ഏറെ കളങ്കപ്പെടുത്തുകയും അതിന്റെ പ്രതിഛായ തകര്‍ക്കുകയും ചെയ്യുന്ന അപക്വവും വിവേകരഹിതവുമായ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഒറ്റപ്പെട്ട ചിലരെ അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞേക്കും. മുസ്ലിം നാടുകളില്‍ അത്തരം ഭീകരപ്രവര്‍ത്തനങ്ങളും തീവ്രവാദചിന്തകളും വളര്‍ന്നുവരാന്‍ കാരണം, അവിടങ്ങളിലെ ഏകാധിപത്യ-സ്വേഛാധിപത്യ ഭരണകൂടങ്ങളും അവയുടെ കൊടിയ തിന്മകളുമാണ്. ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ജനാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും വ്യവസ്ഥാമാറ്റത്തിനുമായി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി നടത്തിപ്പോന്ന ശ്രമങ്ങള്‍ സാമ്രാജ്യ ശക്തികളുടെ ഇടപെടല്‍കാരണം പരാജയമടഞ്ഞതിനാല്‍ ക്ഷമകെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ തീവ്രവാദസമീപനം സ്വീകരിക്കുകയാണുണ്ടായത്. മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍ ഭൂരിപക്ഷത്തോടൊപ്പം ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന കൊടുംഭീകരവൃത്തികളാണ് ചില ചെറുപ്പക്കാരെ തുല്യനിലയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചാണ് തല്‍പര കക്ഷികള്‍ ഇസ്ലാമിനെതിരെ ഭീകരതയും തീവ്രവാദവും ആരോപിക്കുന്നത്.
ഇസ്ലാം എല്ലാവിധ ഭീകരതക്കും എതിരാണ്- വ്യക്തികളുടെയും സംഘടിത പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും. ഭീകരതയെയും തീവ്രവാദത്തെയും അത് തീര്‍ത്തും നിരാകരിക്കുകയും ശക്തിയായി എതിര്‍ക്കുകയും ചെയ്യുന്നു. നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനും ഇടവരുത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതുപോലെയും, ഒരാള്‍ക്കു ജീവനേകുന്നത് മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതമേകുന്നതുപോലെയുമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.(5: 32)
അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആവുക സാധ്യമല്ല. അതോടൊപ്പം ലോകമെങ്ങും മുസ്ലിംകള്‍ ഭീകരപ്രവര്‍ത്തകരാണെന്നത് അമേരിക്കയുടെയും കൂട്ടാളികളുടെയും അവയുടെ മെഗഫോണുകളാകാന്‍ വിധിക്കപ്പെട്ട പൌരസ്ത്യനാടുകളുടെ അടിയാളസമൂഹങ്ങളുടെയും പ്രചാരണം മാത്രമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.(വിശദമായ പഠനത്തിന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഭീകരവാദവും ഇസ്ലാമും', 'ഖുര്‍ആന്റെ യുദ്ധസമീപനം' എന്നീ കൃതികള്‍ കാണുക.)

ബലിയുടെ ആത്മാവ്

എന്നാലും ഹജ്ജിലും പെരുന്നാളിലും നടത്തുന്ന ബലികര്‍മം ശരിയാണോ? എന്തിനാണിത്ര കൂടുതല്‍ ജീവികളെ കൊല്ലുന്നത്?
ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇടനാഴികകളില്‍ ഇടക്കിടെ നടന്നുകൊണ്ടിരുന്ന നരബലിയെന്ന അത്യാചാരത്തിന് അറുതിവരുത്തിയ മഹല്‍സംഭവത്തിന്റെ അനുസ്മരണമാണ് ഇസ്ലാമിലെ ബലി. ഒപ്പം അസദൃശമായ ആത്മത്യാഗത്തിന്റെ ഓര്‍മപുതുക്കലിലൂടെയുള്ള സമര്‍പ്പണപ്രതിജ്ഞയും.
പ്രായമേറെയായിട്ടും ഇബ്റാഹീം പ്രവാചകന്നു സന്താനങ്ങളുണ്ടായില്ല. അതീവ ദുഃഖിതനായ അദ്ദേഹം ദൈവത്തോടു സന്താനലബ്ധിക്കായി മനംനൊന്തു കേണു. നിരന്തര പ്രാര്‍ഥനക്കൊടുവില്‍ പ്രപഞ്ചനാഥന്‍ അദ്ദേഹത്തിന് ഒരു മകനെ പ്രദാനം ചെയ്തു. ഇസ്മാഈല്‍ എന്നു വിളിക്കപ്പെട്ട ആ ഇഷ്ടപുത്രന്‍ കൂടെ നടക്കാറായപ്പോള്‍ അവനെ ബലി നല്‍കണമെന്ന ദൈവശാസനയുണ്ടായി. പിതാവും പുത്രനും ദൈവകല്‍പന പാലിച്ച് ബലിക്കൊരുങ്ങി. അപ്പോള്‍, മകനെ അറുക്കേണ്ടതില്ലെന്നും പകരം മൃഗത്തെ ബലിനല്‍കിയാല്‍ മതിയെന്നും ദൈവശാസനയുണ്ടായി.
'എന്തുകിട്ടു'മെന്ന ചോദ്യമുണര്‍ത്താനാണല്ലോ ഭൌതികജീവിതവീക്ഷണം മനുഷ്യനെ എപ്പോഴും പ്രേരിപ്പിക്കുക. എന്നാല്‍, 'എന്തു നല്‍കാനാവും' എന്ന ചിന്തയും ചോദ്യവുമാണ് മതം എപ്പോഴും വിശ്വാസികളിലുണര്‍ത്തുക. അതിനു 'പ്രയാസപ്പെട്ടതെന്തും' എന്ന് ജീവിതത്തിലൂടെ മറുപടി നല്‍കാനുള്ള പ്രചോദനമാണ് ബലി സൃഷ്ടിക്കുന്നത്.
തനിക്കേറ്റം പ്രിയപ്പെട്ടതുള്‍പ്പെടെ എന്തും ദൈവത്തിനു സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്റാഹീം പ്രവാചകന്റെ ത്യാഗപൂര്‍ണമായ ഈ പ്രവൃത്തിയുടെ പ്രതീകാത്മകമായ ആവര്‍ത്തനമാണ് ഹജ്ജിലെയും അതിനോടനുബന്ധിച്ച പെരുന്നാളിലെയും ബലി. തനിക്കേറ്റം ഇഷ്ടപ്പെട്ടതുള്‍പ്പെടെ ആവശ്യമായതൊക്കെ നല്‍കാന്‍ ഒരുക്കമാണെന്നതിന്റെ പ്രതിജ്ഞയും പ്രഖ്യാപനവുമാണത്. പണമോ പദവിയോ പ്രതാപമോ പ്രശസ്തിയോ പെണ്ണോ പൊന്നോ കുലമോ കുടുംബമോ അന്തസ്സോ അധികാരമോ ഒന്നും തന്നെ ദൈവഹിതത്തിനെതിരായ ജീവിതത്തിനു കാരണമാവില്ലെന്ന ദൃഢവിശ്വാസത്തിന്റെ പ്രകാശനം കൂടി അതിലുണ്ട്.
സര്‍വപ്രധാനമെന്ന് കരുതുന്നവയുടെ സമര്‍പ്പണമാണല്ലോ ഏവര്‍ക്കും ഏറെ പ്രയാസകരം. താനതിനൊരുക്കമാണെന്ന് വിശ്വാസി ബലിയിലൂടെ വിളംബരം ചെയ്യുന്നു. പ്രത്യക്ഷത്തില്‍ അതൊരു ജീവന്‍ ഹനിക്കലാണ്. എന്നാല്‍, അതിന്റെ ആന്തരാര്‍ഥം അതിമഹത്തരമത്രെ. പ്രപഞ്ചനാഥന്റെ പ്രീതിക്കായി ഏറെ പ്രിയംകരമായതൊക്കെ കൊടുക്കാനും പ്രയാസകരമായത് ചെയ്യാനും തയ്യാറാണെന്ന പ്രതിജ്ഞയും അതുള്‍ക്കൊള്ളുന്നു. അതിനാലാണ് ഖുര്‍ആന്‍ അതിനെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞത്: "അവയുടെ മാംസമോ രക്തമോ ദൈവത്തെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ അര്‍പ്പണബോധമാകുന്നു.''(22: 37)
ഇസ്ലാമിലെ ദൈവാരാധനകളേറെയും സമൂഹത്തിനു പൊതുവിലും അവരിലെ അഗതികള്‍ക്കും അശരണര്‍ക്കും വിശേഷിച്ചും ഗുണം ചെയ്യുന്നവയാണ്. ബലിയും അവ്വിധം തന്നെ. അല്ലാഹു ആജ്ഞാപിക്കുന്നു: "അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിക്കുക. പ്രയാസപ്പെടുന്ന ആവശ്യക്കാരെ ആഹരിപ്പിക്കുകയും ചെയ്യുക.''(ഖുര്‍ആന്‍ 22: 28)
സന്തോഷത്തിന്റെ സന്ദര്‍ഭങ്ങളിലെല്ലാം ദൈവത്തോടുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമായി അവന്റെ സൃഷ്ടികളായ മനുഷ്യര്‍ക്ക്; പ്രത്യേകിച്ചും അവരിലെ പാവങ്ങള്‍ക്ക് അന്നദാനം നടത്തുന്നത് നല്ലതാണെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു. ആഹാരപദാര്‍ഥങ്ങളില്‍ ഏറ്റം പോഷകാംശമുള്ളതും ഉത്തമവും മാംസഭക്ഷണമായതിനാല്‍ അതു നല്‍കുന്നതില്‍ ഉദാരമതികളായ വിശ്വാസികള്‍ നിഷ്കര്‍ഷത പുലര്‍ത്തുകയും ചെയ്യുന്നു. ലോകത്തിന്റെ ഏതു ഭാഗത്തെ, ഏതു ജനവിഭാഗത്തിന്റേതായാലും മാംസവിഭവങ്ങളില്ലാത്ത സല്‍ക്കാരത്തളികകള്‍ വളരെ വളരെ വിരളമത്രെ.

ബലികര്‍മവും ജീവകാരുണ്യവും

കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത് ക്രൂരതയല്ലേ? അവയെ അറുക്കുന്നത് ശരിയാണോ?
ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്ലാം കല്പിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: "ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.''(ത്വബ്റാനി)
"കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.''(ബുഖാരി, മുസ്ലിം)
"നിര്‍ഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.''(അബൂദാവൂദ്)
ഭൂമിയിലെ ജീവികളെയെല്ലാം ഇസ്ലാം മനുഷ്യരെപ്പോലുള്ള സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു: "ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു.''(ഖുര്‍ആന്‍ 6: 38)
മനുഷ്യര്‍ ധിക്കാരികളാകുമ്പോഴും മഴവര്‍ഷിക്കുന്നത് ഇതര ജീവികളെ പരിഗണിച്ചാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. "ജനം സകാത്ത് നല്കാതിരുന്നാല്‍ മഴ നിലക്കുമായിരുന്നു. ജന്തുക്കള്‍ കാരണമായാണ് എന്നിട്ടും മഴ വര്‍ഷിക്കുന്നത്.''(ഇബ്നുമാജ)
ജീവനുള്ള ഏതിനെ സഹായിക്കുന്നതും സേവിക്കുന്നതും പുണ്യകര്‍മമത്രെ. പ്രവാചകന്‍ പറയുന്നു: "പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങള്‍ക്കു പുണ്യമുണ്ട്.''(ബുഖാരി)
നബിതിരുമേനി അരുള്‍ ചെയ്യുന്നു: "ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. 'ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ!' എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്കു പൊറുത്തു കൊടുത്തു.'' ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.''(ബുഖാരി, മുസ്ലിം)
മറ്റൊരു സംഭവം പ്രവാചകന്‍ ഇങ്ങനെ വിവരിക്കുന്നു: "ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അതു ചാവാറായിരുന്നു. അതുകണ്ട ഇസ്റാഈല്യരില്‍പെട്ട ഒരു വ്യഭിചാരി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു.''(ബുഖാരി)
ഏതു ജീവിയേയും ദ്രോഹിക്കുന്നത് പാപമാകുന്നു. പ്രവാചകനത് ശക്തമായി വിലക്കുന്നു. നബിതിരുമേനി അരുള്‍ചെയ്യുന്നു: "പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നുചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവര്‍ നരകാവകാശിയായി.'' (ബുഖാരി, മുസ്ലിം)
"ഒരു കുരുവിയെയോ അതിനെക്കാള്‍ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്. 'ന്യായമായ ആവശ്യമെന്തെന്ന്' ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞു: ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.''(അഹ്മദ്)
വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു. (മുസ്ലിം, തിര്‍മുദി)
ഇപ്രകാരം തന്നെ മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു.(മുസ്ലിം, അബൂദാവൂദ്)
നബിതിരുമേനി അരുള്‍ ചെയ്യുന്നു: "ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാല്‍ അന്ത്യദിനത്തില്‍ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും: എന്റെ നാഥാ! ഇന്നയാള്‍ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.''(നസാഈ, ഇബ്നുഹിബ്ബാന്‍)
തണുപ്പകറ്റാന്‍ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയാല്‍ അത് കെടുത്താന്‍ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നല്‍കാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും ജന്തുക്കളുടെ പുറംഭാഗം 'ഇരിപ്പിട'മാക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകന്‍ വൃക്ഷങ്ങളോടുപോലും കരുണ കാണിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി. മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: "ഇനിമേല്‍ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാല്‍ അതിനു വേദനിക്കും.''
ഇവ്വിധം ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനോടും നിറഞ്ഞ കാരുണ്യത്തോടെ വര്‍ത്തിക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
ആഹാരമില്ലാതെ ഇവിടെ ഒന്നിനും ജീവിക്കാനാവില്ല. സസ്യങ്ങളും പ്രാണികളും ഇഴജീവികളും ജലജീവികളും കന്നുകാലികളും പറവകളുമെല്ലാം ജീവിക്കുന്നത് ഭക്ഷണം ഉപയോഗിച്ചാണ്. അത് സാധ്യമാവണമെങ്കില്‍ ഓരോന്നിനും മറ്റുള്ളവയെ ഉപയോഗപ്പെടുത്തുകതന്നെ വേണം. സസ്യങ്ങള്‍ നിലനില്‍പിനായി മറ്റു സസ്യങ്ങളെ ഉപയോഗിക്കുന്നു. അപൂര്‍വം ചിലത് ജീവികളെയും ആഹാരമായുപയോഗിക്കാറുണ്ട്. പ്രാണികള്‍ സസ്യങ്ങളെയും മറ്റു ജീവികളെയും ഭക്ഷിക്കുന്നു. വായുവിലും വെള്ളത്തിലും കരയിലും കടലിലുമുള്ള ജീവികളെല്ലാം നിലനില്‍ക്കുന്നത് സസ്യങ്ങളെയും മറ്റു ജീവികളെയും ആഹാരമായുപയോഗിച്ചാണ്. ഇവയില്‍ ഓരോ ജീവിക്കും അതിന്റെ ശരീരഘടനക്കനുസൃതമായ ജീവിതരീതിയാണുള്ളത്. മുയല്‍ സസ്യഭുക്കായതിനാല്‍ അതിനനുസൃതമായ പല്ലും വയറുമാണ് അതിനുള്ളത്. സിംഹം മാംസഭുക്കായതിനാല്‍ അതിന്റെ വായയുടെയും വയറിന്റെയും ഘടന അതിനു ചേരുംവിധമാണ്.
മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കുംവിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തീര്‍ത്തും സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണല്ലോ. പൂര്‍ണമായും മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമത്രേ. എന്നാല്‍, മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തവയുമുണ്ട്. അഥവാ, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ്.
ദഹനേന്ദ്രിയങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം മാത്രം ദഹിപ്പിക്കാവുന്നതും മാംസഭുക്കുകള്‍ക്ക് അതിനനുസൃതമായതുമാണ് ദഹനേന്ദ്രിയങ്ങളെങ്കില്‍ മനുഷ്യന്റേത് രണ്ടിനെയും ദഹിപ്പിക്കാവുന്ന വിധമുള്ളവയാണ്. പല്ലുകളുടെയും ദഹനവ്യവസ്ഥയുടെയും അവസ്ഥതന്നെ മനുഷ്യന്‍ മിശ്രഭുക്കാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നു.
ഈ ഭൂമിയും അതിലുള്ളവയുമൊക്കെ മനുഷ്യസമൂഹത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. അഥവാ, മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു. അല്ലാഹു പറയുന്നു: "ആകാശഭൂമികളിലുള്ളതൊക്കെയും നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത് നിങ്ങള്‍ കാണുന്നില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു.''(ഖുര്‍ആന്‍ 31: 20)
"കാലികളില്‍നിന്ന് ഭാരം ചുമക്കുന്നവയും അറുത്തു ഭക്ഷിക്കാനുള്ളവയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അല്ലാഹു നല്കിയതില്‍നിന്ന് ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാല്‍പാടുകളെ പിന്തുടരരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.''(ഖുര്‍ആന്‍ 6: 142)
"ഉറപ്പായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഗുണപാഠമുണ്ട്. അവയുടെ ഉദരത്തില്‍നിന്നുള്ളതില്‍നിന്ന് നിങ്ങള്‍ക്കു നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.''(ഖുര്‍ആന്‍ 23: 21)
"നിങ്ങള്‍ക്കു പുതുമാംസം എടുത്തു ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണം പുറത്തെടുക്കാനും പാകത്തില്‍ കടലിനെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നതും അല്ലാഹുവാകുന്നു.''(ഖുര്‍ആന്‍ 16: 14)
ഭൂമിയിലുള്ളതൊക്കെയും മനുഷ്യനുവേണ്ടി സംവിധാനിക്കപ്പെട്ടതാണെന്ന തത്വത്തെ നിരാകരിക്കുന്നവരും പ്രയോഗത്തില്‍ അതിനനുസൃതമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. മനുഷ്യന്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭൂമിയെ ഉഴുതുമറിക്കുന്നു. അതില്‍ കിണറുകളും കുളങ്ങളും കുഴിക്കുന്നു. റോഡുകളും പാലങ്ങളും നിര്‍മിക്കുന്നു. വീടുകള്‍ ഉണ്ടാക്കുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ അവിടെയുള്ള പ്രാണികള്‍ക്കും ഇതര ജീവികള്‍ക്കും എന്തു സംഭവിക്കുന്നുവെന്ന് പരിഗണിക്കാറില്ല. എല്ലാ ജീവികള്‍ക്കും ഒന്നുപോലെ അവകാശപ്പെട്ട ഭൂമിയിലാണ് താന്‍ റോഡും കിണറുമൊക്കെ ഉണ്ടാക്കുന്നതെന്നോര്‍ക്കാറില്ല. ഇപ്രകാരം തന്നെ സസ്യങ്ങളെയും ഫലവൃക്ഷങ്ങളെയും വിളകളെയുമെല്ലാം മനുഷ്യന്‍ തന്റെ താല്‍പര്യത്തിനായുപയോഗിക്കുന്നു. അതിനാല്‍ ഭൂമിയും അതിലുള്ളവയും മനുഷ്യനുവേണ്ടി സജ്ജമാക്കപ്പെട്ടതാണെന്ന സത്യത്തെ പ്രയോഗതലത്തില്‍ അംഗീകരിക്കാത്ത ആരുമില്ല.
ഒരു ജീവിയെയും കൊല്ലുകയില്ല എന്നതാണ് അഹിംസകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കിലും അതിനനുസൃതമായി ജീവിതം നയിക്കുന്ന ആരും ഈ ഭൂമിയിലില്ല. മാംസാഹാരം കഴിക്കാത്തവര്‍ സസ്യാഹാരം ഭക്ഷിക്കുന്നവരാണല്ലോ. സസ്യങ്ങള്‍ക്ക് ജീവനും വികാരവുമുണ്ടെന്നത് സുസമ്മതസത്യമത്രെ. അതിനാല്‍ മാംസഭുക്കുകളെപ്പോലെ, സസ്യഭുക്കുകളും ജീവഹാനിവരുത്തുന്നവരും സസ്യങ്ങളെ വേദനിപ്പിക്കുന്നവരുമാണ്.
ഏതു മനുഷ്യനും ശരീരത്തില്‍ മുറിവുപറ്റിയാല്‍ അതിലെ വിഷാണുക്കളെ മരുന്നുപയോഗിച്ചു കൊല്ലുന്നു. ഉദരത്തിലെ കൃമികളെ നശിപ്പിക്കുന്നു. കൊതുകുകള്‍ മുട്ടയിട്ടുവിരിയുന്ന കെട്ടിനില്‍ക്കുന്ന മലിനജലത്തില്‍ വിഷം തളിച്ച് അവയെ കൊല്ലുന്നു. മൂട്ടയെയും കൊതുകിനെയും നശിപ്പിക്കുന്നു. ചുരുക്കത്തില്‍, ഏതെങ്കിലും ജീവിയെ ഹനിക്കാതെ ആരും എവിടെയുമില്ല; ഉണ്ടാവുക സാധ്യവുമല്ല.
മനുഷ്യസമൂഹത്തിന്റെ സുഗമമായ നിലനില്‍പിനായി വിഷാണുക്കളെ കൊല്ലാമെങ്കില്‍ അതേ കാര്യത്തില്‍ ഏറ്റം നല്ല പോഷകാഹാരമെന്ന നിലയില്‍ മാംസം ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ ബി. 1, നിയാസിന്‍ തുടങ്ങിയവ മാംസാഹാരത്തില്‍ ധാരാളമായി ഉണ്ടെന്നത് അനിഷേധ്യമാണ്. സസ്യങ്ങളെയും പ്രാണികളെയും അണുക്കളെയും മറ്റും തങ്ങളുടെ നിലനില്‍പിന്നായി കൊല്ലാമെന്ന് തീരുമാനിച്ചവര്‍ ജനകോടികള്‍ക്ക് ആഹാരമായി മാറുന്ന മാംസം ഉപേക്ഷിക്കണമെന്ന് പറയുന്നത് തീര്‍ത്തും നിരര്‍ഥകമത്രെ.
അതുകൊണ്ടുതന്നെ, ജീവജാലങ്ങളോട് പരമാവധി കാരുണ്യം കാണിക്കാന്‍ കല്‍പിക്കുന്ന ഇസ്ലാം അവയുടെ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാക്കി. ലോകത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ ജീവിതം നയിക്കുന്നത് മാംസാഹാരം ഉപയോഗിച്ചാണ്. അത് വിലക്കുന്നത് സാമൂഹ്യദ്രോഹവും ജനവിരുദ്ധവുമാണ്.
മാംസം അനുവദനീയമാകാന്‍ ജീവികളെ ദൈവനാമമുച്ചരിച്ച് അറുക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും അനുസരിച്ചുകൊണ്ടായിരിക്കണം മറ്റെല്ലാ കര്‍മങ്ങളുമെന്നപോലെ അവന്റെ സൃഷ്ടിയായ ജീവിയെ അനിവാര്യമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തേണ്ടതെന്ന് ഇതു പഠിപ്പിക്കുന്നു. അതോടൊപ്പം ഉരുവിന് പരമാവധി സൌകര്യം നല്‍കിയും പ്രയാസം ലഘൂകരിച്ചുമായിരിക്കണം അറവെന്ന് കണിശമായി കല്പിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ പറയുന്നു: "അല്ലാഹു എല്ലാ കാര്യങ്ങളിലും നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കൊല്ലുന്നുവെങ്കില്‍ നല്ല നിലയിലത് നിര്‍വഹിക്കുക. അറുക്കുന്നുവെങ്കില്‍ അതും നല്ലനിലയിലാക്കുക. കത്തിയുടെ വായ്ത്തല മൂര്‍ച്ചകൂട്ടി ഉരുവിന് സൌകര്യം ചെയ്യുക.''(മുസ്ലിം)
ഒരിക്കല്‍ ഒരാള്‍ നബിതിരുമേനിയോടു പറഞ്ഞു: "ഞാന്‍ ആടിനെ അറുക്കുമ്പോള്‍ ദയ കാണിക്കാറുണ്ട്.'' ഇതുകേട്ട് പ്രവാചകന്‍ പ്രതിവചിച്ചു: "നീ അതിനോടു കരുണ കാണിച്ചാല്‍ അല്ലാഹു നിന്നോടും കരുണ കാണിക്കും.''(ഹാകിം)
ഒരാള്‍ അറുക്കാനുള്ള ആടിനെ അതിന്റെ കാലു പിടിച്ചുവലിച്ചു കൊണ്ടുപോവുന്നതു കാണാനിടയായ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: "നിനക്കു നാശം! അതിനെ നല്ലനിലയില്‍ മരണത്തിലേക്കു നയിക്കുക.''
ഇസ്ലാമിനെപ്പോലെ ഹൈന്ദവ ധര്‍മത്തിലും മാംസാഹാരം അനുവദനീയമാണ്. അത് മാംസഭക്ഷണം വിലക്കുന്നുവെന്ന ധാരണ അബദ്ധമാണ്. പല മഹര്‍ഷിമാരും പുണ്യവാളന്മാരും മാംസാഹാരം കഴിക്കുന്നവരായിരുന്നുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. ശ്രീരാമന്‍ വനവാസത്തിന് അയക്കപ്പെട്ടപ്പോള്‍, എനിക്കു രുചികരമായ മാംസത്തളിക ഉപേക്ഷിക്കേണ്ടിവരുമെന്ന് മാതാവിനോട് പറഞ്ഞിരുന്നതായി അയോധ്യാകാണ്ഡത്തിലെ 20, 26, 94 ശ്ളോകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ശ്രീരാമന് മാംസഭക്ഷണത്തോട് പ്രിയമുണ്ടായിരുന്നതായി വ്യക്തമാക്കുന്നു.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു: "എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.''(6-4-18)

Friday, April 2, 2010

സ്ത്രീക്ക് ഭരണ-രാഷ്ട്രീയ പങ്കാളിത്തം പാടില്ലേ?

സ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?

ഈ ചോദ്യത്തിന് ഇരുപതാം നൂറ്റാണ്ട് കണ്ട പ്രമുഖ പണ്ഡിതന്മാരിലൊരാളായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി നല്‍കിയ വിശദീകരണം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. അദ്ദേഹം എഴുതുന്നു: "മദീനാ മാര്‍ക്കറ്റിന്റെ നിയന്ത്രണവും വിധിത്തീര്‍പ്പും ശിഫാഇനെയാണ് ഉമറുല്‍ ഫാറൂഖ് ഏല്‍പിച്ചിരുന്നത്. അവരവിടെ നിയമലംഘനങ്ങള്‍ തടയുകയും നീതി നടപ്പാക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തത് ആണ്‍-പെണ്‍ഭേദമന്യേ എല്ലാവര്‍ക്കുമിടയിലായിരുന്നു. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഖലീഫ അവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.
സ്ത്രീകളെ രാഷ്ട്രനേതൃത്വമോ ഭരണാധികാരമോ ഏല്‍പിച്ചുകൊടുക്കാന്‍ മോഹിച്ചു നടക്കുന്ന കൂട്ടത്തിലൊന്നുമല്ല ഞാന്‍. ഒരു കാര്യമേ നാം ആഗ്രഹിക്കുന്നുള്ളൂ. സമൂഹത്തിലെ ഏറ്റവും അനുയോജ്യനായ ആള്‍ രാജ്യത്തിന്റെയും രാജ്യഭരണത്തിന്റെയും നേതൃത്വത്തില്‍ വരണം.
'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു' എന്ന പ്രവാചകവചനമുണ്ടല്ലോ. അപ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള അധികാരം സ്ത്രീയെ ഏല്‍പിക്കുന്നത് പരാജയകാരണമാവില്ലേയെന്ന് ചോദിച്ചേക്കാം. ഇവിടെ ഈ പ്രവാചകവചനത്തെ സംബന്ധിച്ച് അല്‍പം ആഴത്തില്‍ ആലോചിക്കാന്‍ നാമാഗ്രഹിക്കുന്നു. പ്രവാചകവചനം സ്വീകാര്യം തന്നെ. എന്നാല്‍ അതിന്റെ ആശയം എന്തായിരിക്കും?
ഇസ്ലാമിക മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സാമ്രാജ്യം നിലംപൊത്തിക്കൊണ്ടിരുന്നപ്പോള്‍ അവിടെ ഭരണം നടത്തിയിരുന്നത് അഭിശപ്തമായ രാജവാഴ്ചയും ഏകാധിപത്യവുമായിരുന്നു. വിഗ്രഹാരാധനയിലധിഷ്ഠിതമായ മതം, കൂടിയാലോചന അചിന്ത്യമായ രാജകുടുംബം, മരണം വിധിക്കപ്പെട്ട അഭിപ്രായ വിമര്‍ശനസ്വാതന്ത്യ്രം, തമ്മിലടിക്കുന്ന രാജകുടുംബങ്ങള്‍, മകന്‍ പിതാവിനെയും സഹോദരന്‍ സഹോദരനെയും വകവരുത്തുന്ന അധികാരക്കൊതി, സര്‍വോപരി എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങി കഴിയുന്ന പ്രതികരണശേഷി അറിയാത്ത ജനത!
മുസ്ലിം മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സൈന്യം പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിയുകയും രാജ്യാതിര്‍ത്തി ചുരുങ്ങിച്ചുരുങ്ങി വരികയുമായിരുന്നു. അപ്പോഴുമവര്‍ക്ക് പ്രാപ്തനായ ഒരാളെ രാജ്യഭരണം ഏല്‍പിക്കാനായില്ല. രാജഭരണത്തിന്റെ ഭാഗമായി അവിവേകിയായ ഒരു സ്ത്രീയെ അധികാരത്തില്‍ വാഴിക്കുകയായിരുന്നു. ഇത് ആ രാജ്യത്തിന്റെയും സാമ്രാജ്യത്തിന്റെയും എന്നന്നേക്കുമായുള്ള തിരോധാനം വിളിച്ചറിയിക്കുന്നതായിരുന്നു. ദീര്‍ഘവീക്ഷകനും സൂക്ഷ്മജ്ഞാനിയുമായ പ്രവാചകന്‍ ഇതേ പ്പറ്റിയുള്ള തന്റെ വിലയിരുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തുകയായിരുന്നു. 'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയമടഞ്ഞതുതന്നെ.'
നേരെ മറിച്ച് ആ അവസരം പേര്‍ഷ്യന്‍ഭരണം കൂടിയാലോചനയിലധിഷ്ഠിതവും ഭരണാധികാരിയായ വനിത ഗോള്‍ഡാമീറിനെപ്പോലൊരാളാവുകയും സൈനിക തീരുമാനങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ കരങ്ങളില്‍ ആയിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രവാചകന്റെ വിലയിരുത്തല്‍ മറ്റൊരു വിധത്തിലായിരുന്നേനെ.''
ഉപര്യുക്ത പ്രവാചകവചനത്തെ സംബന്ധിച്ച് ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഈ നബിവചനം സ്ത്രീകളെ ഭരണനേതൃത്വത്തില്‍നിന്നും മാറ്റിനിര്‍ത്താനുള്ള തെളിവായി വ്യാഖ്യാനിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും പല പണ്ഡിതന്‍മാരും ഇതിനോട് യോജിക്കുന്നില്ല. നബിയുടെ കാലത്തെ പേര്‍ഷ്യന്‍ ഭരണാധികാരികള്‍ പ്രവാചകനോടും അദ്ദേഹം അവരുടെ അടുത്തേക്കയച്ച ദൂതനോടും കൊടിയ ശത്രുത കാണിച്ചവരായിരുന്നു. അതിനാല്‍ പേര്‍ഷ്യക്കാര്‍ ഖുസ്രുവിന്റെ പുത്രിയെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിച്ച വാര്‍ത്തയോടുള്ള പ്രതികരണത്തെ, രാഷ്ട്രത്തിന്റെ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട ലിംഗപ്രശ്നത്തിന്റെ വിശദീകരണമായല്ല, ആ മര്‍ദകസാമ്രാജ്യത്തിന്റെ ആസന്നപതനത്തെ സംബന്ധിച്ച പ്രവചനമെന്ന നിലയിലാണ് കാണേണ്ടത്. നബിയുടെ പ്രവചനം പിന്നീട് പുലരുകയും ചെയ്തു... അതിനാല്‍ ഈ നബിവചനം സ്ത്രീകളെ രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തില്‍നിന്നും ഒഴിച്ചുനിര്‍ത്തിയേ പറ്റൂ എന്നുള്ളതിന് തെളിവാകുന്നില്ല.''
അതിനാല്‍ സ്ത്രീയെ ഭരണനേതൃത്വത്തില്‍നിന്ന് വിലക്കുന്ന വ്യക്തവും ഖണ്ഡിതവുമായ ഖുര്‍ആന്‍ വാക്യമോ പ്രവാചക വചനമോ ഇല്ല. എങ്കിലും വളരെ അനിവാര്യ സാഹചര്യമില്ലെങ്കില്‍ അതൊഴിവാക്കുന്നതാണുത്തമം. ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ വിശദീകരിക്കുന്നതില്‍ പ്രസിദ്ധിയാര്‍ജിച്ച പ്രമുഖ നിയമപണ്ഡിതന്‍ അബൂയഅ്ലാ രാഷ്ട്രത്തലവന്റെ യോഗ്യതകളില്‍ 'പുരുഷനായിരിക്കുക' എന്നൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അല്‍ഖാസിമി നിരീക്ഷിക്കുന്നു. ഇവിടെ പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്ലാമിലെ രാഷ്ട്രത്തലവന്‍ വെറുമൊരു ചടങ്ങു തലവനല്ല. അദ്ദേഹം നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്നു. ചിലപ്പോള്‍ നിരന്തരം യാത്രചെയ്യുന്നു. ഇതര രാഷ്ട്രത്തലവന്‍മാരുമായി- അവര്‍ പലപ്പോഴും പുരുഷന്‍മാരായിരിക്കും- കൂടിയാലോചന നടത്തുന്നു; പലപ്പോഴും രഹസ്യ സംഭാഷണങ്ങളും. സ്ത്രീകള്‍ക്ക് ഇത്തരം ബന്ധങ്ങളും ബാധ്യതകളും ദുര്‍വഹമായിരിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ശരിയായ പരസ്പരബന്ധങ്ങളെ സംബന്ധിച്ച് ഇസ്ലാമിക മാര്‍ഗ നിര്‍ദേശങ്ങളോട് അവ പൊരുത്തപ്പെടുകയില്ല.''
ഇത് രാഷ്ട്രത്തിന്റെ പരമോന്നത പദവിയെ സംബന്ധിച്ചു മാത്രം ബാധകമാകുന്ന കാര്യമാണ്. സ്ത്രീ അതിനുതാഴെയുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നതിനെയോ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയോ ഇസ്ലാംവിലക്കുന്നില്ല. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ളിക്കിലെ വൈസ് പ്രസിഡന്റുമാരിലൊരാളും അവിടത്തെ എം.പി.മാരില്‍ പതിനാലു പേരും വനിതകളാണ്. ഇതര മുസ്ലിം നാടുകളുടെ സ്ഥിതിയും ഭിന്നമല്ല.
എങ്കിലും സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ബാധ്യത വീടിന്റെ ഭരണവും മാതൃത്വപരമായ ഉത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണവുമാണെന്ന കാര്യം വിസ്മരിക്കാവതല്ല. വരുംതലമുറകളെ യഥാവിധി വാര്‍ത്തും വളര്‍ത്തിയുമെടുക്കുകയെന്നതിനെ ഇസ്ലാം ഒട്ടും നിസ്സാരമായിക്കാണുന്നില്ലെന്നു മാത്രമല്ല, അതിപ്രധാന കൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. മാതൃത്വം ഭൂമിയില്‍ ഏറ്റവും ആദരണീയവും മഹിതവുമാവാനുള്ള കാരണവും അതുതന്നെ.

പൊതുജീവിതത്തിലെ സ്ത്രീ പങ്കാളിത്തം

സ്ത്രീകളെ പൊതുജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയും അടുക്കളയില്‍ തളച്ചിടുകയുമല്ലേ ഇസ്ലാം ചെയ്യുന്നത്?
പ്രകൃതിപരമായ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ സ്ത്രീയുടെ പ്രധാന പ്രവര്‍ത്തനരംഗം വീടുതന്നെയാണ്. മഹിതമായ കൃത്യം മാതൃത്വവും. എന്നാല്‍ സ്ത്രീ പൊതുജീവിതത്തില്‍ ഇടപെടുന്നതിനെയോ സജീവപങ്കാളിത്തം വഹിക്കുന്നതിനെയോ ഇസ്ലാം വിലക്കുന്നില്ല. എന്നല്ല; അതനുവദിക്കുകയും അനിവാര്യസന്ദര്‍ഭങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അധ്യയനത്തിലും അധ്യാപനത്തിലും പ്രവാചകന്റെ കാലംതൊട്ടുതന്നെ സ്ത്രീകളും പുരുഷന്മാരെപ്പോലെ സജീവമായി പങ്കെടുത്തുപോന്നിട്ടുണ്ട്. പ്രവാചകസന്നിധിയില്‍ വന്ന് കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കുന്നതിലും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും അവരൊട്ടും പിന്നിലായിരുന്നില്ല. പ്രവാചകചര്യയുടെ നിവേദകരില്‍ പ്രമുഖരായ വനിതകള്‍ ഉണ്ടാവാനുള്ള കാരണവും അതത്രെ.
പ്രവാചകപത്നി ആഇശയുടെ പാണ്ഡിത്യം സുവിദിതമാണ്. ഇമാം സുഹ്രി പറയുന്നു: "ആഇശ ജനങ്ങളില്‍ ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നു. പ്രവാചകന്റെ അനുചര•ാരില്‍ പ്രമുഖര്‍ പോലും അവരോട് ചോദിച്ച് പഠിക്കാറുണ്ടായിരുന്നു''. സുബൈറിന്റെ മകന്‍ ഉര്‍വ രേഖപ്പെടുത്തുന്നു: "ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, വിജ്ഞാനം, കവിത, കര്‍മശാസ്ത്രം, അനുവദനീയം, നിഷിദ്ധം, വൈദ്യം, അറബികളുടെ പുരാതന വൃത്താന്തങ്ങള്‍, ഗോത്രചരിത്രം എന്നിവയില്‍ ആഇശയേക്കാള്‍ അറിവുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല''.
ലബീദിന്റെ മകന്‍ മഹ്മൂദ് പറയുന്നു: "പ്രവാചകപത്നിമാരെല്ലാം ഹദീസുകള്‍ മനഃപാഠമാക്കിയിരുന്നു. എന്നാല്‍ ആഇശയോടും ഉമ്മുസല്‍മയോടുമൊപ്പമെത്തിയിരുന്നില്ല മറ്റുള്ളവര്‍.''
പ്രവാചകപത്നിമാരില്‍ ആഇശ മാത്രം 2210 ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട്. ഉമ്മുസല്‍മയും നിരവധി ഹദീസുകള്‍ നിവേദനം ചെയ്യുകയുണ്ടായി. സ്ത്രീകള്‍ മാത്രമല്ല, ധാരാളം പുരുഷന്മാരും അവരില്‍നിന്ന് അറിവ് നേടിയിരുന്നു. വൈജ്ഞാനികരംഗത്തെന്നപോലെ ഇസ്ലാമികപ്രബോധന പ്രവര്‍ത്തനങ്ങളിലും സ്ത്രീകള്‍ സജീവ പങ്കുവഹിച്ചു. അതിനാല്‍ പുരുഷന്മാരെപ്പോലെത്തന്നെ അവരും കൊടിയ പീഡനങ്ങള്‍ക്കിരയായി. ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷിപോലും സുമയ്യ എന്ന സ്ത്രീയാണ്. ജന്മനാട്ടില്‍ ജീവിതം ദുസ്സഹമായി പലായനം അനിവാര്യമായപ്പോള്‍ സ്ത്രീകളുമതില്‍ പങ്കാളികളായി.
പ്രവാചകന്റെയോ സച്ചരിതരായ ഖലീഫമാരുടെയോ കാലത്ത് പൊതുജീവിതത്തില്‍നിന്ന് സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നില്ല. യുദ്ധരംഗത്തുപോലും സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ഭടന്മാര്‍ക്ക് വെള്ളമെത്തിക്കാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനും നേതൃത്വം നല്‍കിയത് പ്രവാചകപത്നി ആഇശയായിരുന്നു. ഉമ്മു സുലൈമും ഉമ്മു സലീത്തും ഈ സാഹസത്തില്‍ പങ്കുചേരുകയുണ്ടായി.
ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് ആഹാരമൊരുക്കിക്കൊടുക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്ത വനിതകള്‍ക്ക് പ്രവാചകന്‍ സമരാര്‍ജിത സമ്പത്തില്‍നിന്ന് വിഹിതം നല്‍കുകയുണ്ടായി. ഉഹ്ദ് യുദ്ധത്തില്‍ മുറിവേറ്റവരെയും രക്തസാക്ഷികളെയും മദീനയിലേക്കെത്തിക്കുന്ന ചുമതല നിര്‍വഹിച്ചത് മുഅവ്വിദിന്റെ പുത്രി റുബയ്യഉം സഹപ്രവര്‍ത്തകരുമായിരുന്നു. ഉമ്മു അതിയ്യ ഏഴു യുദ്ധങ്ങളില്‍ സംബന്ധിക്കുകയുണ്ടായി. അനസുബ്നു മാലിക്കിന്റെ മാതാവ് ഉമ്മു സുലൈമും നിരവധി യുദ്ധങ്ങളില്‍ പ്രവാചകനെ അനുഗമിക്കുകയുണ്ടായി. ഖന്‍ദഖ് യുദ്ധത്തില്‍ സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാനെത്തിയ ശത്രുവെ കൂര്‍ത്ത കമ്പെടുത്ത് കുത്തിക്കൊന്നത് സ്വഫിയ്യയാണ്. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ പരിരക്ഷയ്ക്കായി പൊരുതിയ പ്രമുഖരിലൊരാള്‍ ഉമ്മു അമ്മാറയാണ്. അവരുടെ ശരീരത്തില്‍ നിരവധി മുറിവുകളേല്‍ക്കുകയുണ്ടായി. ഒന്നാം ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്തു നടന്ന യമാമ യുദ്ധത്തില്‍ പങ്കെടുത്ത അവരുടെ ശരീരത്തില്‍ പന്ത്രണ്ടു മുറിവുകളുണ്ടായിരുന്നു. ഈവിധം രണാങ്കണത്തില്‍ ധീരമായി പൊരുതിയ നിരവധി വനിതകളെ ഇസ്ലാമികചരിത്രം പരിചയപ്പെടുത്തുന്നുണ്ട്.
ആധുനികലോകത്തും മുസ്ലിം സ്ത്രീകള്‍ സമരരംഗത്ത് സജീവമായി പങ്കെടുത്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. റിദാ ഷാ പഹ്ലവിയുടെ ഏകാധിപത്യ മര്‍ദക ഭരണത്തിനെതിരെ ഖുമൈനി നയിച്ച പോരാട്ടത്തിലും റഷ്യന്‍ അധിനിവേശത്തിനെതിരെ അഫ്ഗാന്‍ ജനത നടത്തിയ ചെറുത്തുനില്‍പിലും സ്ത്രീകള്‍ ധീരോജ്ജ്വലമായ സേവനങ്ങളര്‍പ്പിക്കുകയുണ്ടായി. ഇസ്ലാമിക സമരനിരയിലെ സ്ത്രീസാന്നിധ്യം പാശ്ചാത്യ മാധ്യമങ്ങള്‍പോലും എടുത്തുകാണിക്കാന്‍ നിര്‍ബന്ധിതമാകുംവിധം അവഗണിക്കാനാവാത്തതാണ്.
സ്ത്രീ വീടിന് പുറത്തുപോയി തൊഴിലിലേര്‍പ്പെടുന്നതിനെയോ സേവനവൃത്തികളില്‍ വ്യാപൃതമാവുന്നതിനെയോ പൊതു പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനെയോ ഇസ്ലാം ഒരു നിലയ്ക്കും വിലക്കുന്നില്ലെന്ന് ഇതും ഇതുപോലുള്ളവയുമായ സംഭവങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് കടകമ്പോളങ്ങളുടെ മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്വം ഏല്‍പിച്ചിരുന്നത് ശിഫാ ബിന്‍തു അബ്ദില്ലാ എന്ന സ്ത്രീയെയായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. നമ്മുടെ കാലത്തെ ഉപഭോക്തൃസംരക്ഷണ വകുപ്പിന്റെ ഡയറക്ടര്‍ പദവിക്കു സമാനമായ സ്ഥാനമാണത്.
സമകാലീന സമൂഹത്തിലും മുസ്ലിം സ്ത്രീകള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളിലെന്നപോലെ സാമൂഹിക സേവനരംഗത്തും പൊതുജീവിതത്തിലും സജീവമായി പങ്കുവഹിച്ചുവരുന്നുണ്ട്. ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇറാനിയന്‍ സ്ത്രീകള്‍ സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അവിടത്തെ യൂനിവേഴ്സിറ്റികളിലെ പ്രഫസര്‍മാരിലും മറ്റു ജീവനക്കാരിലും നാല്‍പതു ശതമാനത്തോളം സ്ത്രീകളാണ്. നഴ്സറി സ്കൂള്‍ തൊട്ട് ഹൈസ്കൂളിലെ അവസാനവര്‍ഷം വരെ അധ്യാപനവൃത്തി പൂര്‍ണമായും നിര്‍വഹിക്കുന്നത് സ്ത്രീകളാണ്. ഇറാനിലെ നല്ലൊരു വിഭാഗം സ്ത്രീകള്‍ സ്വന്തമായി കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവരാണ്. സ്വകാര്യസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഉന്നത ജോലിയിലേര്‍പ്പെട്ടവരും നിരവധിയാണ്. ധാരാളം വനിതാ അഡ്വക്കേറ്റുമാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അവിടെ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലായി പതിനൊന്ന് ലക്ഷത്തിലേറെ സ്ത്രീകള്‍ സേവനമനുഷ്ഠിച്ചു വരുന്നു. മാധ്യമരംഗത്തും ഇറാനില്‍ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്. ടെലിവിഷന്‍ മേഖലയില്‍ മുപ്പത്തഞ്ചു ശതമാനം സ്ത്രീകളാണ്.
ഈജിപ്ത്, സുഡാന്‍ തുടങ്ങി ഇതര മുസ്ലിം നാടുകളിലും ഇസ്ലാമിക മര്യാദകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടു തന്നെ ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. മതപണ്ഡിതന്മാരോ ഇസ്ലാമിക പ്രസ്ഥാനങ്ങളോ ഇതിനെ എതിര്‍ക്കാറില്ലെന്നതും ശ്രദ്ധേയമത്രെ. ഈ വിധം പൊതു ജീവിതത്തില്‍ സജീവമായി പങ്കുവഹിക്കാന്‍ അനുവദിക്കുമ്പോഴും സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ ചുമതല ഗൃഹഭരണവും കുട്ടികളുടെ സംരക്ഷണവുമാണെന്ന കാര്യം ഇസ്ലാം ഊന്നിപ്പറയുന്നു. അതവഗണിക്കുന്നത് അത്യന്തം അപകടകരവും ദൂരവ്യാപകമായ വിപത്തുകള്‍ക്ക് നിമിത്തവുമാണെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു.

സ്ത്രീയുടെ സാക്ഷ്യം

സാക്ഷ്യത്തിന് ഒരാണിനു പകരം രണ്ട് സ്ത്രീ വേണമെന്നാണല്ലോ ഇസ്ലാമിക നിയമം. ഇത് സ്ത്രീയോടുള്ള അനീതിയും വിവേചനവും പുരുഷമേധാവിത്വപരമായ സമീപനവുമല്ലേ?
ഒരു പുരുഷനു പകരം രണ്ട് സ്ത്രീയെന്നത് സാക്ഷ്യത്തിനുള്ള ഇസ്ലാമിന്റെ പൊതു നിയമമല്ല; സാമ്പത്തിക ഇടപാടുകളില്‍ മാത്രം ബാധകമായ കാര്യമാണ്. സ്ത്രീകള്‍ സാധാരണ ഗതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും കൊള്ളക്കൊടുക്കകളില്‍ ഏര്‍പ്പെടുന്നവരുമല്ലാത്തതിനാല്‍ പണമിടപാടുകളുടെ സാക്ഷ്യത്തില്‍ അബദ്ധം സംഭവിക്കാതിരിക്കാനും സൂക്ഷ്മത പാലിക്കാനുമായി നിശ്ചയിക്കപ്പെട്ട നിബന്ധന മാത്രമാണിത്. സ്ത്രീക്കെതിരെ സദാചാര ലംഘനം ആരോപിക്കപ്പെട്ടാല്‍ സ്വീകരിക്കേണ്ട സ്വയം സാക്ഷ്യത്തിന്റെയും സത്യം ചെയ്യലിന്റെയും കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമൊട്ടുമില്ലെന്ന് ഖുര്‍ആന്‍ തന്നെ സംശയത്തിനിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട് (അധ്യായം 24, വാക്യം 6-9).
ഇതര സാക്ഷ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ. വിവാഹമോചനത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: "ഇനി അവരുടെ ദീക്ഷാവധി സമാപിച്ചാലോ, ഒന്നുകില്‍ അവരെ മാന്യമായി കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ മാന്യമായ നിലയില്‍ വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നീതിമാ•ാരായ രണ്ടാളുകളെ സാക്ഷികളാക്കുകയും ചെയ്യുക. അവര്‍ അല്ലാഹുവിനുവേണ്ടി നീതിപൂര്‍വം സാക്ഷ്യം വഹിക്കട്ടെ.''(65: 2). ഒസ്യത്തിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: "വിശ്വസിച്ചവരേ, നിങ്ങളിലൊരുവന്ന് മരണമാസന്നമാവുകയും അയാള്‍ ഒസ്യത്ത് ചെയ്യുകയുമാണെങ്കില്‍ അതിനുള്ള സാക്ഷ്യത്തിന്റെ മാനം ഇപ്രകാരമത്രെ. നിങ്ങളില്‍നിന്നുള്ള രണ്ടു നീതിമാന്മാര്‍ സാക്ഷ്യം വഹിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ യാത്രാവസ്ഥയിലായിരിക്കുകയും അവിടെ മരണവിപത്ത് അഭിമുഖീകരിക്കുകയുമാണെങ്കില്‍ അപ്പോള്‍ മറ്റു ജനത്തില്‍നിന്നു രണ്ടാളുകളെ സാക്ഷികളാക്കണം.''(5: 106)
ആര്‍ത്തവം, പ്രസവം, തുടങ്ങി പുരുഷന്മാര്‍ക്ക് സാക്ഷികളാകാന്‍ പ്രയാസമുള്ള കാര്യങ്ങളില്‍ സ്ത്രീകളുടെ മാത്രം സാക്ഷ്യമാണ് സ്വീകാര്യമാവുകയെന്നതില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.
ഇസ്ലാമില്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ഭരണപരവുമായ എല്ലാ നിയമങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളിലൊന്ന് പ്രവാചക ചര്യയാണ്. ഈ പ്രവാചക ചര്യയുടെ നിവേദനത്തിന്റെ സ്വീകാര്യതയില്‍ പുരുഷന്റേതു പോലെത്തന്നെ സ്ത്രീയുടേതും പ്രാമാണികവും പ്രബലവുമത്രേ. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലിവിടെ ഒരുവിധ വിവേചനവുമില്ല. അതുകൊണ്ടു തന്നെ പ്രബലമായ ഹദീസ് ഗ്രന്ഥങ്ങളില്‍ പുരുഷന്‍മാരെന്ന പോലെ സ്ത്രീകള്‍ നിവേദനം ചെയ്തവയും ധാരാളമായി കാണാവുന്നതാണ്. എല്ലാ സാക്ഷ്യങ്ങളുടെയും സാക്ഷ്യമായ അടിസ്ഥാന പ്രമാണത്തിന്റെ കാര്യത്തില്‍ പുരുഷന്റെ പദവി തന്നെ സ്ത്രീക്കും കല്‍പിച്ച ഇസ്ലാം ഇടപാടുകളുടെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് വിവേചനപരമോ അവഗണനയോ അനീതിയോ അല്ലെന്നും മറിച്ച്, അബദ്ധം സംഭവിക്കാതിരിക്കാനുള്ള സൂക്ഷ്മത മാത്രമാണെന്നും വ്യക്തമത്രേ.
ഇമാം അബൂഹനീഫ, ത്വബരി പോലുള്ള പണ്ഡിതന്‍മാര്‍ സ്ത്രീകള്‍ക്ക് ന്യായാധിപസ്ഥാനം വരെ വഹിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമത്തിന്റെയും നീതിയുടെയും കാര്യത്തില്‍ വിവേചനമുണ്ടെങ്കില്‍ നിയമനടത്തിപ്പിന്റെ പരമോന്നത പദവിയായ ന്യായാധിപസ്ഥാനം സ്ത്രീക്ക് ആവാമെന്ന് പ്രാമാണിക പണ്ഡിതന്മാര്‍ പറയുകയില്ലല്ലോ.