Friday, March 26, 2010

ജിസ് യ

ഇസ്ലാമികരാഷ്ട്രം അമുസ്ലിം പൌരന്മാരില്‍നിന്ന് ജിസ് യ എന്ന മതനികുതി ഈടാക്കാറില്ലേ? അത് കടുത്ത വിവേചനവും അനീതിയുമല്ലേ?
ജിസ് യ മതനികുതിയല്ല. ആണെന്ന ധാരണ അബദ്ധമാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട വിഷയമെന്ന നിലയില്‍ ഇത് അല്‍പം വിശദീകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുസ്ലിംകള്‍ തങ്ങളുടെ കാര്‍ഷികവരുമാനത്തിന്റെ പത്തു ശതമാനവും ഇതര സാമ്പത്തിക വരുമാനങ്ങളുടെ രണ്ടര ശതമാനവും പൊതു ഖജനാവില്‍ അടക്കാന്‍ ബാധ്യസ്ഥരാണ്. ഇത് മതപരമായ ആരാധനാകര്‍മം കൂടിയായതിനാല്‍ ഇതര മതവിഭാഗക്കാരുടെ മേല്‍ നിര്‍ബന്ധമാക്കാന്‍ നിര്‍വാഹമില്ല. കാരണം അതവരുടെ മതസ്വാതന്ത്യ്രത്തിന്റെ നിഷേധമായിരിക്കും. അതിനാല്‍ സമൂഹത്തില്‍ സാമ്പത്തിക സന്തുലിതത്വം നിലനിര്‍ത്താനായി അമുസ്ലിം പൌരന്മാരുടെ മേല്‍ ഇസ്ലാമിലെ മതചടങ്ങുകളുമായി ബന്ധമില്ലാത്ത മറ്റൊരു നികുതി ചുമത്തുകയാണുണ്ടായത്. അതാണ് ജിസ് യ. മുസ്ലിംകളില്‍നിന്ന് രാഷ്ട്രം നിര്‍ബന്ധമായും പിരിച്ചെടുക്കുന്ന സകാത്തിനു പകരമുള്ള നികുതിയാണത്.
സമ്പത്തുള്ള മുസ്ലിംകളെല്ലാം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും രോഗികളും ഉള്‍പ്പെടെ ആരും തന്നെ അതില്‍നിന്ന് മുക്തരല്ല. എന്നാല്‍ അതിനെയപേക്ഷിച്ച് ജിസ് യ യില്‍ ഒട്ടേറെ ആനുകൂല്യങ്ങളും ഇളവുകളുമുണ്ട്. സ്ത്രീകള്‍, കുട്ടികള്‍, അന്ധന്മാര്‍, വൃദ്ധന്മാര്‍, ഭ്രാന്തന്മാര്‍, മാറാരോഗികള്‍, മഠങ്ങളിലെ സന്യാസിമാര്‍, പുരോഹിതന്മാര്‍ പോലുള്ളവരില്‍നിന്നൊന്നും ജിസ്യ പിരിക്കുന്നതല്ല. അതിനാല്‍ ജിസ്യ അമുസ്ലിം പൌരന്മാരോടുള്ള വിവേചനമോ അനീതിയോ അല്ല. അവര്‍ക്ക് സാമ്പത്തികമായി ഇളവ് ലഭിക്കാനുള്ള ഉപാധിയാണ്.
ആരെങ്കിലും മുസ്ലിംകളെപ്പോലെ സകാത്ത് നല്‍കാന്‍ സ്വയം സന്നദ്ധമായി മുന്നോട്ടു വരികയാണെങ്കില്‍ അവരെ ഇസ്ലാമിക രാഷ്ട്രം ജിസ് യ യില്‍നിന്ന് ഒഴിവാക്കുന്നതാണ്. ചരിത്രത്തിലിതിന് ഏറെ ഉദാഹരണങ്ങള്‍ കാണാം. ഒന്നിവിടെ ഉദ്ധരിക്കാം: സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "അവരോട് (തഗ്ലിബ് ഗോത്രം) അമുസ്ലിം ഗോത്രങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിനു പകരമായി ചുമത്തുന്ന കരം- ജിസ് യ- അടക്കാനും അദ്ദേഹം (ഉമറുല്‍ ഫാറൂഖ്) ആവശ്യപ്പെട്ടു. എന്നാല്‍ ജിസ് യ കൊടുക്കുന്നത് അപമാനമായി കരുതിയ തഗ്ലിബ് ഗോത്രം തങ്ങളെ മുസ്ലിംകളെപ്പോലെ നികുതി (സകാത്ത്) അടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഖലീഫ അതനുവദിക്കുകയും അവര്‍ മുസ്ലിംകളെപ്പോലെ ജിസ് യയുടെ ഇരട്ടി വരുന്ന സംഖ്യ ഖജനാവിലേക്കടക്കുകയും ചെയ്തു'' (ഇസ്ലാം പ്രബോധനവും പ്രചാരവും, പുറം 62).
ഇസ്ലാമികരാഷ്ട്രത്തിലെ മുഴുവന്‍ പൌരന്മാരെയും സംരക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. അതിനാല്‍ മുസ്ലിംകളുടെ മാത്രമല്ല, അമുസ്ലിംകളുടെയും ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ നിര്‍ബന്ധ സൈനികസേവനം നിര്‍വഹിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരായിരുന്നു. ഈ വിധം സംരക്ഷണം ഉറപ്പു നല്‍കുന്നതിനും പട്ടാളസേവനത്തില്‍നിന്ന് ഒഴിവാക്കുന്നതിനും പകരമായാണ് അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നത്. സൈനികസേവനത്തിന് അക്കാലത്ത് ശമ്പളമുണ്ടായിരുന്നില്ലെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. എപ്പോഴെങ്കിലും രാജ്യനിവാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് സാധിക്കാതെ വന്നാല്‍ ജിസ് യ തിരിച്ചുനല്‍കുക പതിവായിരുന്നു. അപ്രകാരം തന്നെ സൈനികസേവനത്തിന് സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരെയും ജിസ് യ യില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "ചിലര്‍ നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതുപോലെ മുസ്ലിം വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ശിക്ഷയായി ക്രൈസ്തവരുടെ മേല്‍ ചുമത്തപ്പെടുന്നതല്ല ഈ നികുതി. എല്ലാ അമുസ്ലിം പൌരന്മാരും അടക്കേണ്ടതായിരുന്നു അത്. മതപരമായ കാരണങ്ങളാല്‍ നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടിരുന്നു. മുസ്ലിംകള്‍ നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായാണ് അവര്‍ ജിസ് യ കൊടുക്കേണ്ടി വന്നത്....
"തുര്‍ക്കീ ഭരണകാലത്ത് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ക്രിസ്ത്യാനികളും ജിസ് യ യില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി കാണാം. കൊറിന്‍ത് കരയിടുക്കിലേക്ക് നയിക്കുന്ന സിത്തിറോണ്‍, ഗറാനിയ ചുരങ്ങള്‍ കാക്കാന്‍ ഒരു സംഘം സായുധരെ നല്‍കാമെന്ന വ്യവസ്ഥയില്‍ അല്‍ബേനിയന്‍ ക്രൈസ്തവവര്‍ഗമായ മെഗാരികളെ തുര്‍ക്കികള്‍ ജിസ് യ യില്‍നിന്ന് ഒഴിവാക്കിയിരുന്നു. തുര്‍ക്കീ സൈന്യത്തിന്റെ മുമ്പേ പോയി നിരത്തുകളും പാലങ്ങളും നന്നാക്കിയിരുന്ന ക്രിസ്തീയ സംഘത്തില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ലെന്നു മാത്രമല്ല, കരം വാങ്ങാതെ അവര്‍ക്ക് ഭൂമി പതിച്ചുകൊടുക്കുകകൂടി ചെയ്തിരുന്നു. ഹൈസ്രയിലെ ക്രിസ്ത്യാനികള്‍ സുല്‍ത്താന് ജിസ് യ നല്‍കിയിരുന്നില്ല. പകരമായി അവര്‍ 250 ദൃഢഗാത്രരായ നാവികരെ തുര്‍ക്കിപ്പടക്കു നല്‍കി.
"ആര്‍മത്തോളി എന്നു വിളിക്കപ്പെടുന്ന തെക്കന്‍ റുമാനിയക്കാരാണ് പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ തുര്‍ക്കി സൈന്യത്തില്‍ മുഖ്യഘടകമായിരുന്നത്. സ്കൂട്ടാരിക്കു വടക്കുള്ള പര്‍വതനിരകളില്‍ വസിച്ചിരുന്ന മിര്‍ദികള്‍ എന്ന അല്‍ബേനിയന്‍ കത്തോലിക്കര്‍ കരത്തില്‍നിന്നൊഴിവാക്കപ്പെട്ടിരുന്നു. യുദ്ധവേളയില്‍ സായുധ സംഘത്തെ നല്‍കാമെന്നായിരുന്നു അവരുടെ പ്രതിജ്ഞ. അതേപോലെ ഗ്രീക്ക് ക്രിസ്ത്യാനികളെയും ജിസ് യ യില്‍നിന്നൊഴിവാക്കി. കോണ്‍സ്റാന്റിനോപ്പിളിലേക്ക് ശുദ്ധജലം കൊണ്ടുവന്നിരുന്ന കല്‍ക്കുഴലുകള്‍ അവരായിരുന്നു സംരക്ഷിച്ചിരുന്നത്. നഗരത്തിലെ വെടിമരുന്നുശാലക്ക് കാവലിരുന്നവരേയും കരത്തില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, ഈജിപ്തിലെ ഗ്രാമീണ കര്‍ഷകര്‍ സൈനികസേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ അവരുടെ മേല്‍ ക്രിസ്ത്യാനികളെപ്പോലെ കരം ചുമത്തുകയും ചെയ്തു.''(സര്‍ തോമസ് ആര്‍ണള്‍ഡ്, ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 73-76).
നബിതിരുമേനിയുടെ കാലത്ത് മദീനയിലെ അമുസ്ലിം വിഭാഗങ്ങള്‍ രാഷ്ട്രത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നതിനാല്‍ അവരില്‍നിന്ന് ജിസ് യ ഈടാക്കിയിരുന്നില്ല.
ചുരുക്കത്തില്‍, പാശ്ചാത്യര്‍ പ്രചരിപ്പിക്കുകയും അവരുടെ മെഗാഫോണുകളായി മാറിയ മറ്റുള്ളവര്‍ ഏറ്റുപിടിക്കുകയും ചെയ്യുന്നതുപോലെ ജിസ് യ ഒരു മതനികുതിയല്ല. ഒരിക്കലും അങ്ങനെ ആയിരുന്നിട്ടുമില്ല. യഥാര്‍ഥത്തിലിത് യുദ്ധനികുതിയാണ്. കഴിവും കായികബലവും ഉണ്ടായിരുന്നിട്ടും സൈനികസേവനമനുഷ്ഠിക്കാന്‍ സന്നദ്ധമാവാതെ മാറിനിന്നവരാണ് അത് നല്‍കേണ്ടിവന്നിരുന്നത്. നിര്‍ബന്ധ സൈനിക സേവനം നിലനിന്നിരുന്ന ഘട്ടത്തില്‍ അതില്‍നിന്നൊഴിവാക്കുകയും അതോടൊപ്പം ശാരീരികവും സാമ്പത്തികവുമായ സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്തിരുന്നതിന്റെ പ്രതിഫലമായിരുന്നു അത്. എന്നാല്‍ ഇസ്ലാമികരാഷ്ട്രത്തിലെ മുസ്ലിം പൌരന്മാര്‍ നിര്‍ബന്ധ സൈനിക സേവനമനുഷ്ഠിച്ചാലും ഭരണകൂടത്തിനു സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. എക്കാലത്തും സകാത്ത് സംഖ്യ ജിസ് യ യേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്ന വസ്തുത വിസ്മരിക്കാവതല്ല. അമുസ്ലിം പൌരന്മാര്‍ സകാത്ത് നല്‍കുകയോ സൈനികസേവനമനുഷ്ഠിക്കാന്‍ സന്നദ്ധമാവുകയോ ചെയ്തപ്പോഴെല്ലാം അവരെ ജിസ് യയില്‍നിന്നൊഴിവാക്കിയിരുന്നു. സൈനികവൃത്തി വേതനമുള്ള തൊഴിലായി മാറിയ ഇക്കാലത്തും ഇസ്ലാമിക രാഷ്ട്രം അമുസ്ലിം പൌരന്മാരുടെ മേല്‍ ജിസ് യ ചുമത്തുന്നതല്ല. അതിനാല്‍ മതന്യൂനപക്ഷങ്ങള്‍ ഇസ്ലാമികരാഷ്ട്രത്തില്‍ ഒരുവിധ വിവേചനവും അനുഭവിക്കുകയില്ലെന്നു മാത്രമല്ല, സകാത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നതിനാല്‍ മുസ്ലിംകളേക്കാള്‍ സാമ്പത്തിക സൌകര്യവും ആനുകൂല്യവും അനുഭവിക്കുകയും ചെയ്യുന്നു

No comments:

Post a Comment