ഈ ചോദ്യം സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യാപകമായ തെറ്റുധാരണയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിനാല്‍ ചില കാര്യങ്ങളിവിടെ വ്യക്തമാക്കാനാഗ്രഹിക്കുന്നു: 1. കഅ്ബയിലെ കറുത്ത കല്ല്(ഹജറുല്‍ അസ്വദ്) ചരിത്രത്തിലൊരിക്കലും ആരാലും ആരാധിക്കപ്പെട്ടിട്ടില്ല. വിശുദ്ധ കഅ്ബയിലും പരിസരത്തും മുന്നൂറ്റി അറുപതിലേറെ വിഗ്രഹങ്ങള്‍ പൂജിക്കപ്പെട്ടപ്പോഴും ആരും അതിനെ പൂജിച്ചിരുന്നില്ല. പ്രവാചകനിയോഗത്തിനു മുമ്പുള്ള വിഗ്രഹാരാധനയുടെ കാലത്തും ഹജറുല്‍ അസ്വദ് ആരാധ്യവസ്തുവായിരുന്നില്ലെന്നതാണ് വസ്തുത. 2. ലോകത്തിലെ ഏത് പൂജാവസ്തുവും അതിന്റെ സ്വന്തം പേരിലറിയപ്പെടാറില്ല. ഏതിന്റെ പ്രതിഷ്ഠയാണോ അതിന്റെ പേരിലാണത് അറിയപ്പെടുക. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, കൃഷ്ണന്‍, ഗുരുവായൂരപ്പന്‍ പോലുള്ളവരുടെ വിഗ്രഹങ്ങള്‍ അവരുടെ പേരിലാണ് വിളിക്കപ്പെടുക. അല്ലാതെ കല്ലിന്‍ കഷണം, മരക്കുറ്റി, ഓട്ടിന്‍കഷണം, മണ്‍കൂന എന്നിങ്ങനെ, എന്തുകൊണ്ടാണോ അവ നിര്‍മിക്കപ്പെട്ടത് അവയുടെ പേരിലല്ല. എന്നാല്‍ കഅ്ബയിലെ കറുത്ത കല്ല് അതേ പേരിലാണ് അറിയപ്പെടുന്നത്. കറുത്ത കല്ല് എന്നതിന്റെ അറബിപദമാണ് 'ഹജറുല്‍ അസ്വദ്' എന്നത്. അത് പ്രതിഷ്ഠയോ പൂജാവസ്തുവോ വിഗ്രഹമോ അല്ലെന്നതിന് ഈ നാമം തന്നെ മതിയായ തെളിവാണ്. 3. നൂറും അഞ്ഞൂറും ആയിരവും മീറ്റര്‍ ഓട്ടമത്സരം നടക്കുമ്പോള്‍ ഓട്ടം ആരംഭിക്കുന്നേടത്ത് ഒരടയാളമുണ്ടാകുമല്ലോ. അവ്വിധം വിശുദ്ധ കഅ്്ബക്കു ചുറ്റും പ്രയാണം നടത്തുമ്പോള്‍ അതാരംഭിക്കാനുള്ള അടയാളമാണ് ഹജറുല്‍ അസ്വദ്. അതിനപ്പുറം അതിന് പ്രത്യേക പുണ്യമോ ദൈവികതയോ കല്‍പിക്കാന്‍ പാടില്ലെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. പ്രവാചകന്റെ അടുത്ത അനുയായിയും രണ്ടാം ഖലീഫയുമായ ഉമറുല്‍ ഫാറൂഖ് ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ആ കല്ലിന് പ്രത്യേക പുണ്യം ആരും കല്‍പിക്കാതിരിക്കാനായി അദ്ദേഹം പറഞ്ഞു: "നീ കേവലം ഒരു കല്ലാണ്. നബി തിരുമേനി നിന്നെ ചുംബിച്ചില്ലായിരുന്നുവെങ്കില്‍ നിന്നെ ഞാനൊരിക്കലും മുത്തുമായിരുന്നില്ല.'' "കഅ്ബക്കു ചുറ്റുമുള്ള പ്രയാണത്തിന് പ്രാരംഭം കുറിക്കാന്‍ അടയാളമായി കല്ലുതന്നെ വേണമെന്നുണ്ടോ?'' "ഇതിന്റെ കാരണം തീര്‍ത്തും ചരിത്രപരമാണ്. അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട ഭവനമാണ് കഅ്ബ. ദൈവം നിശ്ചയിച്ച സ്ഥലത്ത് ഇബ്റാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും കൂടിയാണത് നിര്‍മിച്ചത്. ആ വിശുദ്ധ മന്ദിരത്തിന്റെ ഭാഗമെന്ന് തീര്‍ച്ചയുള്ള കല്ലാണ് ഹജറുല്‍ അസ്വദ്. അതിനാല്‍ പ്രവാചകന്‍മാര്‍ പണിത ദേവാലയത്തിന്റെ ഭാഗമെന്ന ചരിത്രപരമായ പ്രാധാന്യമാണ് ആ കറുത്ത കല്ലിനുള്ളത്. | |
ദിവ്യത്വം കല്‍പിക്കപ്പെടുന്ന ആരാധ്യവസ്തുവല്ലെങ്കില്‍ എന്തിനാണ് അതിനെ ചുംബിക്കുന്നത്? | |
A | മനുഷ്യര്‍ പതിവായി ചുംബിക്കാറുള്ളത് ആരാധ്യവസ്തുക്കളെയല്ലല്ലോ; സ്നേഹിക്കപ്പെടുന്നവയെയാണല്ലോ. തന്റെ പൂര്‍വികരായ ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും പണിത ദൈവിക ഭവനത്തിന്റെ ഭാഗമെന്ന നിലയില്‍ മുഹമ്മദ് നബി അതിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. തന്റെ വിടവാങ്ങല്‍ തീര്‍ഥാടനത്തില്‍ പ്രവാചകന്‍ അതിനെ ചുംബിച്ചു. അതിനാല്‍ എക്കാലവും എല്ലാ തീര്‍ഥാടകരും അതിനെ ചുംബിച്ചുവരുന്നു. പിന്നാലെ വരുന്ന വിശ്വാസികള്‍ തന്റെ മാതൃക പിന്തുടരുമെന്ന് പ്രവാചകന്നറിയാമായിരുന്നു. എന്നിട്ടും പ്രവാചകനതു ചെയ്തു. പിന്‍ഗാമികളുടെ ചുണ്ടുകള്‍ തന്റെ ചുംബനത്തിന്റെ ഓര്‍മകളുമായി കറുത്ത കല്ലിന്‍മേല്‍ പതിയുമെന്ന പ്രതീക്ഷയോടെത്തന്നെ. അതിനാല്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത വെറുമൊരു കല്ല് മാത്രമാണതെന്ന് അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു. ഹജറുല്‍ അസ്വദിനുള്ള ചുംബനം പ്രവാചകനോടുള്ള സ്നേഹപ്രകടനം മാത്രമത്രെ. അതില്‍ ആരാധനാവികാരമില്ല. ഉണ്ടാകാവതുമല്ല. കാലത്തിനപ്പുറത്തേക്ക് തന്റെ മുഴുവന്‍ അനുയായികള്‍ക്കുമായി നബിതിരുമേനി അര്‍പ്പിച്ച പ്രതീകാത്മകമായ പരിരംഭണത്തില്‍ പങ്കുചേരുകയാണ് അതിനെ ഉമ്മവയ്ക്കുന്നവരൊക്കെയും. നിരവധി നൂറ്റാണ്ടുകളിലെ അനേകം തലമുറകളിലെ കോടാനുകോടി വിശ്വാസികളുടെ അധരസ്പര്‍ശമേറ്റിടത്ത് സ്വന്തം ചുണ്ടുകള്‍ വയ്ക്കുന്നതിലൂടെ വിശ്വാസി തന്നെ പൂര്‍വികരുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നൂറ്റാണ്ടുകളിലൂടെ അവിരാമം തുടര്‍ന്നുവരുന്ന വിശ്വാസി സമൂഹത്തിന്റെ മഹാപ്രവാഹത്തിലെ ഒരു കണിക മാത്രമാണ് താനെന്ന ബോധം അത് തീര്‍ഥാടകനിലുണര്‍ത്തുന്നു. അങ്ങനെ നിരവധി നൂറ്റാണ്ടുകളിലൂടെ പരന്നുകിടക്കുന്ന പൂര്‍വികരുമായി തന്നെ വൈകാരികമായി ബന്ധിക്കുന്നു. അത് മാനവതയുടെ ഏകതയെക്കുറിച്ച അവബോധം വളര്‍ത്തുകയും അവാച്യമായ അനുഭൂതി നല്‍കുകയും ചെയ്യുന്നു. അതിനപ്പുറം ആ കറുത്ത കല്ലിന് ദൈവികത കല്‍പിക്കുകയോ, അതിനെ പ്രതിഷ്ഠയായി ഗണിക്കുകയോ, ആരാധനാ വികാരത്തോടെ തൊടുകയോ ചുംബിക്കുകയോ വീക്ഷിക്കുകയോ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അത് ഇസ്ലാം കണിശമായി വിലക്കിയ ബഹുദൈവാരാധനയുടെ ഭാഗമത്രെ. |
Friday, March 12, 2010
കഅ്ബയിലെ കറുത്ത കല്ലും ശിലാപൂജയും
വിഗ്രഹാരാധനയെ ശക്തമായെതിര്‍ക്കുന്ന മതമാണല്ലോ ഇസ്ലാം. എന്നിട്ടും കഅ്ബയില്‍ ഒരു കറുത്ത കല്ല് പ്രതിഷ്ഠിച്ചത് എന്തിനാണ്? മറ്റെല്ലാ ബിംബങ്ങളെയും എടുത്തുമാറ്റിയപ്പോള്‍ അതിനെ മാത്രം നിലനിര്‍ത്തിയത് എന്തിന്? ശിലാപൂജ ഇസ്ലാമിലും ഉണ്ടെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?
Subscribe to:
Post Comments (Atom)
കൊള്ളാം നല്ല ലേഖനം.
ReplyDeleteപലര്‍ക്കുമുള്ള സംശയം തന്നെയത്.
സല്ല അല്ലാഹു അലൈഹിവ സല്ലം എന്നു ചേര്‍ക്കാതെ
ReplyDeleteമുഹമ്മദ് നബി എന്നു മാത്രം പറയാന്‍ (തലക്കെട്ട്) താങ്കള്‍ക്കെങ്ങനെ കഴിയുന്നു.?
നൌഷാദ് ഇക്കാ...
ReplyDeleteവന്നതിനു നന്ദി..
url ൽ ബ്രാക്ക്റ്റ് പ്രശ്നമായതിനാലാ...
വായിക്കുംബോൾ പറയുമല്ലോ....