Saturday, March 13, 2010

പരലോക വിശ്വാസവും പുനര്‍ജന്മസങ്കല്‍പവും

ഇസ്ലാമിലെ പരലോക വിശ്വാസവും ഹിന്ദുമതത്തിലെ പുനര്‍ജന്മ സങ്കല്‍പവും തമ്മില്‍ വല്ല വ്യത്യാസവുമുണ്ടോ? ഉണ്ടെങ്കില്‍ എന്താണ്? പുനര്‍ജന്മ സങ്കല്‍പത്തെ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?
മരണത്തോടെ മനുഷ്യജീവിതം അവസാനിക്കുന്നില്ല എന്ന ഒരൊറ്റ കാര്യത്തില്‍ മാത്രമേ പരലോക വിശ്വാസവും പുനര്‍ജന്മ സങ്കല്‍പവും ഒത്തുവരുന്നുള്ളൂ. ഇസ്ലാമിക വിശ്വാസമനുസരിച്ച് ഭൂമി കര്‍മവേദിയാണ്. വിചാരണയും വിധിയും മരണശേഷം മറുലോകത്താണ്. ഭൂമിയിലെ കര്‍മങ്ങളുടെ അടിസ്ഥാനത്തിലാണ് പരലോകത്തെ രക്ഷാശിക്ഷകളുണ്ടാവുക. പദാര്‍ഥനിഷ്ഠമായ പ്രപഞ്ച ഘടനയുടെയും ഇവിടത്തെ അവസ്ഥകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍, പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് പരലോകം എങ്ങനെയായിരിക്കുമെന്ന് സങ്കല്‍പിക്കുക സാധ്യമല്ല. എന്നാല്‍ ദൈവനിര്‍ദേശമനുസരിച്ച് വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്ക് അവിടെ സര്‍വവിധ സൌഭാഗ്യങ്ങളും സുഖസൌകര്യങ്ങളുമുള്ള ശാശ്വത സ്വര്‍ഗം ലഭിക്കുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ദൈവധിക്കാരിയായി പാപപങ്കിലമായ ജീവിതം നയിക്കുന്ന അക്രമികള്‍ നരകാവകാശികളാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. മരണശേഷമുള്ള മറുലോകത്തെ രക്ഷാശിക്ഷകള്‍ നിഷ്കൃഷ്ടമായ വിചാരണക്കും നീതിനിഷ്ഠമായ വിധിക്കും ശേഷമായിരിക്കും ലഭിക്കുക. അതേസമയം പരലോകത്തെ വിചാരണയും വിധിയുമൊക്കെ മനുഷ്യനിവിടെ നിര്‍വഹിക്കുന്നതുപോലെയായിരിക്കുമെന്ന് ധരിക്കുന്നത് പരമാബദ്ധമത്രെ. എന്നാല്‍ രക്ഷ ലഭിക്കുന്നവന്‍ ഭൂമിയിലെ തന്റെ ഏതു സല്‍ക്കര്‍മം കാരണമാണത് കിട്ടിയതെന്നും ശിക്ഷ അനുഭവിക്കുന്നവന്‍ ഏതു പാപത്തിന്റെ പേരിലാണതിന് വിധേയനായതെന്നും വ്യക്തമായറിയും. അപ്പോഴല്ലേ അത് യഥാര്‍ഥ കര്‍മഫലവും രക്ഷാശിക്ഷയുമാവുകയുള്ളൂ.
എന്നാല്‍ പുനര്‍ജന്മ സങ്കല്‍പമനുസരിച്ച് മരണശേഷമുള്ള ജനനവും ജീവിതവും ഇവിടെ ഭൂമിയില്‍ തന്നെയാണ്. ധര്‍മം പാലിക്കാത്തവര്‍ മരണാനന്തരം ശുനകനോ ശൂദ്രനോ ചണ്ഡാലനോ മറ്റോ ആയി വീണ്ടും ഇവിടെ ജനിക്കുമെന്നതാണ് പുനര്‍ജന്മ സിദ്ധാന്തം. അതേസമയം ധര്‍മനിഷ്ഠമായ ജീവിതം നയിച്ചാല്‍ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ആയി പുനര്‍ജനിക്കുമെന്നും അത് അവകാശപ്പെടുന്നു. ഇവ്വിഷയകമായി ചില കാര്യങ്ങള്‍ ഇവിടെ വിശദമായി തന്നെ ഗ്രഹിക്കേണ്ടതുണ്ട്:
1. കാരണം വ്യക്തമാക്കുകയും പ്രതിയെ ബോധ്യപ്പെടുത്തുകയും ചെയ്യാതെ നാം ശിക്ഷ നടപ്പാക്കിയാല്‍ അത് തീര്‍ത്തും അനീതിയായാണ് അനുഭവപ്പെടുക. നാം ആരെയെങ്കിലും അടിക്കുകയോ ജയിലിലടയ്ക്കുകയോ വധിക്കുകയോ ആണെങ്കില്‍ അത് ഏത് കുറ്റത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കുകയും ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും വേണം. ഇത് നീതിയുടെ പ്രാഥമിക താല്‍പര്യമത്രെ. അതോടൊപ്പം വിചാരണക്കും വിധിക്കും ശേഷമായിരിക്കണം ശിക്ഷ നടപ്പാക്കപ്പെടുന്നത്. എന്നാല്‍ ശൂദ്രനോ ചണ്ഡാലനോ ഒരിക്കലും ഇവ്വിധം വിചാരണക്ക് വിധേയമാക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ജന്മത്തില്‍ താന്‍ എന്തു തെറ്റ് ചെയ്തതിന്റെ പേരിലാണ് ഈ ജന്മത്തില്‍ ഇവ്വിധമായതെന്നറിയുകയുമില്ല. കഴിഞ്ഞ ജന്മത്തിലെ കര്‍മഫലമാണ് ഈ ജീവിതത്തിലെ സ്ഥിതി നിര്‍ണയിക്കുന്നതെങ്കില്‍ അത് ഏത് കര്‍മത്തിന്റെ ഫലമാണെന്നറിയണമല്ലോ? ബ്രാഹ്മണനും ക്ഷത്രിയനും തങ്ങളുടെ ഏതു പുണ്യകര്‍മമാണ് അവ്വിധമാകാന്‍ കാരണമെന്നും അറിയുന്നില്ല. അതുകൊണ്ടുതന്നെ പുനര്‍ജന്മ സങ്കല്‍പം കര്‍മഫല സിദ്ധാന്തത്തിനും തദടിസ്ഥാനത്തിലുള്ള രക്ഷാശിക്ഷാ വിശ്വാസത്തിനും കടകവിരുദ്ധമത്രെ.
2. പുനര്‍ജന്മ സങ്കല്‍പ പ്രകാരം പാപി രണ്ടാം ജന്മത്തില്‍ നീചനും അധമനുമായിരിക്കും. അത്തരക്കാരില്‍ നിന്ന് നികൃഷ്ടജീവിതവും അധമവൃത്തികളുമാണുണ്ടാവുക. സുകൃതങ്ങളുണ്ടാവുകയില്ല. അതിനാല്‍ മൂന്നാം ജന്മം കൂടുതല്‍ അധമവും പതിതവുമായിരിക്കും. നാലാം ജന്മം അതിലും ഹീനമായിരിക്കും. ഇങ്ങനെ പാപികള്‍ ഓരോ ജന്മത്തിലും കൂടുതല്‍ കൂടുതല്‍ പാപികളാവുകയല്ലാതെ അവര്‍ക്ക് ഉദ്ഗതി പ്രാപിക്കുക സാധ്യമേയല്ല. മാത്രമല്ല, പാപിയായ മനുഷ്യന് അടുത്ത ജന്മത്തില്‍ മൃഗമാകാം. മൃഗത്തിന് പിന്നെ മനുഷ്യനാകാന്‍ സാധ്യമാണോ? പുതുതായി പിറക്കുന്ന മനുഷ്യര്‍ കഴിഞ്ഞ ജന്മത്തില്‍ എന്തായിരുന്നു? എന്തു പുണ്യം ചെയ്തതിന്റെ പേരിലാണ് മനുഷ്യരായി ജന്മംകൊണ്ടത്? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും പുനര്‍ജന്മ സിദ്ധാന്തത്തില്‍ ഉത്തരമില്ല.
3. ഹൈന്ദവ വേദങ്ങളിലെവിടെയും പുനര്‍ജന്മ സിദ്ധാന്തമില്ല. ഉപനിഷത്തുകളിലേ അതിനെ സംബന്ധിച്ച പരാമര്‍ശവും വിശദീകരണവുമുള്ളൂ. ഇക്കാര്യം ഡോ. എസ്. രാധാകൃഷ്ണന്‍ ഇങ്ങനെ വ്യക്തമാക്കുന്നു: "ബ്രാഹ്മണം അടുത്ത ലോകത്തിലേ ജനനമരണങ്ങള്‍ നടക്കുന്നതായി സ്വീകരിക്കുന്നുള്ളൂ. ഉപനിഷത്തുകളിലായപ്പോള്‍ ആ വിശ്വാസം ഈ ലോകത്താണ് പുനര്‍ജന്മമെന്ന വിശ്വാസപ്രമാണമായി മാറി''(ഭാരതീയ ദര്‍ശനം, വാള്യം ഒന്ന്, പുറം 224, മാതൃഭൂമി പബ്ളിഷിംഗ് കമ്പനി, കോഴിക്കോട് 1995).
അതിനാല്‍ പുനര്‍ജന്മ സങ്കല്‍പം വേദപ്രോക്തമല്ലെന്നത് സുവിദിതമത്രെ.
4. ഉപനിഷത്തിലാണ് പുനര്‍ജന്മത്തെപ്പറ്റി പറയുന്നത്. ജാതിവ്യവസ്ഥയെ ന്യായീകരിക്കാനും അതിന്റെ കടുത്ത വിവേചനങ്ങളെയും ക്രൂരതകളെയും നിലനിര്‍ത്താനുമായി ആവിഷ്കരിക്കപ്പെട്ടതാണ് അതെന്ന് ആര്‍ക്കും അനായാസം മനസ്സിലാക്കാവുന്നതാണ്.
പുനര്‍ജന്മത്തെപ്പറ്റി പറയുന്ന ഛാന്ദോഗ്യോപനിഷത്തിലിങ്ങനെ കാണാം:
തദ്യ ഇഹ രമണീയചരണാ അഭ്യാശോ ഹ യത്തേ രമണീയാം യോനിമാപദ്യേരന്‍, ബ്രാഹ്മണയോനിം വാ ക്ഷത്രിയയോനിം വാ വൈശ്യയോനിം വാ. അഥ യ ഇഹ കപൂയചരണാ അഭ്യാശോ ഹ യത്തേ കപൂയാം യോനിമാപദ്യേരന്‍, ശ്വയോനിം വാ സൂകരയോനിം ചണ്ഡാലയോനിം, വാ
(അധ്യായം 5, ഖണ്ഡം 10, ശ്ളോകം 7)
(അവരില്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവരാരോ അവര്‍ വേഗം തന്നെ ഉത്തമ യോനികളില്‍ ചെന്നു ചേരുന്നു. ബ്രാഹ്മണയോനിയിലോ ക്ഷത്രിയയോനിയിലോ വൈശ്യയോനിയിലോ എത്തിച്ചേരുന്നു. അതുപോലെ അശുഭചാര•ാരായവരാരോ അവര്‍ അശുഭ യോനിയെ പ്രാപിക്കുന്നു. പട്ടിയുടെ യോനിയെയോ പന്നിയുടെ യോനിയെയോ ചണ്ഡാലന്റെ യോനിയെയോ പ്രാപിക്കുന്നു.)
ഇത് ഉയര്‍ന്ന ജാതിക്കാരില്‍, തങ്ങള്‍ മേല്‍ജാതിയിലായത് കഴിഞ്ഞ ജന്മത്തില്‍ പുണ്യം ചെയ്തതിനാലാണെന്നും അതിനാല്‍ തങ്ങളിന്നനുഭവിക്കുന്ന പ്രത്യേകാവകാശങ്ങള്‍ക്കെല്ലാം ന്യായമായും അര്‍ഹരാണെന്നുമുള്ള ബോധം വളര്‍ത്തുന്നു. അതോടൊപ്പം താഴ്ന്ന ജാതിക്കാര്‍ അവ്വിധമായത് അവരുടെത്തന്നെ കര്‍മഫലമാണെന്ന ധാരണയും സൃഷ്ടിക്കുന്നു. അവരെ പട്ടികളെയും പന്നികളെയുമെന്നപോലെ നികൃഷ്ട ജീവികളായി കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ജാതിവ്യവസ്ഥയുടെ എല്ലാവിധ വൃത്തികേടുകളെയും അരക്കിട്ടുറപ്പിക്കുകയും ന്യായീകരിക്കുകയുമാണ് പുനര്‍ജന്മ സിദ്ധാന്തം ചെയ്യുന്നത്.
5. മരണശേഷം മനുഷ്യാത്മാക്കള്‍ മൃഗശരീരത്തില്‍ നിലകൊള്ളുന്നുവെന്ന പ്രാകൃത ഗോത്രവിശ്വാസത്തില്‍ നിന്നാണ് പുനര്‍ജന്മ സങ്കല്‍പം രൂപം കൊണ്ടത്. ഡോ. എസ്. രാധാകൃഷ്ണന്‍ എഴുതുന്നു: "കര്‍മപദ്ധതിയുടെയും പുനര്‍ജന്മ സിദ്ധാന്തത്തിന്റെയും ആശയം ആര്യമസ്തിഷ്കത്തില്‍ രൂപംകൊണ്ടതാണെന്ന് ഉറപ്പിച്ചു പറയാം. എന്നാല്‍ ഇതിനുള്ള പ്രേരണ ലഭിച്ചത് മരണശേഷം ആത്മാക്കള്‍ മൃഗശരീരങ്ങളില്‍ കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന ആദി ഗോത്രക്കാരില്‍ നിന്നാകാമെന്ന സംഗതിയും നിഷേധിക്കേണ്ടതില്ല.''(ഭാരതീയ ദര്‍ശനം, വാള്യം 1, പുറം 113)
6. സെമിറ്റിക് മതങ്ങളെപ്പോലെത്തന്നെ ഹിന്ദുമതത്തിലെ വേദങ്ങളും പരലോകത്തെപ്പറ്റിയാണ് പറയുന്നത്. ഋഗ്വേദത്തിലും സാമവേദത്തിലും അഥര്‍വ വേദത്തിലും പരലോകത്തെ സംബന്ധിച്ച പരാമര്‍ശം കാണാം. ഉദാഹരണത്തിന്:
രായേ അഗ്നേ മഹേ ത്വാ ദാനായ സമിധീമഹി
ഈഡിഷ്വാ ഹി മഹേ വൃഷന്‍ ദ്യാവാ ഹോത്രായാ പൃഥിവീ
(സാമവേദം, ആഗ്നേയ കാണ്ഡം: 1-10-3)
(എല്ലാ ആഗ്രഹങ്ങളും പൂര്‍ണമാക്കുന്ന ഭഗവാനേ, അങ്ങയില്‍നിന്നും ഏറ്റവും വലിയ ദാനം കിട്ടാന്‍ അങ്ങയെ ഞങ്ങള്‍ സന്തോഷിപ്പിക്കുന്നു. അറിവിന്നായും ഭൂമിയില്‍ സമാധാനത്തിനായും പരലോകത്ത് ശാന്തിക്കായും ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.)
അഥര്‍വ വേദം, പരലോകത്തെപ്പറ്റി ചിന്തിച്ച് സല്‍ക്കര്‍മങ്ങളനുഷ്ഠിക്കാന്‍ ദമ്പതികളോടാവശ്യപ്പെടുന്നു.
"അന്വാരഭേഥാമനുസംരഭേഥാമേതം ലോകം ശ്രദ്ദധാനാഃ സചന്തേ (6: 12: 3)
വേദങ്ങളിലെന്നപോലെത്തന്നെ ഉപനിഷത്തുകളിലും പുരാണങ്ങളിലുമെല്ലാം പരലോകത്തെയും സ്വര്‍ഗ നരകങ്ങളെയും സംബന്ധിച്ച ധാരാളം പരാമര്‍ശങ്ങളുണ്ട്.
ഈശാവാസ്യോപനിഷത്തില്‍ മരണാനന്തരമുള്ള നരകത്തെ സംബന്ധിച്ച് ഇങ്ങനെ കാണാം:
അസുര്യാ നാമ തേ ലോകാഃ അന്ധേന തമസാവൃതാഃ
താംസ്തേ പ്രേത്യാഭിഗച്ഛന്തി യേ കേ ചാത്മഹനോ ജനാഃ (മന്ത്രം: 3)
(സൂര്യനില്ലാത്ത ആ ലോകങ്ങള്‍ അജ്ഞതാന്ധകാരാവൃതങ്ങളാകുന്നു. ആത്മഘാതികള്‍, അഥവാ ഈശ്വര സ്മരണയില്ലാതെ വിഷയാസക്തരായി കഴിയുന്നവര്‍ വീണ്ടും ദുഃഖനിരതമായ ആ ലോകങ്ങളിലെത്തുന്നു).
സ്വര്‍ഗത്തെ സംബന്ധിച്ച് കഠോപനിഷത്ത് പറയുന്നു:
"സ്വര്‍ഗേ ലോകേ ന ഭയം കിഞ്ചനാസ്തി
ന തത്ര ത്വം ന ജരയാ ബിഭേതി
ഉഭേ തീര്‍ത്വാശനായാപിപാസേ
ശോകാതിഗോ മോദതേ സ്വര്‍ഗലോകേ (1:1: 12)
(സ്വര്‍ഗലോകത്ത് അല്‍പം പോലും ഭയമില്ല. അവിടെ ആര്‍ക്കും മരണമില്ല. ജരാനരയാല്‍ ആര്‍ക്കും ഭയവുമില്ല. അവിടെ വസിക്കുന്നവര്‍ വിശപ്പിനും ദാഹത്തിനും ശോകാദികള്‍ക്കും അതീതന്മാരായി എല്ലാവിധ ആനന്ദവും അനുഭവിക്കുന്നു.)
മനുസ്മൃതിയിലിങ്ങനെ കാണാം:
നാമുത്ര ഹി സഹായാര്‍ഥം പിതാ മാതാ ച തിഷ്ഠത
ന പുത്രദാരാ ന ജ്ഞാതിര്‍ ധര്‍മസ്തിഷ്ഠതി കേവലഃ
(4: 239)
(പരലോകത്ത് സഹായത്തിന് അച്ഛനമ്മമാരെ കിട്ടുകയില്ല. മക്കളോ ഭാര്യയോ ബന്ധുക്കളോ അവിടെ പ്രയോജനപ്പെടുകയില്ല. സഹായിക്കാന്‍ ധര്‍മം മാത്രം നിലകൊള്ളുന്നു.)
ഏകഃ പ്രജായതേ ജന്തുരേക ഏവ പ്രലീയതേ
ഏകോ(അ)നുഭുങ്ക്തേ സുകൃതമേക ഏവ ച ദുഷ്കൃതം
(4: 240)
(ജീവി ജനിക്കുന്നതും മരിക്കുന്നതും തനിച്ചാണ്. സ്വര്‍ഗത്തില്‍ സുകൃതം അനുഭവിക്കുന്നതും നരകത്തില്‍ ദുഷ്കൃതം അനുഭവിക്കുന്നതും തനിച്ചുതന്നെ.)
ഭഗവദ് ഗീതയും സ്വര്‍ഗ-നരകങ്ങളുടെ കാര്യം ഊന്നിപ്പറയുന്നു. ഉദാഹരണത്തിന് ചിലതു മാത്രമിവിടെ ഉദ്ധരിക്കാം.
ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന!
നരകേ നിയതം വാസോ ഭവതീത്യനു ശുശ്രുമ
(പ്രഥമാധ്യായം, ശ്ളോകം 44)
(ഹേ ജനാര്‍ദനാ, കുലധര്‍മങ്ങള്‍ നശിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നേക്കും നരകത്തിലാണെന്ന് ഞങ്ങള്‍ കേട്ടറിഞ്ഞിട്ടുണ്ട്.)
അഥ ചേത്ത്വമിമം ധര്‍മ്യം
സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മം കീര്‍ത്തിം ച
ഹിത്വാ പാപമവാപ്സ്യസി (ദ്വിതീയാധ്യായം, ശ്ളോകം 33)
(എന്നാല്‍ അര്‍ജുനാ, നീ സ്വധര്‍മാനുസൃതമായ ഈ യുദ്ധം ചെയ്യാതിരിക്കുന്ന പക്ഷം സ്വര്‍ഗപ്രാപ്തിയുണ്ടാവുകയില്ലെന്നു തന്നെയല്ല സ്വധര്‍മത്തെയും യശസ്സിനെയും ഉപേക്ഷിക്കുന്നതുകൊണ്ട് നിനക്ക് പാപം നേരിടുന്നതുമാണ്.)
ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം
ജിത്വാ വാ ഭോക്ഷ്യസേ മഹീം,
തസ്മാദുത്തിഷ്ഠ കൌന്തേയ
യുദ്ധായ കൃതനിശ്ചയഃ (ദ്വിതീയാധ്യായം, ശ്ളോകം 37)
(അല്ലയോ കുന്തിപുത്രാ, ശത്രുക്കള്‍ നിന്നെ വധിച്ചാല്‍, നിനക്ക് സ്വര്‍ഗത്തില്‍ പോകാം. നീ ശത്രുക്കളെ ജയിക്കുന്നതായാല്‍ രാജ്യമനുഭവിക്കുകയും ചെയ്യാം. അതുകൊണ്ട് രണ്ടായാലും നീ യുദ്ധം ചെയ്യാനുറച്ചുകൊണ്ടു വേഗം എഴുന്നേല്‍ക്കുക.)
വേദകാലം മുതല്‍ക്കു തന്നെ പരലോക വിശ്വാസമുണ്ടായിരുന്നുവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. ഡോ. രാധാകൃഷ്ണന്‍ എഴുതുന്നു: "സ്വര്‍ഗം, നരകം എന്നിവയെപ്പറ്റിയുള്ള ചില അവ്യക്ത ധാരണകളില്‍ നിന്ന് ചിന്താശക്തിയുള്ള മനസ്സുകള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞിരുന്നില്ല. പുനര്‍ജന്മസിദ്ധാന്തങ്ങള്‍ അപ്പോഴും വിദൂരത്തിലായിരുന്നു. മരണത്തോടെ എല്ലാം അവസാനിക്കുന്നില്ലെന്ന ഉറപ്പ് വൈദികാര്യന്മാര്‍ക്ക് ഉണ്ടായിരുന്നു.''(ഭാരതീയ ദര്‍ശനം, വാള്യം 1, പുറം 91)
രാഹുല്‍ സാംകൃത്യായന്‍ എഴുതുന്നു: "വേദത്തിലെ ഋഷിമാര്‍ ഈ ലോകത്തിന് വിഭിന്നമായ മറ്റൊരു ലോകമുണ്ടെന്ന് വിശ്വസിച്ചിരുന്നു. അവിടേക്കാണ് മരണാനന്തരം സല്‍ക്കര്‍മികള്‍ പോകുക. അവരവിടെ ആനന്ദപൂര്‍വം ജീവിക്കുന്നതാണ്. താഴെയുള്ള പാതാളം അന്ധകാരമായ നരകലോകമാണ്. അവിടേക്കാണ് ദുഷ്കര്‍മികള്‍ പോകുന്നത്'' (വിശ്വദര്‍ശനങ്ങള്‍, പുറം 552).
അതിനാല്‍ പുനര്‍ജന്മ സിദ്ധാന്തം അനിസ്ലാമികമെന്ന പോലെത്തന്നെ അവൈദികവുമാണ്. അത് ജാതിവ്യവസ്ഥയുടെ ജീര്‍ണതകള്‍ സംരക്ഷിക്കാന്‍ നിര്‍മിക്കപ്പെട്ടതാണ്. പരലോകത്തെയും സ്വര്‍ഗ-നരകങ്ങളെയും സംബന്ധിച്ച വിശ്വാസമാണ് ഇസ്ലാമികമെന്നതുപോലെ തന്നെ ഹൈന്ദവവും. വേദപ്രോക്തവും ധര്‍മനിഷ്ഠവും അതുമാത്രമത്രെ.
(വിശദ പഠനത്തിന് ഡയലോഗ് സെന്റര്‍ കേരള പ്രസിദ്ധീകരിച്ച 'പുനര്‍ജന്മ സങ്കല്പവും പരലോകവിശ്വാസവും' എന്ന കൃതി കാണുക. വിതരണം: ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്)

No comments:

Post a Comment