Friday, March 12, 2010

സ്വര്‍ഗജീവിതം ഏത് വിധം?

ഇസ്ലാം വിഭാവന ചെയ്യുന്ന സ്വര്‍ഗത്തെ സംബന്ധിച്ച വിവരണം കേട്ടപ്പോഴെല്ലാം അത് സമ്പന്ന സമൂഹത്തിന്റെ സുഖസമൃദ്ധമായ ജീവിതത്തിന് സമാനമായാണനുഭവപ്പെട്ടത്. ഭൂമിയിലെ ജീവിതം പോലെത്തന്നെയാണോ സ്വര്‍ഗജീവിതവും?
അഭൌതികമായ ഏതിനെ കുറിച്ചും അറിവ് ലഭിക്കാനുള്ള ഏക മാധ്യമം ദിവ്യബോധനം മാത്രമത്രെ. അതിനാല്‍ ദൈവം, സ്വര്‍ഗം, നരകം, മാലാഖമാര്‍, പിശാചുക്കള്‍ എന്നിവയെക്കുറിച്ച് ദൈവദൂതന്മാരിലൂടെ ലഭിച്ച വിശദീകരണങ്ങളല്ലാതെ മറ്റൊന്നും ആര്‍ക്കും അറിയുകയില്ല. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്റെ പരിമിതിയില്‍നിന്നുകൊണ്ട് അവന് മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയിലും ശൈലിയിലുമാണ് ദൈവം അഭൌതിക കാര്യങ്ങളെ സംബന്ധിച്ച വിശദീകരണം നല്‍കിയത്. അതിനാല്‍ സ്വര്‍ഗത്തെക്കുറിച്ച് വിവരിക്കവെ, അല്ലലും അലട്ടുമൊട്ടുമില്ലാത്ത സംതൃപ്തവും ആഹ്ളാദഭരിതവുമായ ജീവിതമാണ് അവിടെ ഉണ്ടാവുകയെന്ന വസ്തുത വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: "അവിടെ നിങ്ങള്‍ ആശിക്കുന്നതെല്ലാം ലഭിക്കും. നിങ്ങള്‍ക്കു വേണമെന്ന് തോന്നുന്നതെല്ലാം നിങ്ങളുടേതാകും.'' (41: 31)
മനുഷ്യന്റെ സകല സങ്കല്പങ്ങള്‍ക്കും ഉപരിയായ സ്വര്‍ഗീയ സുഖത്തെ സംബന്ധിച്ച് പ്രവാചകന്‍ പറഞ്ഞത്, ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനസ്സും മനനം ചെയ്തിട്ടില്ലാത്തതുമെന്നാണ്. അതിനാല്‍ സ്വര്‍ഗജീവിതം ഏതു വിധമായിരിക്കുമെന്ന് ഇവിടെവച്ച് നമുക്ക് കണക്കുകൂട്ടുക സാധ്യമല്ല. എന്നാല്‍ പ്രയാസമൊട്ടുമില്ലാത്തതും മോഹങ്ങളൊക്കെയും പൂര്‍ത്തീകരിക്കപ്പെടുന്നതും സുഖവും സന്തോഷവും സംതൃപ്തിയും സമാധാനവും നിറഞ്ഞതുമായിരിക്കുമെന്നതില്‍ സംശയമില്ല.

3 comments:

  1. വന്നു. വായിച്ചു. കൂടുതൽ വായനയ്ക്കായി വീണ്ടും വരാം

    ReplyDelete
  2. നന്ദി
    മോനൂനും ബഷീറ് ഇക്കാക്കും

    ReplyDelete