സാക്ഷ്യത്തിന് ഒരാണിനു പകരം രണ്ട് സ്ത്രീ വേണമെന്നാണല്ലോ ഇസ്ലാമിക നിയമം. ഇത് സ്ത്രീയോടുള്ള അനീതിയും വിവേചനവും പുരുഷമേധാവിത്വപരമായ സമീപനവുമല്ലേ?
ഒരു പുരുഷനു പകരം രണ്ട് സ്ത്രീയെന്നത് സാക്ഷ്യത്തിനുള്ള ഇസ്ലാമിന്റെ പൊതു നിയമമല്ല; സാമ്പത്തിക ഇടപാടുകളില്‍ മാത്രം ബാധകമായ കാര്യമാണ്. സ്ത്രീകള്‍ സാധാരണ ഗതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും കൊള്ളക്കൊടുക്കകളില്‍ ഏര്‍പ്പെടുന്നവരുമല്ലാത്തതിനാല്‍ പണമിടപാടുകളുടെ സാക്ഷ്യത്തില്‍ അബദ്ധം സംഭവിക്കാതിരിക്കാനും സൂക്ഷ്മത പാലിക്കാനുമായി നിശ്ചയിക്കപ്പെട്ട നിബന്ധന മാത്രമാണിത്. സ്ത്രീക്കെതിരെ സദാചാര ലംഘനം ആരോപിക്കപ്പെട്ടാല്‍ സ്വീകരിക്കേണ്ട സ്വയം സാക്ഷ്യത്തിന്റെയും സത്യം ചെയ്യലിന്റെയും കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമൊട്ടുമില്ലെന്ന് ഖുര്‍ആന്‍ തന്നെ സംശയത്തിനിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട് (അധ്യായം 24, വാക്യം 6-9).
ഇതര സാക്ഷ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ. വിവാഹമോചനത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: "ഇനി അവരുടെ ദീക്ഷാവധി സമാപിച്ചാലോ, ഒന്നുകില്‍ അവരെ മാന്യമായി കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ മാന്യമായ നിലയില്‍ വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നീതിമാ•ാരായ രണ്ടാളുകളെ സാക്ഷികളാക്കുകയും ചെയ്യുക. അവര്‍ അല്ലാഹുവിനുവേണ്ടി നീതിപൂര്‍വം സാക്ഷ്യം വഹിക്കട്ടെ.''(65: 2). ഒസ്യത്തിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: "വിശ്വസിച്ചവരേ, നിങ്ങളിലൊരുവന്ന് മരണമാസന്നമാവുകയും അയാള്‍ ഒസ്യത്ത് ചെയ്യുകയുമാണെങ്കില്‍ അതിനുള്ള സാക്ഷ്യത്തിന്റെ മാനം ഇപ്രകാരമത്രെ. നിങ്ങളില്‍നിന്നുള്ള രണ്ടു നീതിമാന്മാര്‍ സാക്ഷ്യം വഹിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ യാത്രാവസ്ഥയിലായിരിക്കുകയും അവിടെ മരണവിപത്ത് അഭിമുഖീകരിക്കുകയുമാണെങ്കില്‍ അപ്പോള്‍ മറ്റു ജനത്തില്‍നിന്നു രണ്ടാളുകളെ സാക്ഷികളാക്കണം.''(5: 106)
ആര്‍ത്തവം, പ്രസവം, തുടങ്ങി പുരുഷന്മാര്‍ക്ക് സാക്ഷികളാകാന്‍ പ്രയാസമുള്ള കാര്യങ്ങളില്‍ സ്ത്രീകളുടെ മാത്രം സാക്ഷ്യമാണ് സ്വീകാര്യമാവുകയെന്നതില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.
ഇസ്ലാമില്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ഭരണപരവുമായ എല്ലാ നിയമങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങളിലൊന്ന് പ്രവാചക ചര്യയാണ്. ഈ പ്രവാചക ചര്യയുടെ നിവേദനത്തിന്റെ സ്വീകാര്യതയില്‍ പുരുഷന്റേതു പോലെത്തന്നെ സ്ത്രീയുടേതും പ്രാമാണികവും പ്രബലവുമത്രേ. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലിവിടെ ഒരുവിധ വിവേചനവുമില്ല. അതുകൊണ്ടു തന്നെ പ്രബലമായ ഹദീസ് ഗ്രന്ഥങ്ങളില്‍ പുരുഷന്‍മാരെന്ന പോലെ സ്ത്രീകള്‍ നിവേദനം ചെയ്തവയും ധാരാളമായി കാണാവുന്നതാണ്. എല്ലാ സാക്ഷ്യങ്ങളുടെയും സാക്ഷ്യമായ അടിസ്ഥാന പ്രമാണത്തിന്റെ കാര്യത്തില്‍ പുരുഷന്റെ പദവി തന്നെ സ്ത്രീക്കും കല്‍പിച്ച ഇസ്ലാം ഇടപാടുകളുടെ കാര്യത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് വിവേചനപരമോ അവഗണനയോ അനീതിയോ അല്ലെന്നും മറിച്ച്, അബദ്ധം സംഭവിക്കാതിരിക്കാനുള്ള സൂക്ഷ്മത മാത്രമാണെന്നും വ്യക്തമത്രേ.
ഇമാം അബൂഹനീഫ, ത്വബരി പോലുള്ള പണ്ഡിതന്‍മാര്‍ സ്ത്രീകള്‍ക്ക് ന്യായാധിപസ്ഥാനം വരെ വഹിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമത്തിന്റെയും നീതിയുടെയും കാര്യത്തില്‍ വിവേചനമുണ്ടെങ്കില്‍ നിയമനടത്തിപ്പിന്റെ പരമോന്നത പദവിയായ ന്യായാധിപസ്ഥാനം സ്ത്രീക്ക് ആവാമെന്ന് പ്രാമാണിക പണ്ഡിതന്മാര്‍ പറയുകയില്ലല്ലോ.
Friday, April 2, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment