Saturday, April 10, 2010

ബലിയുടെ ആത്മാവ്

എന്നാലും ഹജ്ജിലും പെരുന്നാളിലും നടത്തുന്ന ബലികര്‍മം ശരിയാണോ? എന്തിനാണിത്ര കൂടുതല്‍ ജീവികളെ കൊല്ലുന്നത്?
ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇടനാഴികകളില്‍ ഇടക്കിടെ നടന്നുകൊണ്ടിരുന്ന നരബലിയെന്ന അത്യാചാരത്തിന് അറുതിവരുത്തിയ മഹല്‍സംഭവത്തിന്റെ അനുസ്മരണമാണ് ഇസ്ലാമിലെ ബലി. ഒപ്പം അസദൃശമായ ആത്മത്യാഗത്തിന്റെ ഓര്‍മപുതുക്കലിലൂടെയുള്ള സമര്‍പ്പണപ്രതിജ്ഞയും.
പ്രായമേറെയായിട്ടും ഇബ്റാഹീം പ്രവാചകന്നു സന്താനങ്ങളുണ്ടായില്ല. അതീവ ദുഃഖിതനായ അദ്ദേഹം ദൈവത്തോടു സന്താനലബ്ധിക്കായി മനംനൊന്തു കേണു. നിരന്തര പ്രാര്‍ഥനക്കൊടുവില്‍ പ്രപഞ്ചനാഥന്‍ അദ്ദേഹത്തിന് ഒരു മകനെ പ്രദാനം ചെയ്തു. ഇസ്മാഈല്‍ എന്നു വിളിക്കപ്പെട്ട ആ ഇഷ്ടപുത്രന്‍ കൂടെ നടക്കാറായപ്പോള്‍ അവനെ ബലി നല്‍കണമെന്ന ദൈവശാസനയുണ്ടായി. പിതാവും പുത്രനും ദൈവകല്‍പന പാലിച്ച് ബലിക്കൊരുങ്ങി. അപ്പോള്‍, മകനെ അറുക്കേണ്ടതില്ലെന്നും പകരം മൃഗത്തെ ബലിനല്‍കിയാല്‍ മതിയെന്നും ദൈവശാസനയുണ്ടായി.
'എന്തുകിട്ടു'മെന്ന ചോദ്യമുണര്‍ത്താനാണല്ലോ ഭൌതികജീവിതവീക്ഷണം മനുഷ്യനെ എപ്പോഴും പ്രേരിപ്പിക്കുക. എന്നാല്‍, 'എന്തു നല്‍കാനാവും' എന്ന ചിന്തയും ചോദ്യവുമാണ് മതം എപ്പോഴും വിശ്വാസികളിലുണര്‍ത്തുക. അതിനു 'പ്രയാസപ്പെട്ടതെന്തും' എന്ന് ജീവിതത്തിലൂടെ മറുപടി നല്‍കാനുള്ള പ്രചോദനമാണ് ബലി സൃഷ്ടിക്കുന്നത്.
തനിക്കേറ്റം പ്രിയപ്പെട്ടതുള്‍പ്പെടെ എന്തും ദൈവത്തിനു സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഇബ്റാഹീം പ്രവാചകന്റെ ത്യാഗപൂര്‍ണമായ ഈ പ്രവൃത്തിയുടെ പ്രതീകാത്മകമായ ആവര്‍ത്തനമാണ് ഹജ്ജിലെയും അതിനോടനുബന്ധിച്ച പെരുന്നാളിലെയും ബലി. തനിക്കേറ്റം ഇഷ്ടപ്പെട്ടതുള്‍പ്പെടെ ആവശ്യമായതൊക്കെ നല്‍കാന്‍ ഒരുക്കമാണെന്നതിന്റെ പ്രതിജ്ഞയും പ്രഖ്യാപനവുമാണത്. പണമോ പദവിയോ പ്രതാപമോ പ്രശസ്തിയോ പെണ്ണോ പൊന്നോ കുലമോ കുടുംബമോ അന്തസ്സോ അധികാരമോ ഒന്നും തന്നെ ദൈവഹിതത്തിനെതിരായ ജീവിതത്തിനു കാരണമാവില്ലെന്ന ദൃഢവിശ്വാസത്തിന്റെ പ്രകാശനം കൂടി അതിലുണ്ട്.
സര്‍വപ്രധാനമെന്ന് കരുതുന്നവയുടെ സമര്‍പ്പണമാണല്ലോ ഏവര്‍ക്കും ഏറെ പ്രയാസകരം. താനതിനൊരുക്കമാണെന്ന് വിശ്വാസി ബലിയിലൂടെ വിളംബരം ചെയ്യുന്നു. പ്രത്യക്ഷത്തില്‍ അതൊരു ജീവന്‍ ഹനിക്കലാണ്. എന്നാല്‍, അതിന്റെ ആന്തരാര്‍ഥം അതിമഹത്തരമത്രെ. പ്രപഞ്ചനാഥന്റെ പ്രീതിക്കായി ഏറെ പ്രിയംകരമായതൊക്കെ കൊടുക്കാനും പ്രയാസകരമായത് ചെയ്യാനും തയ്യാറാണെന്ന പ്രതിജ്ഞയും അതുള്‍ക്കൊള്ളുന്നു. അതിനാലാണ് ഖുര്‍ആന്‍ അതിനെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞത്: "അവയുടെ മാംസമോ രക്തമോ ദൈവത്തെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപിക്കുന്നത് നിങ്ങളുടെ അര്‍പ്പണബോധമാകുന്നു.''(22: 37)
ഇസ്ലാമിലെ ദൈവാരാധനകളേറെയും സമൂഹത്തിനു പൊതുവിലും അവരിലെ അഗതികള്‍ക്കും അശരണര്‍ക്കും വിശേഷിച്ചും ഗുണം ചെയ്യുന്നവയാണ്. ബലിയും അവ്വിധം തന്നെ. അല്ലാഹു ആജ്ഞാപിക്കുന്നു: "അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിക്കുക. പ്രയാസപ്പെടുന്ന ആവശ്യക്കാരെ ആഹരിപ്പിക്കുകയും ചെയ്യുക.''(ഖുര്‍ആന്‍ 22: 28)
സന്തോഷത്തിന്റെ സന്ദര്‍ഭങ്ങളിലെല്ലാം ദൈവത്തോടുള്ള നന്ദിപ്രകടനത്തിന്റെ ഭാഗമായി അവന്റെ സൃഷ്ടികളായ മനുഷ്യര്‍ക്ക്; പ്രത്യേകിച്ചും അവരിലെ പാവങ്ങള്‍ക്ക് അന്നദാനം നടത്തുന്നത് നല്ലതാണെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു. ആഹാരപദാര്‍ഥങ്ങളില്‍ ഏറ്റം പോഷകാംശമുള്ളതും ഉത്തമവും മാംസഭക്ഷണമായതിനാല്‍ അതു നല്‍കുന്നതില്‍ ഉദാരമതികളായ വിശ്വാസികള്‍ നിഷ്കര്‍ഷത പുലര്‍ത്തുകയും ചെയ്യുന്നു. ലോകത്തിന്റെ ഏതു ഭാഗത്തെ, ഏതു ജനവിഭാഗത്തിന്റേതായാലും മാംസവിഭവങ്ങളില്ലാത്ത സല്‍ക്കാരത്തളികകള്‍ വളരെ വളരെ വിരളമത്രെ.

No comments:

Post a Comment