Sunday, March 28, 2010

സ്ത്രീക്ക് പുരുഷന്റെ പാതി സ്വത്ത്

സ്ത്രീക്ക് പുരുഷന്റെ പാതിസ്വത്തല്ലേ ഇസ്ലാം അനുവദിക്കുന്നുള്ളൂ. ഇത് കടുത്ത അനീതിയും കൊടിയ വിവേചനവുമല്ലേ?
ഇസ്ലാമിക നിയമമനുസരിച്ച് ഏതവസരത്തിലും സ്ത്രീക്ക് ഒരു വിധ സാമ്പത്തിക ബാധ്യതകളുമില്ല. അവകാശങ്ങളേയുള്ളൂ. എല്ലാ ബാധ്യതകളും ഏതു സാഹചര്യത്തിലും പുരുഷനു മാത്രമാണ്. വിവാഹവേളയില്‍ വരന്റേയും വധുവിന്റെയും വസ്ത്രങ്ങളുള്‍പ്പെടെ എല്ലാ വിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. അതോടൊപ്പം വധുവിന് നിര്‍ബന്ധമായും മഹ്ര്‍ നല്‍കുകയും വേണം. തുടര്‍ന്ന് സ്ത്രീയുടെയും കുട്ടികളുടെയും സംരക്ഷണോത്തരവാദിത്വം പൂര്‍ണമായും പുരുഷന്നാണ്. രണ്ടുപേരും ഒരേപോലെ വരുമാനമുള്ള ഡോക്ടര്‍മാരോ അധ്യാപകരോ ആരായിരുന്നാലും ശരി, സ്ത്രീ താന്‍ ഉള്‍പ്പെടെ ആരുടെയും സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടതില്ല. ഉദ്യോഗസ്ഥയായ ഭാര്യയുടെ പോലും ഭക്ഷണവും വസ്ത്രവും ചികിത്സയുമുള്‍പ്പെടെയുള്ള ചെലവുകളൊക്കെ നിര്‍വഹിക്കേണ്ടത് ഭര്‍ത്താവാണ്. അഥവാ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അയാള്‍ക്ക് സ്വത്തില്ലെങ്കില്‍ അയാളുടെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ടത് പിതാവ്, സഹോദരന്മാര്‍, സഹോദരമക്കള്‍, പിതൃവ്യര്‍ തുടങ്ങി മരിച്ചയാള്‍ക്ക് മക്കളില്ലെങ്കില്‍ അയാളുടെ സ്വത്തിന്റെ ശിഷ്ടാവകാശികളാകാനിടയുള്ളവരാണ്. സ്ത്രീ വിവാഹിതയാണെങ്കില്‍ ഭര്‍ത്താവും അവിവാഹിതയെങ്കില്‍ പിതാവും പിതാവില്ലെങ്കില്‍ സഹോദരന്മാരുമാണ് അവളെ സംരക്ഷിക്കേണ്ടത്. മാതാവിന്റെ സംരക്ഷണച്ചുമതല മക്കള്‍ക്കാണ്. അതിനാല്‍ ഏതവസ്ഥയിലും നിയമപരമായി സ്ത്രീക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ല. പരസ്പര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പേരില്‍ ചെലവഴിക്കുന്നുവെങ്കില്‍ അത് മറ്റൊരു കാര്യമാണ്. എന്നിട്ടും ഇസ്ലാം സ്ത്രീക്ക് സ്വത്തവകാശമനുവദിച്ചതും മഹ്ര്‍ നിര്‍ബന്ധമാക്കിയതും അവരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ്. സ്വന്തം സ്വത്ത് സൂക്ഷിക്കാനും സംരക്ഷിക്കാനും വര്‍ധിപ്പിക്കാനും സ്ത്രീക്ക് സ്വാതന്ത്യ്രവും അവകാശവുമുണ്ട്. മാതാവ്, മകള്‍, ഭാര്യ, സഹോദരി പോലുള്ള ഏതവസ്ഥയിലും സംരക്ഷണം പൂര്‍ണമായും ഉറപ്പുവരുത്തപ്പെട്ട ശേഷവും ഭൌതിക മാനദണ്ഡമനുസരിച്ച് സ്വത്ത് ആവശ്യമില്ലാതിരുന്നിട്ടും ഇസ്ലാം അത് അനുവദിച്ചത് സ്ത്രീത്വത്തിന്റെ മഹത്ത്വത്തിനും ആദരവിനും ഒരുവിധ പോറലുമേല്‍ക്കാതിരിക്കാനാണ്.

1 comment:

  1. ഉദാഹരണത്തിനു 30 സെണ്റ്റ്‌ സ്ഥലത്ത്‌ നാലു മക്കളില്‍ രണ്ടു പെണ്ണും രണ്ടാണുമാണെന്നിരിക്കെ ഒാരോരുത്തര്‍ക്കും 10 സെണ്റ്റ്‌ വീതം നല്‍കുന്നതോ അതോ 15 ആണ്‍ മക്കള്‍ക്കും 5 പെണ്‍മക്കള്‍ക്കും നല്‍കുന്നതോ ഇസ്ളാമിക നിയമം?

    ReplyDelete