Monday, March 8, 2010

ദൈവാവതാരം സത്യമോ മിഥ്യയോ?

അവതാരസങ്കല്‍പത്തെ ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് താങ്കള്‍ പറഞ്ഞുവല്ലോ. ദൈവം വിവിധ രൂപേണ അവതരിക്കുമെന്ന വിശ്വാസം ഇസ്ലാമിന്ന് വിരുദ്ധമാണോ?'
ഇസ്ലാമിക വീക്ഷണത്തില്‍ ദൈവം ഏകനാണ്, അനാദിയാണ്, അനന്തനാണ്, അദൃശ്യനാണ്, അരൂപിയാണ്, അതുല്യനാണ്, അസദൃശനാണ്, അവിഭാജ്യനാണ്, ജനിമൃതികള്‍ക്കതീതനാണ്. എന്നാല്‍ ദൈവാവതാരമെന്ന് അവകാശപ്പെടുന്നവയ്ക്കെല്ലാം ജനനമുണ്ട്, മരണമുണ്ട്, രൂപമുണ്ട്, സ്ഥലകാലവുമായി ബന്ധമുണ്ട്, പരിധികളും പരിമിതികളുമുണ്ട്. ദൈവം ഇതിനെല്ലാം അതീതനത്രെ. അതിനാല്‍ ഇസ്ലാം അവതാര സങ്കല്‍പത്തെ അനുകൂലിക്കുന്നില്ലെന്നു മാത്രമല്ല, ശക്തമായെതിര്‍ക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇസ്ലാം മാത്രമല്ല അതിനെ എതിര്‍ക്കുന്നത്. ഹൈന്ദവവേദദര്‍ശനവും അവതാരസങ്കല്‍പത്തിനെതിരാണ്. അത് ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമേയല്ല, പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.

ദൈവം മനുഷ്യശരീര രൂപമണിയുന്നവനാണെന്ന വിശ്വാസത്തെ ഭഗവത്ഗീത ശക്തമായെതിര്‍ക്കുന്നു:
"അവജാനന്തി മാം മൂഢാഃ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം.
മോഘാശാ മോഘകര്‍മാണോ മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസൂരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ''

(ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢ•ാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി നിന്ദിക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവര്‍ ചെയ്യുന്ന കര്‍മങ്ങളും അവര്‍ക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവര്‍ അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസപ്രകൃതിയെയും അസുരപ്രകൃതിയെയും ആശ്രയിച്ചുള്ളവരാകുന്നു.) (അധ്യായം 9, രാജവിദ്യാരാജ ഗുഹ്യയോഗം, ശ്ളോകം: 11, 12)

നമ്മുടെ രാജ്യത്ത് ദൈവാവതാരങ്ങളായി ഗണിച്ച് ആരാധിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ എന്നിവരെക്കുറിച്ച് പ്രമുഖ വേദപണ്ഡിതനായ വാഗ്ഭടാനന്ദ ഗുരു എഴുതുന്നു:
"സൃഷ്ടിസ്ഥിത്യന്തകരണീം ബ്രഹ്മവിഷ്ണു ശിവാത്മികാം
സ സംജ്ഞാം യാതി ഭഗവാനേക ഏവ മഹേശ്വരഃ (വിഷ്ണുപുരാണം 1- 2- 66).

അര്‍ഥം: സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്നതുകൊണ്ട് ഏകനായ ഈശ്വരനെ ബ്രഹ്മാവെന്നും വിഷ്ണുവെന്നും ശിവന്‍ എന്നും വിളിക്കുന്നു. ഇതുകൊണ്ട് പൌരാണിക•ാരുടെ ഇടയിലും ഏകദൈവവിശ്വാസമാണുള്ളതെന്ന് അനായാസേന ഗ്രഹിക്കാവുന്നതാണ്.

'സത്യം അങ്ങനെയാണെങ്കിലും പൌരാണികന്മാര്‍ തുടങ്ങി ഇതുവരെയുള്ള ബഹുജനങ്ങള്‍ ബ്രഹ്മാദികളെ വെവ്വേറെ ഈശ്വരന്മാരായി വിശ്വസിച്ചുവരുന്നുണ്ടല്ലോ! ഇതിനു പരമാണുഗ്രായമായിട്ടെങ്കിലും വല്ല കാരണവും ഉണ്ടോ, ഉണ്ടെങ്കില്‍ അത് എന്തായിരിക്കും എന്നു ചോദിക്കുന്നു. എങ്കില്‍ ഞാന്‍ കുറഞ്ഞൊരു സമാധാനം പറയാം. പണ്ട് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നും മറ്റും ചില മനുഷ്യര്‍ ഉണ്ടായിരുന്നു. അവരെല്ലാം മതവാദികളും ബുദ്ധമതപ്രചാരണത്തോടുകൂടി ഉടഞ്ഞുതകര്‍ന്നുപോയ പൌരോഹിത്യ പ്രഭാവക്കോട്ടയുടെ പുനരുദ്ധാരണത്തിന്നായി കൈയുയര്‍ത്തി ചാടിപ്പുറപ്പെട്ട വീരവീരന്മാരും ആയിരുന്നു. ഇവരുടെ ഇടയില്‍ ബ്രഹ്മാവ് കുറെ നല്ല മനസ്ഥിതിയുള്ള ഒരാളായിരുന്നു എന്നു വിശ്വസിക്കാം. അദ്ദേഹം തന്റെ മതം പ്രചരിപ്പിക്കുന്നതിന് ആയുധം ഉപയോഗിച്ചിരുന്നില്ല. അതായിരുന്നു അദ്ദേഹത്തിനുള്ള വൈശിഷ്ട്യം. വിഷ്ണുവും ശിവനും തങ്ങളുടെ മതപ്രചാരണത്തിന്നായി കരവാള്‍, ഗദ, ശൂലം മുതലായവ നിഷ്കരുണം ഉപയോഗിച്ചു. അതിന്റെ ഫലമായിട്ട് അവരുടെ മതം ഇന്ത്യയില്‍ പ്രബലപ്പെട്ടു. വിഷ്ണു, വികുണ്ഠ എന്ന സ്ത്രീയുടെ മകനും വൈകുണ്ഠനെന്ന് പ്രസിദ്ധനുമാകുന്നു. അദ്ദേഹം ആര്യവര്‍ഗത്തില്‍ പെട്ട ഒരുവനായിരുന്നു എന്നു വിശ്വസിക്കുന്നതിന് വിരോധമില്ല. ഭിക്ഷാശിയായി സഞ്ചരിച്ചതുകൊണ്ടും സര്‍പ്പവശീകരണത്തില്‍ സാരസ്യം കാട്ടിയിരുന്നതുകൊണ്ടും 'നങ്ങ' എന്ന കുറവസ്ത്രീയുടെ പിതാവായിരുന്നതുകൊണ്ടും മദ്യപാനത്തില്‍ ആസക്തനായിരുന്നു എന്നറിയപ്പെട്ടതുകൊണ്ടും മറ്റും 'ശിവന്‍' ഒരു കുറവനായിരുന്നു എന്നൂഹിക്കാന്‍ വഴിയുണ്ട്. ഏതായാലും ശിവന്റെ നൈവേദ്യത്തെ ഇന്നും ബ്രാഹ്മണജാതിക്കാര്‍ ഭക്ഷിക്കാത്തതുകൊണ്ട് അദ്ദേഹം താഴ്ത്തപ്പെട്ട ഒരു ജാതിയില്‍ ഉള്‍പ്പെട്ട ആളായിരിക്കണമെന്നത് തീര്‍ച്ച തന്നെ. 'ബ്രഹ്മാവിന്റെ കഴുത്തറുത്ത പാതകം നിമിത്തമാണ് ബ്രാഹ്മണ ജാതിക്കാര്‍ ശിവനൈവേദ്യം ഭക്ഷിക്കാത്തത്' എന്നു പറയുന്നതു സ്വീകാര്യമല്ല. അങ്ങനെയാണെങ്കില്‍ അനേകായിരം ജനങ്ങളുടെ ഗളനാളം മുറിച്ച് ജനാര്‍ദനന്‍ എന്ന പേര്‍ സമ്പാദിച്ചതിന് പുറമെ മാതൃഹത്യാ മഹാപാതകവും കൂടി ചെയ്ത വിഷ്ണുവിന്റെ നൈവേദ്യം മേല്‍ജാതിക്കാര്‍ ആഹരിക്കുന്നതെങ്ങനെ? ഈ വിഷ്ണുവും ശിവനും പരമദ്രോഹികളായിരുന്നു എന്നതിനുപുറമെ അന്യോന്യമത്സരികളുമായിരുന്നു. ശിവന്‍ ബ്രഹ്മമതത്തെ നിഷ്പ്രയാസം ഉടച്ചിരുന്നു. ബ്രഹ്മാവിന്റെ ശിരസ്സറ്റുപോയി എന്ന ഐതിഹ്യത്തിന്റെ മൂലം അതാണ്. ബ്രഹ്മമതം തകര്‍ന്നുപോകയാല്‍ ബ്രഹ്മാവിനെ കുടിവെപ്പാനും ആരാധിപ്പാനും അധികം പേരുണ്ടായിരുന്നില്ല. തന്മൂലം അദ്ദേഹം അനാരാധ്യകോടിയില്‍ ഗണിക്കപ്പെട്ടു. വൈഷ്ണവന്മാരും ശൈവന്മാരും കൂടുതല്‍ ഉണ്ടാകയാല്‍ വിഷ്ണുവിന്റെയും ശിവന്റെയും മരണശേഷം അവരെ സാദരം കുടിവയ്ക്കുന്നതിനും ആരാധിക്കുന്നതിനും അത്യധികം സൌകര്യമുണ്ടായി. ഇന്ത്യയില്‍ വിഷ്ണുക്ഷേത്രങ്ങളും ശിവക്ഷേത്രങ്ങളും ധാരാളം ആവിര്‍ഭവിച്ചതിനു കാരണം ഇതുതന്നെ. ആയുധങ്ങള്‍ ഉപയോഗിച്ചു അനവരതം സാധുദ്രോഹം ചെയ്തിരുന്നതുകൊണ്ടും അന്യോന്യം കലഹങ്ങള്‍ നടത്തിയിരുന്നതുകൊണ്ടും മറ്റു പല കാരണങ്ങള്‍കൊണ്ടും ശിവന്റെയും വിഷ്ണുവിന്റെയും മനസ്ഥിതി ലേശം പോലും ഉല്‍കൃഷ്ടമായിരുന്നില്ലെന്ന് ധരിക്കുവാന്‍ ബുദ്ധിയുള്ള ഏതു മനുഷ്യന്നും എളുപ്പമാകുന്നു. ശിവന്റെ ദുഃസ്ഥിതിയെ വെളിവായി ഗ്രഹിക്കണമെങ്കില്‍ അദ്ദേഹം ഏര്‍പ്പെടുത്തിയ ശാക്തേയത്തിലുള്ള വാമതന്ത്രം ഒന്നു വായിച്ചുനോക്കിയാല്‍ മതി. മനുഷ്യരെ ഉടലോടെ നരകത്തില്‍ തള്ളിവിടുന്ന നഗ്നങ്ങളും ബീഭത്സങ്ങളുമായ ദുരാചാരങ്ങളാണ് അതില്‍ പ്രതിപാദിക്കപ്പെടുന്നത്. വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവരെ വിഷ്ണുവിന്റെ അവതാര പുരുഷന്മാരാക്കിയും ശൈവമതത്തിന് പ്രാബല്യം വരുത്തിയവരെ ശിവന്റെ പുത്രന്മാരാക്കിയും വര്‍ണിക്കുകയാണ് പ്രായേണ ചെയ്തുകാണുന്നത്. ശ്രീരാമനും ശ്രീകൃഷ്ണനും മറ്റും അവതാര പുരുഷന്മാരായതും ഗണപതിയും സുബ്രഹ്മണ്യനും ശിവസൂതന്മാരായതും ഈ വഴിയില്‍ കൂടിയാകുന്നു.'' (വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1998 പുറം 751-752)

വാഗ്ഭടാനന്ദ ഗുരു തന്നെ ഇക്കാര്യം സംഭാഷണ രൂപേണ ഇങ്ങനെ വ്യക്തമാക്കുന്നു:
"രാമന്‍: സ്നേഹിത, നിങ്ങള്‍ ഈശ്വരവിശ്വാസമില്ലാതെ ജീവിക്കുന്നതില്‍ ഞാന്‍ വ്യസനിക്കുന്നു.
കൃഷ്ണന്‍: ഞാന്‍ ഈശ്വരവിശ്വാസിയല്ലെന്ന് നിങ്ങളോടാരാണ് പറഞ്ഞത്?
രാമന്‍: ആരെങ്കിലും പറഞ്ഞുതരേണമോ? ശിവന്‍, വിഷ്ണു, ബ്രഹ്മാവ് തുടങ്ങിയ സകാരമൂര്‍ത്തികളെ നിഷേധിച്ചു പ്രസംഗങ്ങള്‍ നടത്തുന്ന നിങ്ങള്‍ ഒരു ഭയങ്കരനായ നിരീശ്വരനല്ലേ?
കൃഷ്ണന്‍: സ്നേഹിത, ആകാരഭേദങ്ങളോടുകൂടിയ ശിവനും വിഷ്ണുവും മറ്റും ഈശ്വരസ്ഥാനത്തില്‍ അഭിഷിക്തരാകുന്നതിന് അര്‍ഹന്മാരല്ലെന്നും ശിവാദികളെ സൃഷ്ടിച്ച സര്‍വശക്തനാണ് ഈശ്വരനെന്നും വിശ്വസിക്കുന്ന ഞാനല്ലയോ ഈശ്വരവിശ്വാസി? നശ്വരങ്ങളും ഈശ്വരസൃഷ്ടങ്ങളുമായ സാകാരവസ്തുക്കളെ ഈശ്വരന്മാരെന്ന് വിശ്വസിച്ചും തദനുസാരം ആരാധിച്ചും വരുന്ന നിങ്ങളല്ലെയോ ധൂര്‍ത്തന്മാരായ നിരീശ്വരന്മാര്‍?
രാമന്‍: ആശ്ചര്യം! ആശ്ചര്യം! സാകാരമൂര്‍ത്തികളായ ശിവാദികള്‍ നശ്വരന്മാരാണോ? എന്തൊരധികപ്രസംഗമാണിത്? എനിക്കിതൊന്നും കേള്‍ക്കേണ്ട.
കൃഷ്ണന്‍: സ്നേഹിത, ആകാരമുള്ള എല്ലാ പദാര്‍ഥങ്ങളും നശ്വരങ്ങളാണ്. ഇതിന്റെ തെളിവിന്ന് ഒരു ഘടത്തെ പരിശോധിച്ചാല്‍ മതി. ഘടം ആകാരമുള്ളതാകുന്നു, അത് നശിക്കുന്നതുമാകുന്നു. ഈ നിയമം പരമാണു കാരണവാദികള്‍ കൂടി സമ്മതിക്കാതിരിക്കില്ല. എന്തുകൊണ്ടെന്നാല്‍ ഈ നിയമം എവിടെയും ബാധകമാകുന്നു. എന്നാല്‍ സാകാരമായ ആ ഘടത്തിന് ഒരു കര്‍ത്താവു കൂടി വേണം. അല്ലാതെ ഘടം ഉണ്ടാവുകയില്ല. ആ കര്‍ത്താവാണ് കുശവന്‍. അതുപോലെ ശിവാദികള്‍ സാകാരന്മാരാണെങ്കില്‍ അവര്‍ നശിക്കുന്നവര്‍തന്നെ, സംശയമില്ല. അവരുടെ ഉല്‍പത്തിക്ക് ഒരു കര്‍ത്താവുണ്ടായിരിക്കണമെന്ന് അനുമാനിക്കണം. ആ കര്‍ത്താവത്രെ ഈശ്വരന്‍. 'വിശ്വസ്യ കര്‍ത്താ' എന്നും മറ്റും വേദങ്ങള്‍ ശ്ളാഘിക്കുന്നത് ആ ഈശ്വരനെയാകുന്നു. താദൃശനായ ഈശ്വരനെ വിശ്വസിക്കുകയും ജനിച്ചു മരിച്ച ശിവാദികളെ ഈശ്വരനെന്ന് വിശ്വസിക്കാതിരിക്കുകയും ചെയ്യുക. അതാണ് ഉചിതം. കഥയില്ലാതെ വല്ലതും വിശ്വസിക്കുകയും ആ മൂഢവിശ്വാസത്തെ ആക്ഷേപിക്കുന്ന ദയാശാലികളെ അധികപ്രസംഗികളെന്ന് അധിക്ഷേപിക്കുകയും ചെയ്യുന്നത് സുജനതക്ക് യോജിച്ചതല്ല.
രാമന്‍: കഷ്ടം! കഷ്ടം! ശിവാദികള്‍ ജനിച്ചു മരിച്ചവരെന്നോ! എന്തൊരു ധിക്കാരമാണിത്? ഇങ്ങനെ ആരെങ്കിലും പറയുമോ?
കൃഷ്ണന്‍: സ്നേഹിതാ, ശിവാദികള്‍ ജനിച്ചവരെങ്കില്‍ മരിക്കുകയില്ലേ? മരിച്ചിട്ടില്ലെങ്കില്‍ നാം കാണേണ്ടതുമാണ്; അവര്‍ സാകാരന്മാരാണല്ലോ! അവരെവിടെ? എന്തുകൊണ്ട് കാണുന്നില്ല?
രാമന്‍: ശിവ! ശിവ! അവരെ നാം കാണുകയോ? പാപികളായ നമുക്ക് അത്ര ഭാഗ്യമുണ്ടോ? പുണ്യവാളന്മാരായ സജ്ജനങ്ങള്‍ക്കു മാത്രമേ അവരെക്കാണാന്‍ കഴിയുകയുള്ളൂ!
കൃഷ്ണന്‍: രാവണന്‍ തുടങ്ങിയ രാക്ഷസന്മാരേക്കാള്‍ നാം പാപികളാണെന്നോ?
രാമന്‍: അതല്ല, രാവണാദികള്‍ നരഹത്യയും ബ്രഹ്മഹത്യയും ദേവന്മാരെ അടിച്ചോടിക്കുക എന്ന പാപകൃത്യവും ചെയ്ത ഘോരപാപികളല്ലേ? അത്ര പാപം നാം ചെയ്യുന്നില്ല. ചെയ്യുകയുമില്ല! രാവണാദികളേക്കാള്‍ നാം സുകൃതം ചെയ്തവരാണെന്ന് പറയേണ്ടതുണ്ടോ?
കൃഷ്ണന്‍: രാവണനും മറ്റും ശിവാദികളെ പലപ്പോഴും കാണുകയുണ്ടായല്ലോ. എന്നു മാത്രമല്ല, ബാണാസുരന്റെ കോട്ടയില്‍ കുറച്ചുകാലം ശിവന്‍ കാവല്‍ക്കാരനായിരുന്നില്ലേ? ആദ്യത്തെ ഭാര്യ മരിച്ചതിനു ശേഷം പാര്‍വതിയെന്ന മലയിപ്പെണ്ണിനെ അദ്ദേഹം കല്യാണം കഴിച്ചില്ലേ? ഇങ്ങനെ മഹാപാപികളായ രാക്ഷസന്മാര്‍ക്കു കൂടി ശിവനെ കാണാന്‍ മാത്രമല്ല, ഭൃത്യനാക്കുവാന്‍ കൂടി സാധിച്ചിട്ടുണ്ടെങ്കില്‍ ഒരു മലയിക്കുറത്തിപ്പെണ്ണിന് അദ്ദേഹത്തെ ഭര്‍ത്താവാക്കി വരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ നമുക്ക് പാപശക്തിയാല്‍ കാണാന്‍ കഴിയില്ലെന്ന് പറയുന്നത് കഥകേടല്ലേ?
രാമന്‍: ശിവന്‍ രണ്ടാമതും കല്യാണം കഴിച്ചത് മലയത്തിപ്പെണ്ണിനെയോ? എന്താ പറയുന്നത്? അനാവശ്യമായി അസംബന്ധം പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വളരുന്നു. വേണ്ട, വേണ്ടാസനം പറയണ്ട!
കൃഷ്ണന്‍: വേണ്ടാസനം പറയുകയല്ല. വേണ്ട ആസനം പറയുകയാണ്. പാര്‍വതിയെ ശിവന്‍ കല്യാണം കഴിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ?
രാമന്‍: ഉവ്വ്, കേട്ടിട്ടുണ്ട്.
കൃഷ്ണന്‍: പാര്‍വതിയെന്നു വച്ചാല്‍ ആരാണെന്നാണ് നിങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്? പര്‍വതം മലയാണെങ്കില്‍ പാര്‍വതി മലയിയല്ലേ? സംസ്കൃതഭാഷയില്‍ ഭ്രമിക്കാതെ അര്‍ഥമൊന്നു ചിന്തിച്ചുനോക്കുക! മാതംഗന്‍ എന്ന മലക്കുറവന്റെ മകളായ പാര്‍വതിയെന്ന മലയിയെക്കുറിച്ച് നിങ്ങള്‍ മറ്റൊരു പ്രകാരം ധരിച്ചിട്ടുണ്ടെങ്കില്‍ ഈ നൂറ്റാണ്ടില്‍ ചിലവാകാത്ത ആ ധാരണാഭേദവും കൊണ്ട് മറയത്തുപോകുന്നതാണ് നല്ലത്! കല്യാണം കഴിച്ച് മക്കളോടുകൂടി അങ്ങനെയങ്ങനെ ജീവിച്ചും മരിച്ചും മണ്ണടിഞ്ഞും പോയ ശിവാദികളെക്കുറിച്ചുള്ള വിശ്വാസം അകലെ തള്ളി ശാശ്വതനും നിരാകാരനുമായ ഈശ്വരനെ വിശ്വസിച്ചു നല്ല മനുഷ്യനായി ജീവിക്കാന്‍ നോക്കൂ! ഞങ്ങളോട് ഉപദേശിപ്പാന്‍ വരുന്നത് പിന്നെയാവട്ടെ''(വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍. പുറം 357-359)

ശ്രീസ്വാമി ദയാനന്ദസരസ്വതി ഈ വിഷയം ചോദ്യോത്തര രൂപത്തില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു:
"പ്രശ്നം: ഈശ്വരന്‍ അവതാരം സ്വീകരിക്കുന്നുണ്ടോ ഇല്ലയോ?
ഉത്തരം: ഇല്ല, എന്തെന്നാല്‍ 'അജ ഏകപാത്' (35-53), 'സ പര്യഗാത് ശുക്രമകായം' (40-8) എന്നു തുടങ്ങിയ യജുര്‍വേദ വചനങ്ങളില്‍നിന്ന് പരമേശ്വരന്‍ ജന്മം കൊള്ളുന്നില്ലെന്ന് മനസ്സിലാകുന്നുണ്ട്.
പ്രശ്നം: യദാ യദാ ഹി ധര്‍മസ്യ ഗ്ളാനിര്‍ഭവതി ഭാരത!
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം.
(ഭഗവത്ഗീത, അ. 4, ശ്ളോകം 7)

ധര്‍മത്തിന് ലോപം വരുമ്പോഴെല്ലാം ഞാന്‍ ശരീരം ധരിക്കുന്നു എന്ന് ശ്രീകൃഷ്ണന്‍ പറയുന്നുണ്ടല്ലോ?
ഉത്തരം: വേദവിരുദ്ധമായതുകൊണ്ട് ഇത് പ്രമാണമാകുന്നില്ല. ധര്‍മാത്മാവും ധര്‍മത്തെ രക്ഷിക്കാന്‍ ഇഛിക്കുന്നവനുമായ ശ്രീകൃഷ്ണന്‍ 'ഞാന്‍ യുഗംതോറും ജന്മം കൈക്കൊണ്ടു ശിഷ്ടജനങ്ങളെ പരിപാലിക്കുകയും ദുഷ്ടന്മാരെ സംഹരിക്കുകയും ചെയ്യും' എന്നിങ്ങനെ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. അങ്ങനെ ചെയ്യുന്നതില്‍ ദോഷമൊന്നുമില്ല. എന്തെന്നാല്‍ 'പരോപകാരായ സതാം വിഭൂതയഃ'- സജ്ജനങ്ങളുടെ ശരീരം, മനസ്സ്, ധനം എന്നിവയെല്ലാം പരോപകാരത്തിനായിട്ടുള്ളതാണല്ലോ. എന്നാലും ശ്രീകൃഷ്ണന്‍ ഇതുകൊണ്ട് ഈശ്വരനാണെന്ന് വരുവാന്‍ തരമില്ല.
പ്രശ്നം: ഇങ്ങനെയാണെങ്കില്‍, ലോകത്തില്‍ ഈശ്വരന്റെ ഇരുപത്തിനാല് അവതാരങ്ങളുണ്ടെന്നു പറയുന്നതിനെ എങ്ങനെയാണ് കൈക്കൊള്ളുന്നത്?
ഉത്തരം: വേദത്തിന്റെ അര്‍ഥം അറിഞ്ഞുകൂടാത്തതുകൊണ്ടും, സാമ്പ്രദായിക•ാരുടെ വഞ്ചനകള്‍ക്ക് വശംവദന്മാരാകുന്നതുകൊണ്ടും അവരവര്‍ക്ക് അറിവില്ലാത്തതുകൊണ്ടും അജ്ഞാതമാകുന്ന വലയില്‍ കുടുങ്ങിപ്പോകുന്നതുകൊണ്ടുമാണ് ഇങ്ങനെ പ്രമാണ ശൂന്യങ്ങളായ വാക്കുകള്‍ പറയുകയും അവയെ വിലവയ്ക്കുകയും ചെയ്യുന്നത്.
പ്രശ്നം: ഈശ്വരന്‍ അവതാരം ചെയ്യുന്നില്ലെങ്കില്‍ കംസന്‍, രാവണന്‍ മുതലായ ദുഷ്ടന്മാരെ സംഹരിപ്പാന്‍ എങ്ങനെ സാധിക്കും?
ഉത്തരം: ഒന്നാമത്, ജനിച്ചിട്ടുള്ളവരെല്ലാം നിശ്ചയമായും മരിക്കാതിരിക്കുകയില്ല. എന്നു മാത്രമല്ല, ശരീരം കൈക്കൊണ്ട് അവതരിക്കാതെ തന്നെ ജഗത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങള്‍ നടത്തുന്ന ഈശ്വരന്റെ മുമ്പില്‍ കംസന്‍, രാവണന്‍ മുതലായവര്‍ കേവലം ഒരു കൃമിയോട് സാദൃശ്യപ്പെടുത്തത്തക്കവര്‍ പോലുമല്ല. അദ്ദേഹം സര്‍വവ്യാപിയായതുകൊണ്ട് കംസരാവണാദികളുടെ ശരീരങ്ങളിലും കുടിനിറഞ്ഞിരിക്കുന്നവനാണ്. ഇഛിക്കുന്ന ക്ഷണത്തില്‍തന്നെ അവരുടെ മാറ് പിളര്‍ന്ന് അവരെ കൊന്നുകളയാന്‍ അദ്ദേഹത്തിനു കഴിയും. എണ്ണമറ്റ ഗുണ-കര്‍മ- സ്വഭാവങ്ങളോടുകൂടിയ പരമേശ്വരന്‍ ഒരു ക്ഷുദ്രജന്തുവിനെ കൊല്ലുവാനായി ജനനമരണങ്ങളുള്ളവനായിത്തീരുന്നുവെന്നു പറയുന്ന മനുഷ്യനെ വിഡ്ഢിയോടല്ലാതെ മറ്റാരോടാണ് ഉപമിക്കാന്‍ സാധിക്കുക?.... ഇതിനു പുറമെ പരമേശ്വരന്‍ ജന്മം സ്വീകരിക്കുന്നുണ്ടെന്നുള്ളത് യുക്തികൊണ്ടും കിട്ടുന്നില്ല. അതിരില്ലാത്തതായ ഈ ആകാശം ഗര്‍ഭത്തില്‍ അടങ്ങിയെന്നോ കരതലത്തില്‍ ഒതുങ്ങിയെന്നോ ആരെങ്കിലും പറയുന്നതായാല്‍ അതു നേരായി വരുവാന്‍ ഒരിക്കലും നിവൃത്തിയില്ല. എന്തെന്നാല്‍ ആകാശം അതിരറ്റതും എങ്ങും നിറഞ്ഞതുമാകുന്നു. അതിനാല്‍ ആകാശം അകത്തേക്ക് പ്രവേശിക്കുകയും പുറത്തേക്ക് നിര്‍ഗമിക്കുകയും ചെയ്യുന്നില്ല. അതുപോലെത്തന്നെ പരമാത്മാവ് അനന്തനും സര്‍വവ്യാപിയുമായതുകൊണ്ട് അദ്ദേഹത്തിന് പ്രവേശ നിര്‍ഗമങ്ങള്‍ ഉണ്ടെന്ന് സിദ്ധിക്കുന്ന കാര്യം ഒരിക്കലും ശക്യമല്ല. ഒരു വസ്തു എവിടെ ഇല്ലയോ അവിടെ മാത്രമേ ഗതാഗതങ്ങള്‍ സംഭവിക്കാന്‍ തരമുള്ളൂ. പരമേശ്വരന്‍ എങ്ങുനിന്നോ വന്നുവെന്നു പറയുവാന്‍, ഗര്‍ഭത്തില്‍ വ്യാപിച്ചിരുന്നില്ലെന്നോ? പരമേശ്വരന്‍ പുറത്ത് ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നുവെങ്കില്‍ പിന്നെ എങ്ങനെയാണ് നിര്‍ഗമിച്ചു എന്നു പറയുന്നത്? അറിവില്ലാത്തവരല്ലാതെ മറ്റാരാണ് ഈശ്വരനെപ്പറ്റി ഇങ്ങനെ പറയുകയും വിചാരിക്കുകയും ചെയ്യുക? അതുകൊണ്ട് പരമേശ്വരനു ഗതാഗതങ്ങളും ജനനമരണങ്ങളും ഉണ്ടെന്ന് സിദ്ധിക്കുവാന്‍ ഒരിക്കലും നിവൃത്തിയില്ല. അതിനാല്‍ യേശു മുതലായവരും ഈശ്വരന്റെ അവതാരമല്ലെന്നു മനസ്സിലാക്കിക്കൊള്ളുക. എന്തെന്നാല്‍, രാഗദ്വേഷങ്ങള്‍, ക്ഷുത്പിപാസകള്‍, ഭയശോകങ്ങള്‍, സുഖദുഃഖങ്ങള്‍, ജനനമരണങ്ങള്‍ മുതലായ ഗുണങ്ങളോടു കൂടിയവരായിരുന്നതുകൊണ്ട് അവര്‍ മനുഷ്യര്‍ തന്നെയായിരുന്നു''(സത്യാര്‍ഥ പ്രകാശം, പുറം 304-306).

അതിനാല്‍ ദൈവത്തിന് അവതാരമില്ലെന്നും ഉണ്ടാവുകയില്ലെന്നും ഇസ്ലാമിനെപ്പോലെ ഹിന്ദുദര്‍ശനവും അംഗീകരിക്കുന്നു. പ്രപഞ്ചത്തിലുള്ളതെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്. യേശുവും മോശെയും മുഹമ്മദും ബ്രഹ്മാവും വിഷ്ണുവും ശിവനും രാമനും കൃഷ്ണനുമൊന്നും ഇതില്‍നിന്നൊഴിവല്ല. അവരൊന്നും ഈശ്വരന്മാരോ ഈശ്വരാവതാരങ്ങളോ അല്ല. മറിച്ച് ഈശ്വരസൃഷ്ടങ്ങളാണ്. അതിനാല്‍, അവരെയൊന്നും വിളിച്ചു പ്രാര്‍ഥിക്കുകയോ ആരാധിക്കുകയോ അരുത്. അവര്‍ക്ക് നിവേദ്യങ്ങളോ നേര്‍ച്ചവഴിപാടുകളോ അര്‍പ്പിക്കരുത്. അവരുടെയൊക്കെ സ്രഷ്ടാവായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. മറിച്ചു സംഭവിക്കുന്നതെല്ലാം അജ്ഞതകൊണ്ടോ അന്ധവിശ്വാസം നിമിത്തമോ ആണ്. അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമത്രെ.

No comments:

Post a Comment