ലോകമെങ്ങുമുള്ള മുസ്ലിംകള് ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ്ലാമല്ലേ?
അല്പം വിശദീകരണമര്‍ഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നല്കിപ്പോന്ന മുസ്ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചത്. സ്പെയിനിന്റെ പതനം പൂര്‍ത്തിയായ അതേ വര്‍ഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ. 1492-ലാണല്ലോ കൊളംബസ് തന്റെ 'കണ്ടെത്തല്‍' യാത്രക്ക് തുടക്കം കുറിച്ചത്.
അതേവര്‍ഷം ഒക്ടോബര്‍ 12-ന് അയാള്‍ ഗ്വാനാഹാനി ദ്വീപിലെത്തി. ആയുധങ്ങളുമായി കപ്പലിറങ്ങിയ കൊളംബസും കൂട്ടുകാരും, അതുമുതല്‍ ആ നാട് സ്പാനിഷ് രാജാവിന്റെതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. തദ്ദേശീയരെ അവര്‍ക്കറിയാത്ത സ്പാനിഷ് ഭാഷയിലുള്ള ഉത്തരവ് വായിച്ചുകേള്‍പ്പിച്ചു. അത് അനുസരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഇങ്ങനെ വിശദീകരിച്ചു: "ഞാന്‍ ഉറപ്പിച്ചു പറയുന്നു, ദൈവസഹായത്താല്‍ ഞങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ബലമായി പ്രവേശിക്കും. നിങ്ങളോട് ആവുംവിധം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യന്‍ പള്ളിക്കും തമ്പ്രാക്കന്മാര്‍ക്കും കീഴ്പെടുത്തും. നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും. നിങ്ങളുടെ സാമാനങ്ങള്‍ പിടിച്ചടക്കും. ഞങ്ങളാലാവുന്ന എല്ലാ ദ്രോഹവും നാശവും നിങ്ങള്‍ക്ക് വരുത്തും''((David E Stannard, American Holocaust, The conquest of the New World, OUP 1993, P 66) ( ഉദ്ധരണം: പരാന്നഭോജികള്‍: പാശ്ചാത്യവല്‍ക്കരണത്തിന്റെ അഞ്ഞൂറു വര്‍ഷം, ഐ.പി.എച്ച്, പുറം 17)
ഇതോടെയാണ് യൂറോപ്പിന്റെ അധിനിവേശം ആരംഭിച്ചത്. മുസ്ലിം സ്പെയിന് തകര്‍ന്ന് കൃത്യം ആറുവര്‍ഷം കഴിഞ്ഞ് 1498-ലാണല്ലോ വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്.
1492-ല്‍ അമേരിക്കയില്‍ ഏഴരകോടിക്കും പത്തുകോടിക്കുമിടയില്‍ ആദിവാസികളുണ്ടായിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഒന്നര നൂറ്റാണ്ടുകൊണ്ട് അവരില്‍ 90 ശതമാനവും സ്വന്തം മണ്ണില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ക്രൂരമായ കൂട്ടക്കൊലകളിലൂടെ തദ്ദേശീയരെ നശിപ്പിച്ചശേഷം 1776-ലെ 'സ്വാതന്ത്യ്രപ്രഖ്യാപനത്തോടെ' യൂറോപ്യര്‍ അമേരിക്ക അധീനപ്പെടുത്തുകയായിരുന്നു. തീര്‍ത്തും അനീതിയിലും അതിക്രമത്തിലും അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തിലൂടെയാണ് ഇന്നത്തെ അമേരിക്ക സ്ഥാപിതമായത്.
1527-ല്‍ പോര്‍ച്ചുഗീസുകാര്‍ ബഹ്റൈന്‍ പിടിച്ചടക്കി. തൊട്ടുടനെ ഒമാനും കീഴ്പ്പെടുത്തി. എങ്കിലും ഉസ്മാനികള്‍ ആ നാടുകള്‍ തിരിച്ചുപിടിച്ചു. പിന്നീട് 1798-1801 കാലത്ത് നെപ്പോളിയന്റെ ഫ്രഞ്ച് സേന ഈജിപ്തിലെ അലക്സാണ്ട്രിയ, അക്കാ നഗരങ്ങള്‍ അധീനപ്പെടുത്തി.
പിന്നിട്ട രണ്ട് നൂറ്റാണ്ടുകള്‍ അറബ് -മുസ്ലിം നാടുകള്‍ ഇതര ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെത്തന്നെ പാശ്ചാത്യാധിനിവേശത്തിന്റേതായിരുന്നു. ഫ്രാന്‍സ് 1830-ല്‍ അള്‍ജീരിയയും 1859-ല്‍ ജിബൂട്ടിയും 1881-ല്‍ തുനീഷ്യയും 1919-ല്‍ മൌറിത്താനിയയും അധീനപ്പെടുത്തി. ഇറ്റലി 1859-ല്‍ സോമാലിയയും 1911-ല്‍ ലിബിയയും 1880-ല്‍ ഐരിത്രിയയും കീഴ്പ്പെടുത്തി. ബ്രിട്ടന് 1800-ല്‍ മസ്കത്തും 1820-ല്‍ ഒമാന്റെ ബാക്കി ഭാഗവും 1839-ല്‍ ഏതനും 1863-ല്‍ ബഹ്റൈനും 1878-ല്‍ സൈപ്രസും 1882-ല്‍ ഈജിപ്തും 1898-ല്‍ സുഡാനും 1899-ല്‍ കുവൈതും പിടിച്ചടക്കി. 1916-ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ സൈക്സ്-പിക്കോട്ട് രഹസ്യ കരാറനുസരിച്ച് ഉസ്മാനിയാ ഖലീഫയുടെ കീഴിലുണ്ടായിരുന്ന അറബ് പ്രവിശ്യകള്‍ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടെടുത്തു. അങ്ങനെ ഇറാഖും ജോര്‍ദാനും ഫലസ്തീനും ഖത്തറും ബ്രിട്ടന്റെയും സിറിയയും ലബനാനും ഫ്രാന്‍സിന്റെയും പിടിയിലമര്‍ന്നു. മൊറോക്കോ സ്പെയിനിന്റെയും ഇന്തോനേഷ്യ ഡച്ചുകാരുടെയും കോളനികളായി. ഇന്ത്യയും അഫ്ഗാനിസ്ഥാനുമെല്ലാം സാമ്രാജ്യശക്തികളുടെ പിടിയിലമര്‍ന്നപോലെത്തന്നെ.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടതോടെ പടിഞ്ഞാറിന്റെ കോളനികളിലെല്ലാം സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു. തദ്ഫലമായി 1932-ല്‍ ഇറാഖും '46-ല്‍ സിറിയയും ലബനാനും '51-ല്‍ ലിബിയയും ഒമാനും '52-ല്‍ ഈജിപ്തും '56-ല്‍ മൊറോക്കോയും സുഡാനും തുനീഷ്യയും '58-ല്‍ ജോര്‍ദാനും '59-ല്‍ മൌറിത്താനിയയും '60-ല്‍ സോമാലിയയും '61-ല്‍ കുവൈത്തും '62-ല്‍ അള്‍ജീരിയയും '68-ല്‍ യമനും '71-ല്‍ ഖത്തറും ബഹ്റൈനും അറബ് എമിറേറ്റ്സും '77-ല്‍ ജിബൂട്ടിയും സ്വാതന്ത്യ്രം നേടി.
എന്നാല്‍, സാമ്രാജ്യശക്തികള്‍ ഈ നാടുകളോട് വിടപറഞ്ഞത് അവിടങ്ങളിലടക്കം അവരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന ഏകാധിപതികളും സ്വേച്ഛാധികാരികളുമായ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും സുല്ത്താന്മാരെയും പ്രതിഷ്ഠിച്ച ശേഷമായിരുന്നു. അതോടൊപ്പം ഈ നാടുകള്‍ക്കിടയിലെല്ലാം അപരിഹാര്യങ്ങളായ അതിര്‍ത്തിത്തര്‍ക്കങ്ങളും ഉണ്ടാക്കിവെച്ചു. യമനും സൌദി അറേബ്യയും തമ്മിലും ഇറാനും ഇറാഖും തമ്മിലും ഇറാഖും കുവൈത്തും തമ്മിലും ഇറാനും യു.എ.ഇയും തമ്മിലും ഇനിയും പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കാനുള്ള കാരണം സാമ്രാജ്യത്വശക്തികള്‍ ചെയ്തുവെച്ച കുതന്ത്രങ്ങളത്രെ. അറബ്-മുസ്ലിം നാടുകള്‍ ഒന്നിക്കുന്നതിന് ഈ അതിര്‍ത്തി തര്‍ക്കങ്ങള്‍ സ്ഥിരമായ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പലപ്പോഴും കിടമല്‍സരത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കക്കും ഇതര മുതലാളിത്ത നാടുകള്‍ക്കും അവിടങ്ങളിലെ പെട്രോളും വാതകവും ഇതര അസംസ്കൃത പദാര്‍ഥങ്ങളും തട്ടിയെടുക്കാനും ആ നാടുകളെ തങ്ങളുടെ ആയുധക്കമ്പോളമാക്കി മാറ്റാനും ഇത് അവസരമൊരുക്കുന്നു.
സാമ്രാജ്യശക്തികള്‍ തന്നെ സൃഷ്ടിച്ച തര്‍ക്കത്തിന്റെ പേരിലാണല്ലോ ഇറാഖും കുവൈത്തും തമ്മിലേറ്റുമുട്ടിയത്. ഇത് അമേരിക്കക്ക് മേഖലയില്‍ ഇടപെടാന്‍ അവസരമൊരുക്കി. അതുതന്നെയായിരുന്നുവല്ലോ അവരുടെ ലക്ഷ്യം. അറബ്-മുസ്ലിം നാടുകള്‍ സ്വാതന്ത്യ്രം നേടിയശേഷവും അവിടങ്ങളിലെല്ലാം പടിഞ്ഞാറിന്റെ അദൃശ്യസാമ്രാജ്യത്വവും ചൂഷണവും നിയന്ത്രണവും ഇന്നോളം നിലനിന്നുപോന്നിട്ടുണ്ട്. ആ രാജ്യങ്ങള്‍ക്കൊന്നും തന്നെ സ്വന്തം നാടുകളിലെ വിഭവങ്ങള്‍ ഇഷ്ടാനുസൃതം വിനിയോഗിക്കാനോ നിയന്ത്രിക്കാനോ സാധിച്ചിട്ടില്ല. അവിടങ്ങളിലെ ഭരണാധികാരികള്‍ അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധിതമായോ അല്ലാതെയോ പടിഞ്ഞാറിന്റെ താല്പര്യങ്ങള് സംരക്ഷിച്ചുവരികയായിരുന്നു.
ഇറാഖില്‍ ഇടപെടാന്‍ അവസരം ലഭിച്ചതോടെ അമേരിക്ക അറബ് നാടുകളുടെ മേലുള്ള പിടിമുറുക്കുകയും തങ്ങളുടെ പട്ടാളത്തെ തീറ്റിപ്പോറ്റുന്ന ചുമതലയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബാധ്യതയും ആ നാടുകളുടെ മേല്‍ വെച്ചുകെട്ടുകയും ചെയ്തു. ഇന്ന് എല്ലാ പ്രധാന അറബ് നാടുകളിലും അമേരിക്കക്ക് ആയുധശാലകളും സൈനികത്താവളങ്ങളുമുണ്ട്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ സാമ്രാജ്യത്വ ചൂഷണത്തിന് അറുതിവരുത്തണമെന്ന് വാദിക്കുന്നതും കൊടിയ പാതകമായാണ് പാശ്ചാത്യസാമ്രാജ്യ ശക്തികള്‍ കണക്കാക്കുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനദശകം വരെ ലോകത്ത് ശാക്തികമായ സന്തുലിതത്വം നിലനിന്നിരുന്നു. എന്നാല്‍ സോഷ്യലിസ്റ് ചേരി ദുര്‍ബലമായി ചരിത്രത്തിന്റെ ഭാഗമായതോടെ ശീതസമരം അവസാനിച്ചു. ലോകം അമേരിക്കയുടെ നേതൃത്വത്തില്‍ ഏകധ്രുവമായി മാറി. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ചേരി വിജയിച്ചതോടെ ആ രാജ്യം ലോകപോലീസ് ചമയാന്‍ തുടങ്ങി. തങ്ങളുടെ താല്പര്യങ്ങള്ക്ക് എതിരു നില്‍ക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും അവരെയൊക്കെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.
പാശ്ചാത്യ ചേരി കമ്യൂണിസ്റ് നാടുകളുടെ തകര്‍ച്ചയോടെ തങ്ങളുടെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചത് ഇസ്ലാമിനെയാണ്. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള നാറ്റോയും ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലോകമെങ്ങുമുള്ള ഇസ്ലാമിക നവോത്ഥാന ചലനങ്ങളെയും മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താനും നശിപ്പിക്കാനും അമേരിക്കയും കൂട്ടാളികളും ആവുന്നതൊക്കെ ചെയ്യുന്നു. അതിനായി ആടിനെ പട്ടിയാക്കും വിധമുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. ഇസ്ലാമിനും മുസ്ലിംകള്ക്കുമെതിരെ മതമൌലികവാദം, മതഭ്രാന്ത്, ഭീകരത, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ നിരന്തരം നിര്‍ലോഭം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 1993-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു പുറത്തിറക്കിയ കേവലം 93 പുറങ്ങളുള്ള 'പുതിയ ലോക ഇസ്ലാമിസ്റുകള്‍' എന്ന ഔദ്യോഗിക രേഖയില്‍ 288 പ്രാവശ്യം ഭീകരത, ഭീകരര്‍ എന്നീ പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. സയണിസ്റ് പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തുന്ന ഫാന്‍ഫോറെയ്സ്റ്, യോസഫ് സോദാന്‍സ്കി എന്നിവരാണ് പ്രസ്തുത രേഖ തയ്യാറാക്കിയത്.
യഥാര്‍ഥത്തില്‍ ആരാണ് ലോകത്ത് കൂട്ടക്കൊലകളും യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നത്? ഒന്നാം ലോകയുദ്ധത്തില്‍ 80 ലക്ഷവും രണ്ടാം ലോകയുദ്ധത്തില്‍ അഞ്ചുകോടിയും വിയറ്റ്നാമില്‍ മുപ്പതു ലക്ഷവും കൊല്ലപ്പെട്ടു. പനാമയിലും ഗോട്ടിമലയിലും നിക്കരാഗ്വയിലും കമ്പൂച്ചിയയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അനേകലക്ഷങ്ങള്‍ അറുകൊല ചെയ്യപ്പെടുകയുണ്ടായി. ഇതിലൊന്നും ഇസ്ലാമിന്നോ മുസ്ലിംകള്‍ക്കോ ഒരു പങ്കുമില്ല.
ജപ്പാന് യുദ്ധത്തില്‍നിന്ന് പിന്മാറാന് തയ്യാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച കൊടും ഭീകരനായ അമേരിക്കതന്നെയാണ് ഇന്നും ആ പേരിന്നര്‍ഹന്‍. തങ്ങളുടെ കുടില താല്പര്യങ്ങള്ക്കെതിരു നില്ക്കുന്ന എല്ലാ നാടുകളെയും സമൂഹങ്ങളെയും ആ രാജ്യം എതിര്‍ക്കുന്നു. സ്വന്തം വരുതിയില്‍ വരാത്ത നാടുകളിലെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ചാരസംഘടനയായ സി.ഐ.എയെയും ഭീകരപ്രവര്‍ത്തകരായ സയണിസ്റുകളെയും അതിനായി ഉപയോഗിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പോലും ലോകത്ത് യുദ്ധങ്ങളുണ്ടാക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന മിസ്റര്‍ റോസ്പെറോ പറയുന്നു: "ആഭ്യന്തരസ്ഥിതി മോശമാകുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനായി ഞങ്ങള്‍ ലോകത്ത് കൊച്ചുകൊച്ചു യുദ്ധങ്ങള്‍ സംഘടിപ്പിക്കുന്നു.''
ഇവ്വിധം കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അമേരിക്ക ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. ഇത്തരമൊരു ഭീകരരാഷ്ട്രത്തിന്റെ പ്രചാരണമാണ് ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ വളര്‍ന്നുവരാനിടവരുത്തിയത്. എല്ലാ വിധ പ്രചാരണോപാധികളും കയ്യടക്കിവെക്കുന്ന അമേരിക്കയുടെ കുടിലതന്ത്രങ്ങള്‍ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അനല്പമായ പങ്കുവഹിക്കുകയാണുണ്ടായത്.
യഥാര്‍ഥത്തില്‍, ഇന്ന് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരകൃത്യം നടത്തുന്നത് സമാധാനത്തിന്റെ സംരക്ഷകരായി അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌണ്‍സിലാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണാധികാരിയോടുള്ള ശത്രുതയുടെ പേരില്‍ ആ രാജ്യത്തിന്റെ യാത്രാവിമാനം തട്ടിക്കൊണ്ടുപോയി അതിലെ നാനൂറോ അഞ്ഞൂറോ ആളുകളെ ബന്ദികളാക്കിയാല്‍ നാമവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കും. തീര്‍ച്ചയായും അത് ശരിയുമാണ്. നിരപരാധരായ യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ക്രൂരതയാണ്; മനുഷ്യവിരുദ്ധവും. അതുകൊണ്ടുതന്നെ മതവിരുദ്ധവുമാണ്. എന്നാല്‍ സദ്ദാം ഹുസൈന് എന്ന ഒരു ഭരണാധികാരിയോടുള്ള വിരോധത്തിന്റെ പേരില്‍ ഇറാഖിലെ ഒന്നേകാല്‍ കോടി മനുഷ്യരെ കഴിഞ്ഞ പതിനൊന്നുവര്‍ഷം ആഹാരവും മരുന്നും കൊടുക്കാതെ ഐക്യരാഷ്ട്രസഭ ബന്ദികളാക്കുകയും ആറുലക്ഷം കുട്ടികളുള്‍പ്പെടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കുകയും ചെയ്തു. ഇവ്വിധം ലോകത്തിലെ ഏറ്റം ക്രൂരനായ കൊലയാളിയും കൊടുംഭീകരനുമായി മാറിയ സെക്യൂരിറ്റി കൌണ്‍സില്‍ ഇപ്പോഴും സമാധാനത്തിന്റെ കാവല്‍ക്കാരായാണ് അറിയപ്പെടുന്നതെന്നത് എത്രമാത്രം വിചിത്രവും വിരോധാഭാസവുമാണ്. അമേരിക്കയുടേതല്ലാത്ത ഒരു മാനദണ്ഡവും അളവുകോലും ലോകത്തിന് ഇന്നില്ല എന്നതാണ് ഇതിനു കാരണം.
മുസ്ലിംകളില് തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആയി ആരുമില്ലെന്ന് അവകാശപ്പെടാനാവില്ല. ഇസ്ലാമിനെ ഏറെ കളങ്കപ്പെടുത്തുകയും അതിന്റെ പ്രതിഛായ തകര്‍ക്കുകയും ചെയ്യുന്ന അപക്വവും വിവേകരഹിതവുമായ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഒറ്റപ്പെട്ട ചിലരെ അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞേക്കും. മുസ്ലിം നാടുകളില്‍ അത്തരം ഭീകരപ്രവര്‍ത്തനങ്ങളും തീവ്രവാദചിന്തകളും വളര്‍ന്നുവരാന്‍ കാരണം, അവിടങ്ങളിലെ ഏകാധിപത്യ-സ്വേഛാധിപത്യ ഭരണകൂടങ്ങളും അവയുടെ കൊടിയ തിന്മകളുമാണ്. ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ജനാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും വ്യവസ്ഥാമാറ്റത്തിനുമായി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി നടത്തിപ്പോന്ന ശ്രമങ്ങള്‍ സാമ്രാജ്യ ശക്തികളുടെ ഇടപെടല്‍കാരണം പരാജയമടഞ്ഞതിനാല്‍ ക്ഷമകെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ തീവ്രവാദസമീപനം സ്വീകരിക്കുകയാണുണ്ടായത്. മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍ ഭൂരിപക്ഷത്തോടൊപ്പം ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന കൊടുംഭീകരവൃത്തികളാണ് ചില ചെറുപ്പക്കാരെ തുല്യനിലയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചാണ് തല്പര കക്ഷികള്‍ ഇസ്ലാമിനെതിരെ ഭീകരതയും തീവ്രവാദവും ആരോപിക്കുന്നത്.
ഇസ്ലാം എല്ലാവിധ ഭീകരതക്കും എതിരാണ്- വ്യക്തികളുടെയും സംഘടിത പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും. ഭീകരതയെയും തീവ്രവാദത്തെയും അത് തീര്‍ത്തും നിരാകരിക്കുകയും ശക്തിയായി എതിര്‍ക്കുകയും ചെയ്യുന്നു. നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനും ഇടവരുത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതുപോലെയും, ഒരാള്‍ക്കു ജീവനേകുന്നത് മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതമേകുന്നതുപോലെയുമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.(5: 32)
അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആവുക സാധ്യമല്ല. അതോടൊപ്പം ലോകമെങ്ങും മുസ്ലിംകള് ഭീകരപ്രവര്‍ത്തകരാണെന്നത് അമേരിക്കയുടെയും കൂട്ടാളികളുടെയും അവയുടെ മെഗഫോണുകളാകാന്‍ വിധിക്കപ്പെട്ട പൌരസ്ത്യനാടുകളുടെ അടിയാളസമൂഹങ്ങളുടെയും പ്രചാരണം മാത്രമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.(വിശദമായ പഠനത്തിന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഭീകരവാദവും ഇസ്ലാമും', 'ഖുര്‍ആന്റെ യുദ്ധസമീപനം' എന്നീ കൃതികള്‍ കാണുക.)
Saturday, April 10, 2010
Subscribe to:
Post Comments (Atom)
പ്രാര്‍ത്ഥനകള്‍
ReplyDelete