Friday, March 12, 2010

അമുസ്ലിംകളെല്ലാം നരകത്തിലോ?

മുസ്ലിം സമുദായത്തില്‍ ജനിക്കുന്നവര്‍ക്ക് ദൈവത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയും സ്വര്‍ഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും ലഭിക്കും. മറ്റുള്ളവര്‍ക്കത് കിട്ടുകയില്ല. അതിനാല്‍ ആ അറിവ് ലഭിക്കാത്തതിന്റെ പേരില്‍ അതനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ പറയുന്നത്?
മുസ്ലിം സമുദായത്തില്‍ ജനിക്കുകവഴി, ദൈവത്തെയും ദൈവിക ജീവിത വ്യവസ്ഥയെയും സംബന്ധിച്ച വ്യക്തമായ അറിവു ലഭിച്ച ശേഷം അതനുസരിച്ച് ജീവിക്കാത്തവന്‍ സത്യനിഷേധി (കാഫിര്‍) യാണ്. അവര്‍ക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ദൈവത്തെയും ദൈവിക ജീവിതക്രമത്തെയും സംബന്ധിച്ച് അറിവുള്ളവരെല്ലാം മറ്റുള്ളവരെ അതറിയിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഈ ബാധ്യത നിര്‍വഹിച്ചില്ലെങ്കില്‍ അതിന്റെ പേരിലും പരലോകത്ത് അവര്‍ ശിക്ഷാര്‍ഹരായിരിക്കും.
എന്നാല്‍ ദൈവത്തെയും ദൈവിക മതത്തെയും സംബന്ധിച്ച് ഒട്ടും കേട്ടറിവു പോലുമില്ലാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നോ നരകാവകാശികളാകുമെന്നോ ഇസ്ലാം പഠിപ്പിക്കുന്നില്ല. ഖുര്‍ആനോ പ്രവാചക ചര്യയോ അങ്ങനെ പറയുന്നുമില്ല. മറിച്ച്, ദിവ്യ സന്ദേശം വന്നെത്തിയിട്ടില്ലാത്തവര്‍ ശിക്ഷിക്കപ്പെടില്ലെന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. പതിനേഴാം അധ്യായം പതിനഞ്ചാം വാക്യത്തിലിങ്ങനെ കാണാം: "ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ, അതവന്റെ തന്നെ ഗുണത്തിനു വേണ്ടിയാകുന്നു. ആര്‍ ദുര്‍മാര്‍ഗിയാകുന്നുവോ, അതിന്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ ഇതരന്റെ ഭാരം വഹിക്കുകയില്ല. (സന്മാര്‍ഗം കാണിക്കാനായി) ദൈവദൂതന്‍ നിയോഗിതനാവുന്നതുവരെ നാമാരെയും ശിക്ഷിക്കാറുമില്ല.''
അതേസമയം ദൈവത്തെ സംബന്ധിച്ച് കേള്‍ക്കാത്തവരോ സാമാന്യധാരണയില്ലാത്തവരോ ഉണ്ടാവുകയില്ല. അവര്‍ ദൈവത്തെക്കുറിച്ച് കൂടുതലന്വേഷിക്കാനും ആ ദൈവം വല്ല ജീവിതമാര്‍ഗവും നിശ്ചയിച്ചുതന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ബാധ്യസ്ഥരാണ്. അപ്രകാരം തന്നെ സ്വര്‍ഗമുണ്ടെന്നും നിശ്ചിത മാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂവെന്നുമുള്ള കാര്യം കേട്ടറിഞ്ഞവരൊക്കെയും അതേക്കുറിച്ച് പഠിക്കാന്‍ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമായ കുറ്റമാവുക സ്വാഭാവികമാണല്ലോ.

No comments:

Post a Comment