Monday, March 22, 2010

ആറാം നൂറ്റാണ്ടിലെ മതം!

പതിനാലു നൂറ്റാണ്ടിനകം ലോകം വിവരിക്കാനാവാത്ത വിധം മാറി. പുരോഗതിയുടെ പാരമ്യതയിലെത്തിയ ആധുനിക പരിഷ്കൃതയുഗത്തില്‍ ആറാം നൂറ്റാണ്ടിലെ മതവുമായി നടക്കുന്നത് വിഡ്ഢിത്തമല്ലേ?
കാലം മാറിയിട്ടുണ്ട്, ശരിയാണ്. ലോകത്തിന്റെ കോലവും മാറിയിരിക്കുന്നു. മനുഷ്യനിന്ന് വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ശാസ്ത്രം വിവരണാതീതമാം വിധം വളര്‍ന്നു. സാങ്കേതികവിദ്യ സമൃദ്ധമായി. വിജ്ഞാനം വമ്പിച്ച വികാസം നേടി. ജീവിതസൌകര്യങ്ങള്‍ സീമാതീതമായി വര്‍ധിച്ചു. നാഗരികത നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചു. ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടു. എന്നാല്‍ മനുഷ്യനില്‍ ഇവയെല്ലാം എന്തെങ്കിലും മൌലികമായ മാറ്റം വരുത്തിയിട്ടുണ്ടോ? വിചാരവികാരങ്ങളെയും ആചാരക്രമങ്ങളെയും ആരാധനാരീതികളെയും പെരുമാറ്റ സമ്പ്രദായങ്ങളെയും സ്വഭാവ സമീപനങ്ങളെയും അല്‍പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? ഇല്ലെന്നതല്ലേ സത്യം? സഹസ്രാബ്ദങ്ങള്‍ക്കപ്പുറം അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ അടക്കിഭരിച്ചിരുന്നു. സമകാലീന സമൂഹത്തിലെ സ്ഥിതിയും അതുതന്നെ. അന്നത്തെപ്പോലെ ഇന്നും മനുഷ്യന്‍ അചേതന വസ്തുക്കളെ ആരാധിക്കുന്നു. ചതിയും വഞ്ചനയും കളവും കൊള്ളയും പഴയതുപോലെ തുടരുന്നു. മദ്യം മോന്തിക്കുടിക്കുന്നതില്‍ പോലും മാറ്റമില്ല. ലൈംഗിക അരാജകത്വത്തിന്റെ അവസ്ഥയും അതുതന്നെ. എന്തിനേറെ, ആറാം നൂറ്റാണ്ടിലെ ചില അറേബ്യന്‍ ഗോത്രങ്ങള്‍ ചെയ്തിരുന്നതുപോലെ പെണ്‍കുഞ്ഞുങ്ങളെ ആധുനിക മനുഷ്യനും ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് ഒന്നും രണ്ടുമൊക്കെയായിരുന്നുവെങ്കില്‍ ഇന്ന് ലക്ഷങ്ങളും കോടികളുമാണെന്നു മാത്രം. വൈദ്യവിദ്യയിലെ വൈദഗ്ധ്യം അത് അനായാസകരമാക്കുകയും ചെയ്തിരിക്കുന്നു. നാം കിരാതമെന്ന് കുറ്റപ്പെടുത്തുന്ന കാലത്ത് സംഭവിച്ചിരുന്നപോലെ തന്നെ ഇന്നും മനുഷ്യന്‍ തന്റെ സഹജീവിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് കൂര്‍ത്തുമൂര്‍ത്ത കല്ലായിരുന്നു കൊലയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് വന്‍ വിസ്ഫോടന ശേഷിയുള്ള ബോംബാണെന്നു മാത്രം. അതിനാല്‍ കൊല ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ലോകത്തുണ്ടായ മാറ്റമൊക്കെയും തീര്‍ത്തും ബാഹ്യമത്രെ. അകം അന്നും ഇന്നും ഒന്നുതന്നെ. മനുഷ്യന്റെ മനമൊട്ടും മാറിയിട്ടില്ല. അതിനാല്‍ മൌലികമായൊരു മാറ്റവും സംഭവിച്ചിട്ടില്ല. പിന്നിട്ട നൂറ്റാണ്ടുകളിലെ പുരുഷാന്തരങ്ങളില്‍ മനംമാറ്റവും അതുവഴി ജീവിത പരിവര്‍ത്തനവും സൃഷ്ടിച്ച ആദര്‍ശവിശ്വാസങ്ങള്‍ക്കും മൂല്യബോധത്തിനും മാത്രമേ ഇന്നും അതുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ആറാം നൂറ്റാണ്ടിലെ മാനവമനസ്സിന് സമാധാനവും ജീവിതത്തിന് വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സുരക്ഷയും രാഷ്ട്രത്തിന് ഭദ്രതയും നല്‍കിയ ദൈവികജീവിതവ്യവസ്ഥക്ക് ഇന്നും അതിനൊക്കെയുള്ള കരുത്തും പ്രാപ്തിയുമുണ്ട്. പ്രയോഗവല്‍ക്കരണത്തിനനുസൃതമായി അതിന്റെ സമകാലിക പ്രസക്തിയും പ്രാധാന്യവും സദ്ഫലങ്ങളും പ്രകടമാകും; പ്രകടമായിട്ടുണ്ട്; പ്രകടമാകുന്നുമുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും സമര്‍പ്പിക്കുന്ന സമഗ്ര ജീവിതവ്യവസ്ഥയില്‍ ഒരംശം പോലും ആധുനിക ലോകത്തിന് അപ്രായോഗികമോ അനുചിതമോ ആയി ഇല്ലെന്നതാണ് വസ്തുത. എന്നല്ല; അതിന്റെ പ്രയോഗവല്‍ക്കരണത്തിലൂടെ മാത്രമേ മാനവരാശി ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പൂര്‍ണമായും പരിഹരിക്കപ്പെടുകയുള്ളൂ.


 

No comments:

Post a Comment