Saturday, April 10, 2010

ബലികര്‍മവും ജീവകാരുണ്യവും

കാരുണ്യത്തെക്കുറിച്ച് ഏറെ പറയുന്ന ഇസ്ലാം മൃഗങ്ങളോടും മറ്റു ജീവികളോടും കാണിക്കാറുള്ളത് ക്രൂരതയല്ലേ? അവയെ അറുക്കുന്നത് ശരിയാണോ?
ഭൂമിയിലെ എല്ലാറ്റിനോടും കാരുണ്യം കാണിക്കണമെന്ന് ഇസ്ലാം കല്പിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: "ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.''(ത്വബ്റാനി)
"കരുണയില്ലാത്തവന് കാരുണ്യം കിട്ടുകയില്ല.''(ബുഖാരി, മുസ്ലിം)
"നിര്‍ഭാഗ്യവാനല്ലാതെ കരുണയില്ലാത്തവനാവതേയില്ല.''(അബൂദാവൂദ്)
ഭൂമിയിലെ ജീവികളെയെല്ലാം ഇസ്ലാം മനുഷ്യരെപ്പോലുള്ള സമുദായമായാണ് കാണുന്നത്. അല്ലാഹു പറയുന്നു: "ഭൂമിയിലെ ഏതൊരു ജന്തുവും രണ്ടു ചിറകുകളാല്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലുള്ള ചില സമുദായങ്ങള്‍ മാത്രമാകുന്നു.''(ഖുര്‍ആന്‍ 6: 38)
മനുഷ്യര്‍ ധിക്കാരികളാകുമ്പോഴും മഴവര്‍ഷിക്കുന്നത് ഇതര ജീവികളെ പരിഗണിച്ചാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. "ജനം സകാത്ത് നല്കാതിരുന്നാല്‍ മഴ നിലക്കുമായിരുന്നു. ജന്തുക്കള്‍ കാരണമായാണ് എന്നിട്ടും മഴ വര്‍ഷിക്കുന്നത്.''(ഇബ്നുമാജ)
ജീവനുള്ള ഏതിനെ സഹായിക്കുന്നതും സേവിക്കുന്നതും പുണ്യകര്‍മമത്രെ. പ്രവാചകന്‍ പറയുന്നു: "പച്ചക്കരളുള്ള ഏതൊരു ജീവിയുടെ കാര്യത്തിലും നിങ്ങള്‍ക്കു പുണ്യമുണ്ട്.''(ബുഖാരി)
നബിതിരുമേനി അരുള്‍ ചെയ്യുന്നു: "ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. 'ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ!' എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്കു പൊറുത്തു കൊടുത്തു.'' ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? പ്രവാചകന്‍ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.''(ബുഖാരി, മുസ്ലിം)
മറ്റൊരു സംഭവം പ്രവാചകന്‍ ഇങ്ങനെ വിവരിക്കുന്നു: "ഒരു നായ കിണറ്റിനുചുറ്റും ഓടിനടക്കുകയായിരുന്നു. കഠിനമായ ദാഹം കാരണം അതു ചാവാറായിരുന്നു. അതുകണ്ട ഇസ്റാഈല്യരില്‍പെട്ട ഒരു വ്യഭിചാരി തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് അതിനെ കുടിപ്പിക്കുകയും സ്വയം കുടിക്കുകയും ചെയ്തു. അതിന്റെ പേരില്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുത്തു.''(ബുഖാരി)
ഏതു ജീവിയേയും ദ്രോഹിക്കുന്നത് പാപമാകുന്നു. പ്രവാചകനത് ശക്തമായി വിലക്കുന്നു. നബിതിരുമേനി അരുള്‍ചെയ്യുന്നു: "പൂച്ച കാരണം ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അവളതിനെ വിശന്നുചാകുവോളം കെട്ടിയിട്ടു. അങ്ങനെ അവര്‍ നരകാവകാശിയായി.'' (ബുഖാരി, മുസ്ലിം)
"ഒരു കുരുവിയെയോ അതിനെക്കാള്‍ ചെറിയ ജീവിയെയോ അന്യായമായി വധിക്കുന്നത് അല്ലാഹുവോട് ഉത്തരം പറയേണ്ട കാര്യമാണ്. 'ന്യായമായ ആവശ്യമെന്തെന്ന്' ചോദിച്ചപ്പോള്‍ അവിടന്ന് പറഞ്ഞു: ഭക്ഷണമുണ്ടാക്കലും ബലിയറുക്കലും കൊന്നശേഷം വെറുതെ ഉപേക്ഷിക്കാതിരിക്കലും.''(അഹ്മദ്)
വിനോദത്തിന് ജീവികളെ കൊല്ലുന്നതും പരസ്പരം പോരടിപ്പിച്ച് മത്സരിപ്പിക്കുന്നതും പ്രവാചകന്‍ നിരോധിച്ചിരിക്കുന്നു. (മുസ്ലിം, തിര്‍മുദി)
ഇപ്രകാരം തന്നെ മൃഗങ്ങളെ കല്ലെറിയുന്നതും തേനീച്ച, ഉറുമ്പ്, കുരുവി പോലുള്ളവയെ കൊല്ലുന്നതും അവിടന്ന് വിലക്കിയിരിക്കുന്നു.(മുസ്ലിം, അബൂദാവൂദ്)
നബിതിരുമേനി അരുള്‍ ചെയ്യുന്നു: "ആരെങ്കിലും ഒരു പക്ഷിയെ അനാവശ്യമായി വധിച്ചാല്‍ അന്ത്യദിനത്തില്‍ അത് അലമുറയിട്ടുകൊണ്ട് അല്ലാഹുവോട് പറയും: എന്റെ നാഥാ! ഇന്നയാള്‍ എന്നെ അനാവശ്യമായി കൊന്നിരിക്കുന്നു. ഉപയോഗത്തിനു വേണ്ടിയല്ല അയാളെന്നെ വധിച്ചത്.''(നസാഈ, ഇബ്നുഹിബ്ബാന്‍)
തണുപ്പകറ്റാന്‍ തീയിട്ട അനുചരന്മാരോട്, ഉറുമ്പ് കരിയാന്‍ കാരണമാകുമോ എന്ന ആശങ്കയാല്‍ അത് കെടുത്താന്‍ കല്പിക്കുകയും ഒട്ടകത്തെ കെട്ടിയിട്ട് അതിന് ആഹാരം നല്‍കാതെ പട്ടിണിക്കിട്ടവനെ ശക്തമായി ശാസിക്കുകയും മൃഗങ്ങളുടെ മുഖത്ത് മുദ്രവെക്കുന്നതും പുറത്ത് ചൂടുവെക്കുന്നതും വിലക്കുകയും ജന്തുക്കളുടെ പുറംഭാഗം 'ഇരിപ്പിട'മാക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത പ്രവാചകന്‍ വൃക്ഷങ്ങളോടുപോലും കരുണ കാണിക്കണമെന്ന് ഉപദേശിക്കുകയുണ്ടായി. മരത്തിനുനേരെ കല്ലെറിഞ്ഞ കുട്ടിയോട് അവിടന്ന് പറഞ്ഞു: "ഇനിമേല്‍ നീ ഒരു മരത്തേയും കല്ലെറിയരുത്. കല്ലുകൊണ്ടാല്‍ അതിനു വേദനിക്കും.''
ഇവ്വിധം ഈ പ്രപഞ്ചത്തിലെ എല്ലാറ്റിനോടും നിറഞ്ഞ കാരുണ്യത്തോടെ വര്‍ത്തിക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.
ആഹാരമില്ലാതെ ഇവിടെ ഒന്നിനും ജീവിക്കാനാവില്ല. സസ്യങ്ങളും പ്രാണികളും ഇഴജീവികളും ജലജീവികളും കന്നുകാലികളും പറവകളുമെല്ലാം ജീവിക്കുന്നത് ഭക്ഷണം ഉപയോഗിച്ചാണ്. അത് സാധ്യമാവണമെങ്കില്‍ ഓരോന്നിനും മറ്റുള്ളവയെ ഉപയോഗപ്പെടുത്തുകതന്നെ വേണം. സസ്യങ്ങള്‍ നിലനില്‍പിനായി മറ്റു സസ്യങ്ങളെ ഉപയോഗിക്കുന്നു. അപൂര്‍വം ചിലത് ജീവികളെയും ആഹാരമായുപയോഗിക്കാറുണ്ട്. പ്രാണികള്‍ സസ്യങ്ങളെയും മറ്റു ജീവികളെയും ഭക്ഷിക്കുന്നു. വായുവിലും വെള്ളത്തിലും കരയിലും കടലിലുമുള്ള ജീവികളെല്ലാം നിലനില്‍ക്കുന്നത് സസ്യങ്ങളെയും മറ്റു ജീവികളെയും ആഹാരമായുപയോഗിച്ചാണ്. ഇവയില്‍ ഓരോ ജീവിക്കും അതിന്റെ ശരീരഘടനക്കനുസൃതമായ ജീവിതരീതിയാണുള്ളത്. മുയല്‍ സസ്യഭുക്കായതിനാല്‍ അതിനനുസൃതമായ പല്ലും വയറുമാണ് അതിനുള്ളത്. സിംഹം മാംസഭുക്കായതിനാല്‍ അതിന്റെ വായയുടെയും വയറിന്റെയും ഘടന അതിനു ചേരുംവിധമാണ്.
മനുഷ്യന്‍ സസ്യാഹാരവും മാംസാഹാരവും ഉപയോഗിക്കാന്‍ സാധിക്കുംവിധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തീര്‍ത്തും സസ്യഭുക്കുകളായ ആട്, പശു, ചെമ്മരിയാട് തുടങ്ങിയവയുടെ പല്ലുകള്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ കഴിയുംവിധം പരന്നതും നിരപ്പായതുമാണല്ലോ. പൂര്‍ണമായും മാംസഭുക്കായ കടുവ പോലുള്ളവയുടേത് കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമത്രേ. എന്നാല്‍, മനുഷ്യനു രണ്ടിനും പറ്റുന്ന പല്ലുകളുണ്ട്. പരന്നതും നിരപ്പായതുമായ പല്ലുകളോടൊപ്പം മൂര്‍ച്ചയുള്ളവയും കൂര്‍ത്തവയുമുണ്ട്. അഥവാ, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ മിശ്രഭുക്കായാണ്.
ദഹനേന്ദ്രിയങ്ങളുടെ സ്ഥിതിയും ഇതുതന്നെ. സസ്യഭുക്കുകള്‍ക്ക് സസ്യാഹാരം മാത്രം ദഹിപ്പിക്കാവുന്നതും മാംസഭുക്കുകള്‍ക്ക് അതിനനുസൃതമായതുമാണ് ദഹനേന്ദ്രിയങ്ങളെങ്കില്‍ മനുഷ്യന്റേത് രണ്ടിനെയും ദഹിപ്പിക്കാവുന്ന വിധമുള്ളവയാണ്. പല്ലുകളുടെയും ദഹനവ്യവസ്ഥയുടെയും അവസ്ഥതന്നെ മനുഷ്യന്‍ മിശ്രഭുക്കാണെന്ന് അസന്ദിഗ്ധമായി തെളിയിക്കുന്നു.
ഈ ഭൂമിയും അതിലുള്ളവയുമൊക്കെ മനുഷ്യസമൂഹത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. അഥവാ, മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു. അല്ലാഹു പറയുന്നു: "ആകാശഭൂമികളിലുള്ളതൊക്കെയും നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത് നിങ്ങള്‍ കാണുന്നില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു.''(ഖുര്‍ആന്‍ 31: 20)
"കാലികളില്‍നിന്ന് ഭാരം ചുമക്കുന്നവയും അറുത്തു ഭക്ഷിക്കാനുള്ളവയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അല്ലാഹു നല്കിയതില്‍നിന്ന് ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെ കാല്‍പാടുകളെ പിന്തുടരരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.''(ഖുര്‍ആന്‍ 6: 142)
"ഉറപ്പായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഗുണപാഠമുണ്ട്. അവയുടെ ഉദരത്തില്‍നിന്നുള്ളതില്‍നിന്ന് നിങ്ങള്‍ക്കു നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.''(ഖുര്‍ആന്‍ 23: 21)
"നിങ്ങള്‍ക്കു പുതുമാംസം എടുത്തു ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണം പുറത്തെടുക്കാനും പാകത്തില്‍ കടലിനെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നതും അല്ലാഹുവാകുന്നു.''(ഖുര്‍ആന്‍ 16: 14)
ഭൂമിയിലുള്ളതൊക്കെയും മനുഷ്യനുവേണ്ടി സംവിധാനിക്കപ്പെട്ടതാണെന്ന തത്വത്തെ നിരാകരിക്കുന്നവരും പ്രയോഗത്തില്‍ അതിനനുസൃതമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. മനുഷ്യന്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭൂമിയെ ഉഴുതുമറിക്കുന്നു. അതില്‍ കിണറുകളും കുളങ്ങളും കുഴിക്കുന്നു. റോഡുകളും പാലങ്ങളും നിര്‍മിക്കുന്നു. വീടുകള്‍ ഉണ്ടാക്കുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ അവിടെയുള്ള പ്രാണികള്‍ക്കും ഇതര ജീവികള്‍ക്കും എന്തു സംഭവിക്കുന്നുവെന്ന് പരിഗണിക്കാറില്ല. എല്ലാ ജീവികള്‍ക്കും ഒന്നുപോലെ അവകാശപ്പെട്ട ഭൂമിയിലാണ് താന്‍ റോഡും കിണറുമൊക്കെ ഉണ്ടാക്കുന്നതെന്നോര്‍ക്കാറില്ല. ഇപ്രകാരം തന്നെ സസ്യങ്ങളെയും ഫലവൃക്ഷങ്ങളെയും വിളകളെയുമെല്ലാം മനുഷ്യന്‍ തന്റെ താല്‍പര്യത്തിനായുപയോഗിക്കുന്നു. അതിനാല്‍ ഭൂമിയും അതിലുള്ളവയും മനുഷ്യനുവേണ്ടി സജ്ജമാക്കപ്പെട്ടതാണെന്ന സത്യത്തെ പ്രയോഗതലത്തില്‍ അംഗീകരിക്കാത്ത ആരുമില്ല.
ഒരു ജീവിയെയും കൊല്ലുകയില്ല എന്നതാണ് അഹിംസകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കിലും അതിനനുസൃതമായി ജീവിതം നയിക്കുന്ന ആരും ഈ ഭൂമിയിലില്ല. മാംസാഹാരം കഴിക്കാത്തവര്‍ സസ്യാഹാരം ഭക്ഷിക്കുന്നവരാണല്ലോ. സസ്യങ്ങള്‍ക്ക് ജീവനും വികാരവുമുണ്ടെന്നത് സുസമ്മതസത്യമത്രെ. അതിനാല്‍ മാംസഭുക്കുകളെപ്പോലെ, സസ്യഭുക്കുകളും ജീവഹാനിവരുത്തുന്നവരും സസ്യങ്ങളെ വേദനിപ്പിക്കുന്നവരുമാണ്.
ഏതു മനുഷ്യനും ശരീരത്തില്‍ മുറിവുപറ്റിയാല്‍ അതിലെ വിഷാണുക്കളെ മരുന്നുപയോഗിച്ചു കൊല്ലുന്നു. ഉദരത്തിലെ കൃമികളെ നശിപ്പിക്കുന്നു. കൊതുകുകള്‍ മുട്ടയിട്ടുവിരിയുന്ന കെട്ടിനില്‍ക്കുന്ന മലിനജലത്തില്‍ വിഷം തളിച്ച് അവയെ കൊല്ലുന്നു. മൂട്ടയെയും കൊതുകിനെയും നശിപ്പിക്കുന്നു. ചുരുക്കത്തില്‍, ഏതെങ്കിലും ജീവിയെ ഹനിക്കാതെ ആരും എവിടെയുമില്ല; ഉണ്ടാവുക സാധ്യവുമല്ല.
മനുഷ്യസമൂഹത്തിന്റെ സുഗമമായ നിലനില്‍പിനായി വിഷാണുക്കളെ കൊല്ലാമെങ്കില്‍ അതേ കാര്യത്തില്‍ ഏറ്റം നല്ല പോഷകാഹാരമെന്ന നിലയില്‍ മാംസം ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീന്‍, ഇരുമ്പ്, വിറ്റാമിന്‍ ബി. 1, നിയാസിന്‍ തുടങ്ങിയവ മാംസാഹാരത്തില്‍ ധാരാളമായി ഉണ്ടെന്നത് അനിഷേധ്യമാണ്. സസ്യങ്ങളെയും പ്രാണികളെയും അണുക്കളെയും മറ്റും തങ്ങളുടെ നിലനില്‍പിന്നായി കൊല്ലാമെന്ന് തീരുമാനിച്ചവര്‍ ജനകോടികള്‍ക്ക് ആഹാരമായി മാറുന്ന മാംസം ഉപേക്ഷിക്കണമെന്ന് പറയുന്നത് തീര്‍ത്തും നിരര്‍ഥകമത്രെ.
അതുകൊണ്ടുതന്നെ, ജീവജാലങ്ങളോട് പരമാവധി കാരുണ്യം കാണിക്കാന്‍ കല്‍പിക്കുന്ന ഇസ്ലാം അവയുടെ മാംസം ഭക്ഷിക്കുന്നത് അനുവദനീയമാക്കി. ലോകത്തിലെ കോടിക്കണക്കിന് ജനങ്ങള്‍ ജീവിതം നയിക്കുന്നത് മാംസാഹാരം ഉപയോഗിച്ചാണ്. അത് വിലക്കുന്നത് സാമൂഹ്യദ്രോഹവും ജനവിരുദ്ധവുമാണ്.
മാംസം അനുവദനീയമാകാന്‍ ജീവികളെ ദൈവനാമമുച്ചരിച്ച് അറുക്കണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും അനുസരിച്ചുകൊണ്ടായിരിക്കണം മറ്റെല്ലാ കര്‍മങ്ങളുമെന്നപോലെ അവന്റെ സൃഷ്ടിയായ ജീവിയെ അനിവാര്യമായ ആവശ്യത്തിന് ഉപയോഗപ്പെടുത്തേണ്ടതെന്ന് ഇതു പഠിപ്പിക്കുന്നു. അതോടൊപ്പം ഉരുവിന് പരമാവധി സൌകര്യം നല്‍കിയും പ്രയാസം ലഘൂകരിച്ചുമായിരിക്കണം അറവെന്ന് കണിശമായി കല്പിക്കുകയും ചെയ്യുന്നു. പ്രവാചകന്‍ പറയുന്നു: "അല്ലാഹു എല്ലാ കാര്യങ്ങളിലും നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കൊല്ലുന്നുവെങ്കില്‍ നല്ല നിലയിലത് നിര്‍വഹിക്കുക. അറുക്കുന്നുവെങ്കില്‍ അതും നല്ലനിലയിലാക്കുക. കത്തിയുടെ വായ്ത്തല മൂര്‍ച്ചകൂട്ടി ഉരുവിന് സൌകര്യം ചെയ്യുക.''(മുസ്ലിം)
ഒരിക്കല്‍ ഒരാള്‍ നബിതിരുമേനിയോടു പറഞ്ഞു: "ഞാന്‍ ആടിനെ അറുക്കുമ്പോള്‍ ദയ കാണിക്കാറുണ്ട്.'' ഇതുകേട്ട് പ്രവാചകന്‍ പ്രതിവചിച്ചു: "നീ അതിനോടു കരുണ കാണിച്ചാല്‍ അല്ലാഹു നിന്നോടും കരുണ കാണിക്കും.''(ഹാകിം)
ഒരാള്‍ അറുക്കാനുള്ള ആടിനെ അതിന്റെ കാലു പിടിച്ചുവലിച്ചു കൊണ്ടുപോവുന്നതു കാണാനിടയായ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: "നിനക്കു നാശം! അതിനെ നല്ലനിലയില്‍ മരണത്തിലേക്കു നയിക്കുക.''
ഇസ്ലാമിനെപ്പോലെ ഹൈന്ദവ ധര്‍മത്തിലും മാംസാഹാരം അനുവദനീയമാണ്. അത് മാംസഭക്ഷണം വിലക്കുന്നുവെന്ന ധാരണ അബദ്ധമാണ്. പല മഹര്‍ഷിമാരും പുണ്യവാളന്മാരും മാംസാഹാരം കഴിക്കുന്നവരായിരുന്നുവെന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു. ശ്രീരാമന്‍ വനവാസത്തിന് അയക്കപ്പെട്ടപ്പോള്‍, എനിക്കു രുചികരമായ മാംസത്തളിക ഉപേക്ഷിക്കേണ്ടിവരുമെന്ന് മാതാവിനോട് പറഞ്ഞിരുന്നതായി അയോധ്യാകാണ്ഡത്തിലെ 20, 26, 94 ശ്ളോകങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ശ്രീരാമന് മാംസഭക്ഷണത്തോട് പ്രിയമുണ്ടായിരുന്നതായി വ്യക്തമാക്കുന്നു.
ബൃഹദാരണ്യകോപനിഷത്ത് പറയുന്നു: "എനിക്കു പണ്ഡിതനും പ്രസിദ്ധനും സഭകളില്‍ പോകുന്നവനും മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ പറയുന്നവനുമായ പുത്രനുണ്ടാവണം, അവന്‍ എല്ലാ വേദങ്ങളും പഠിക്കണം, ആറ് വര്‍ഷം ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാംസത്തോടുകൂടിയ ഭക്ഷണം പാകം ചെയ്ത് നെയ്യോടുകൂടി രണ്ടുപേരും കഴിക്കണം. അങ്ങനെയുള്ള പുത്രനെ ജനിപ്പിക്കാന്‍ അവര്‍ ശക്തരാവും. മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാം.''(6-4-18)

5 comments:

  1. ശരീര ഘടന- മാംസഭുക്ക്

    1. കുടലിന്റെ നീളം - ഉടലിന്റെ മൂന്നിരട്ടി
    2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- കുടലില്‍ ആഹാരം അധിക നേരം കിടക്കുന്നില്ല.
    3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ് - 6%
    4. താടിയെല്ല്- മുകളിലേക്കും താഴേക്കും മാത്രം ചലിപ്പിക്കാം.
    5. പല്ലുകള്‍- കടിച്ചു കീറാന്‍ പറ്റിയ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍
    6. നഖങ്ങള്‍- കൂര്‍ത് മൂര്‍ച്ചയുള്ളതും, അകത്തേക്ക് വലിക്കാവുന്നവയും.
    7. വെള്ളം കുടിക്കുന്ന വിധം- നാക്ക് കൊണ്ട് നക്കി കുടിക്കുന്നു.
    8. ഉറങ്ങുന്ന സമയം- പകല്‍.
    9. ജനിക്കുമ്പോള്‍- 4-5 ദിവസം കണ്ണടഞ്ഞിരിക്കും.
    10. കണ്ണിന്റെ കാഴ്ച- രാത്രിയിലും കാഴ്ചയുണ്ട്.
    11. ഭക്ഷണ രീതി- വിഴുങ്ങുന്നു.
    12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നു


    സസ്യഭുക്ക്, മനുഷ്യന്‍

    1. കുടലിന്റെ നീളം- ഉടലിന്‍റെ 21 ഇരട്ടി. ഉടലിന്‍റെ 12 ഇരട്ടി (കുരങ്ങിനും ഇതുതന്നെ)
    2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- ആഹാരം ഏറെ നേരം കിടന്നു പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കുന്ന സംവിധാനമാനുള്ളത്
    3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ്- 1.16%
    4. താടിയെല്ല്- മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ചലിപ്പിക്കാം.
    5. പല്ലുകള്‍- കടിക്കാനും ചവച്ചരക്കാനും പറ്റിയ പല്ലുകള്‍.
    6. നഖങ്ങള്‍- പരന്നു ചലിപ്പിക്കാന്‍ പറ്റാത്ത പല്ലുകള്‍.
    7. വെള്ളം കുടിക്കുന്ന വിധം- ചുണ്ടുകള്‍ കൊണ്ട് വലിച്ചു കുടിക്കുന്നു.
    8. ഉറങ്ങുന്ന സമയം- രാത്രിയില്‍
    9. ജനിക്കുമ്പോള്‍- കണ്ണുകള്‍ തുറന്നിരിക്കും.
    10. കണ്ണിന്റെ കാഴ്ച- രാത്രിയില്‍ കാഴ്ചയില്ല.
    11. ഭക്ഷണ രീതി- ചവച്ചരച്ചു കഴിക്കുന്നു.
    12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഉണ്ട്.

    ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം മനുഷ്യന്‍ സസ്യഭുക്ക് ആണ് എന്ന്.

    അവലംബം- പ്രകൃതി ജീവന ചിന്തകള്‍ - ആചാര്യന്‍ ശ്രീ.C.R.R വര്‍മ്മ

    http://sasyaharam.blogspot.com/2010_10_01_archive.html

    ReplyDelete
  2. മനുഷ്യന് സസ്യഭുക്കോ മാമ്സഭുക്കോ അല്ല
    മിശ്രഭുക്കാണ്.......
    സസ്യത്തിന്റെ 35% സെല്ലുലോസ് ആണ് അത് ദഹിപ്പിക്കാനുള്ള എന്സയ്ം സെല്ലുലേസ് മനുഷ്യ ശരീരത്തിലില്ല എല്ലാ സസ്യഭുക്കുകളിലും അതുണ്ട് ......
    അതുകൊണ്ടാ മനുഷ്യന് പുല്ല് ദഹിപ്പിക്കാനാകാത്തത് ....
    അതു പോലെതന്നെ മനുഷ്യന് പച്ചമാമ്സം തിന്നുന്നില്ല അത് അവന് ദഹിപ്പിക്കാനാകില്ല മറിച്ച് വേവിച്ചമാമ്സം ദഹിപ്പിക്കാനാവശ്യമായ ലിപേസ് ട്രെപെസ് മുതലായ സസ്യഭുക്കുകള്ക്കില്ലാത്ത എന്സൈമുകള് ദൈവം മനുഷ്യന് തന്നിട്ടുണ്ട്.....
    അതിനാല് ദൈവം ആമാശയത്തിലെ അമ്ളം കുറച്ചു തന്നു
    സസ്യഭുക്കുകള്‍ക്കില്ലാത്ത കോന്പല്ല് തന്നു.
    രാത്രിവേട്ടയാടേണ്ട ആവശ്യമില്ലാത്തതിനാല് അത് തന്നില്ല അതുപോലെ തന്നെ നഖവും മററും .....
    ഇനി വേവിച്ച എന്നു കേള്ക്കുമ്ബോള് ചിരിക്കുന്ന സസ്യഭുക്കുകളോട് അവരുടെ പ്രധാന് ആഹാരമായ അരിയും ഗോതമന്പും വേവിക്കാതെ കഴിക്കാന് ഞാന് ആഹ്വാനം ചെയ്യുന്നു ....

    ReplyDelete
  3. സെല്ലുലോസ് മനുഷ്യന് ദഹിപ്പിക്കാന്‍ കഴിയും. അറബികള്‍ കസ്സ് എന്ന് പറയുന്ന ഇലചെടി ധാരാളമായി പച്ചക്ക് കഴിക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ അപ്പെന്ടിക്സ് എന്നാ അവയവമാണ് സെല്ലുലോസ് ദാഹിപ്പിക്കുന്നതെന്ന് മാതൃഭൂമി ആരോഗ്യമാസികയില്‍ ഞാന്‍ വായിച്ചിട്ടുണ്ട്. വിക്കിപീഡിയ പറയുന്നത് വായിക്കുക.
    One potential ancestral purpose put forth by Charles Darwin[4] was that the appendix was used for digesting leaves as primates. It may be a vestigial organ, evolutionary baggage, of ancient humans that has degraded down to nearly nothing over the course of evolution. The very long cecum of some herbivorous animals, such as found in the koala, supports this theory. The koala's cecum enables it to host bacteria that specifically help to breakdown cellulose. Human ancestors may have also relied upon this system when they lived on a diet rich in foliage. As people began to eat more easily digested foods, they became less reliant on cellulose-rich plants for energy. As the cecum became less necessary for digestion, mutations that were previously deleterious (and would have hindered evolutionary progress) were no longer important, so the mutations have survived. These alleles became more frequent and the cecum continued to shrink. After thousands of years, the once-necessary cecum has degraded to be the appendix of today.[4 http://en.wikipedia.org/wiki/Vermiform_appendix

    ലിപേസ്‌ എന്നത് സസ്യാഹാരത്തിലെയും , മാംസാഹാരത്തിലെയും കൊഴുപ്പിനെ ദഹിപ്പിക്കുന്ന എന്‍സൈം ആണ്.
    human pancreatic lipase (HPL),[4] which is the main enzyme that breaks down dietary fats in ദി human digestive system, converts triglyceride substrates found in ingested oils to monoglycerides and free fatty acids.- വിക്കിപീഡിയ
    മനുഷ്യന്റെ കോമ്പല്ല് (canine teeth) ചെറുതും മൂര്ച്ചയില്ലാത്ത്തതും ആണ്, എന്നാല്‍ മാംസഭുക്കുകളുടെ കോമ്പല്ല് നീളമുള്ളതും,മൂര്‍ച്ചയേറിയ അഗ്രഭാഗത്തോട് കൂടിയതുമാണ്.

    A good deed done to an animal is as meritorious as a good deed done to a human being, while an act of cruelty to an animal is a bad as an act of cruelty to a human being.
    ~ Prophet Mohammed

    ReplyDelete
  4. പ്രവാചകന്‍ മൂന്നു വര്ഷം പച്ചില മാത്രം ഭക്ഷിച്ചു ജീവിച്ചിട്ടുണ്ട്. watch this video

    http://www.youtube.com/watch?v=B3e_Bku3Q9g&feature=player_embedded

    ReplyDelete
  5. അതായത് മനുഷ്യപൂര്‍വികര്‍ക്ക് സെല്ലുലോസ് ദഹിപ്പിക്കാനാവുമായിരുന്നു എന്ന്...
    ദഹിക്കാത്ത സെല്ലുലൊസ് ആണ് ഫൈബറുകലള്‍ അത് ദഹന വ്യൂഹത്തിന് ആവശ്യവുമാണ് എന്ന വസ്തുതയും ഞാന്‍ നിഷേധിക്കുന്നില്ല...
    മനുഷ്യന് പച്ചമ്രുഗങ്ങളെ കടിച്ചുകീറേണ്ട ആവശ്യമില്ലാത്തതിനാലാണ് കൂറ്ത്ത കോന്പല്ല് ഇല്ലാത്തത്
    full debate between Indian Vegetarian Congress and Islamic Research Foundation
    http://video.google.com/videoplay?docid=-3775022861563813322

    ReplyDelete