സ്ത്രീകള്‍ ഭരണ-രാഷ്ട്രീയ രംഗങ്ങളില്‍ പങ്കുവഹിക്കുന്നതിനെ ഇസ്ലാം വിലക്കുന്നുണ്ടോ? മുസ്ലിം സ്ത്രീകള്‍ ഭരണാധികാരികളാകാന്‍ പാടില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?
ഈ ചോദ്യത്തിന് ഇരുപതാം നൂറ്റാണ്ട് കണ്ട പ്രമുഖ പണ്ഡിതന്മാരിലൊരാളായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി നല്‍കിയ വിശദീകരണം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. അദ്ദേഹം എഴുതുന്നു: "മദീനാ മാര്‍ക്കറ്റിന്റെ നിയന്ത്രണവും വിധിത്തീര്‍പ്പും ശിഫാഇനെയാണ് ഉമറുല്‍ ഫാറൂഖ് ഏല്‍പിച്ചിരുന്നത്. അവരവിടെ നിയമലംഘനങ്ങള്‍ തടയുകയും നീതി നടപ്പാക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തത് ആണ്‍-പെണ്‍ഭേദമന്യേ എല്ലാവര്‍ക്കുമിടയിലായിരുന്നു. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഖലീഫ അവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.
സ്ത്രീകളെ രാഷ്ട്രനേതൃത്വമോ ഭരണാധികാരമോ ഏല്‍പിച്ചുകൊടുക്കാന്‍ മോഹിച്ചു നടക്കുന്ന കൂട്ടത്തിലൊന്നുമല്ല ഞാന്‍. ഒരു കാര്യമേ നാം ആഗ്രഹിക്കുന്നുള്ളൂ. സമൂഹത്തിലെ ഏറ്റവും അനുയോജ്യനായ ആള്‍ രാജ്യത്തിന്റെയും രാജ്യഭരണത്തിന്റെയും നേതൃത്വത്തില്‍ വരണം.
'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയപ്പെട്ടിരിക്കുന്നു' എന്ന പ്രവാചകവചനമുണ്ടല്ലോ. അപ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള അധികാരം സ്ത്രീയെ ഏല്‍പിക്കുന്നത് പരാജയകാരണമാവില്ലേയെന്ന് ചോദിച്ചേക്കാം. ഇവിടെ ഈ പ്രവാചകവചനത്തെ സംബന്ധിച്ച് അല്‍പം ആഴത്തില്‍ ആലോചിക്കാന്‍ നാമാഗ്രഹിക്കുന്നു. പ്രവാചകവചനം സ്വീകാര്യം തന്നെ. എന്നാല്‍ അതിന്റെ ആശയം എന്തായിരിക്കും?
ഇസ്ലാമിക മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സാമ്രാജ്യം നിലംപൊത്തിക്കൊണ്ടിരുന്നപ്പോള്‍ അവിടെ ഭരണം നടത്തിയിരുന്നത് അഭിശപ്തമായ രാജവാഴ്ചയും ഏകാധിപത്യവുമായിരുന്നു. വിഗ്രഹാരാധനയിലധിഷ്ഠിതമായ മതം, കൂടിയാലോചന അചിന്ത്യമായ രാജകുടുംബം, മരണം വിധിക്കപ്പെട്ട അഭിപ്രായ വിമര്‍ശനസ്വാതന്ത്യ്രം, തമ്മിലടിക്കുന്ന രാജകുടുംബങ്ങള്‍, മകന്‍ പിതാവിനെയും സഹോദരന്‍ സഹോദരനെയും വകവരുത്തുന്ന അധികാരക്കൊതി, സര്‍വോപരി എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങി കഴിയുന്ന പ്രതികരണശേഷി അറിയാത്ത ജനത!
മുസ്ലിം മുന്നേറ്റത്തിനു മുമ്പില്‍ പേര്‍ഷ്യന്‍ സൈന്യം പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിയുകയും രാജ്യാതിര്‍ത്തി ചുരുങ്ങിച്ചുരുങ്ങി വരികയുമായിരുന്നു. അപ്പോഴുമവര്‍ക്ക് പ്രാപ്തനായ ഒരാളെ രാജ്യഭരണം ഏല്‍പിക്കാനായില്ല. രാജഭരണത്തിന്റെ ഭാഗമായി അവിവേകിയായ ഒരു സ്ത്രീയെ അധികാരത്തില്‍ വാഴിക്കുകയായിരുന്നു. ഇത് ആ രാജ്യത്തിന്റെയും സാമ്രാജ്യത്തിന്റെയും എന്നന്നേക്കുമായുള്ള തിരോധാനം വിളിച്ചറിയിക്കുന്നതായിരുന്നു. ദീര്‍ഘവീക്ഷകനും സൂക്ഷ്മജ്ഞാനിയുമായ പ്രവാചകന്‍ ഇതേ പ്പറ്റിയുള്ള തന്റെ വിലയിരുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തുകയായിരുന്നു. 'സ്ത്രീയെ അധികാരമേല്‍പിച്ച ജനത പരാജയമടഞ്ഞതുതന്നെ.'
നേരെ മറിച്ച് ആ അവസരം പേര്‍ഷ്യന്‍ഭരണം കൂടിയാലോചനയിലധിഷ്ഠിതവും ഭരണാധികാരിയായ വനിത ഗോള്‍ഡാമീറിനെപ്പോലൊരാളാവുകയും സൈനിക തീരുമാനങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ കരങ്ങളില്‍ ആയിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ പ്രവാചകന്റെ വിലയിരുത്തല്‍ മറ്റൊരു വിധത്തിലായിരുന്നേനെ.''
ഉപര്യുക്ത പ്രവാചകവചനത്തെ സംബന്ധിച്ച് ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഈ നബിവചനം സ്ത്രീകളെ ഭരണനേതൃത്വത്തില്‍നിന്നും മാറ്റിനിര്‍ത്താനുള്ള തെളിവായി വ്യാഖ്യാനിക്കപ്പെട്ടുവരുന്നുണ്ടെങ്കിലും പല പണ്ഡിതന്‍മാരും ഇതിനോട് യോജിക്കുന്നില്ല. നബിയുടെ കാലത്തെ പേര്‍ഷ്യന്‍ ഭരണാധികാരികള്‍ പ്രവാചകനോടും അദ്ദേഹം അവരുടെ അടുത്തേക്കയച്ച ദൂതനോടും കൊടിയ ശത്രുത കാണിച്ചവരായിരുന്നു. അതിനാല്‍ പേര്‍ഷ്യക്കാര്‍ ഖുസ്രുവിന്റെ പുത്രിയെ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിച്ച വാര്‍ത്തയോടുള്ള പ്രതികരണത്തെ, രാഷ്ട്രത്തിന്റെ ഭരണനേതൃത്വവുമായി ബന്ധപ്പെട്ട ലിംഗപ്രശ്നത്തിന്റെ വിശദീകരണമായല്ല, ആ മര്‍ദകസാമ്രാജ്യത്തിന്റെ ആസന്നപതനത്തെ സംബന്ധിച്ച പ്രവചനമെന്ന നിലയിലാണ് കാണേണ്ടത്. നബിയുടെ പ്രവചനം പിന്നീട് പുലരുകയും ചെയ്തു... അതിനാല്‍ ഈ നബിവചനം സ്ത്രീകളെ രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തില്‍നിന്നും ഒഴിച്ചുനിര്‍ത്തിയേ പറ്റൂ എന്നുള്ളതിന് തെളിവാകുന്നില്ല.''
അതിനാല്‍ സ്ത്രീയെ ഭരണനേതൃത്വത്തില്‍നിന്ന് വിലക്കുന്ന വ്യക്തവും ഖണ്ഡിതവുമായ ഖുര്‍ആന്‍ വാക്യമോ പ്രവാചക വചനമോ ഇല്ല. എങ്കിലും വളരെ അനിവാര്യ സാഹചര്യമില്ലെങ്കില്‍ അതൊഴിവാക്കുന്നതാണുത്തമം. ഡോ. ജമാല്‍ ബദവി എഴുതുന്നു: "ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ വിശദീകരിക്കുന്നതില്‍ പ്രസിദ്ധിയാര്‍ജിച്ച പ്രമുഖ നിയമപണ്ഡിതന്‍ അബൂയഅ്ലാ രാഷ്ട്രത്തലവന്റെ യോഗ്യതകളില്‍ 'പുരുഷനായിരിക്കുക' എന്നൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അല്‍ഖാസിമി നിരീക്ഷിക്കുന്നു. ഇവിടെ പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്ലാമിലെ രാഷ്ട്രത്തലവന്‍ വെറുമൊരു ചടങ്ങു തലവനല്ല. അദ്ദേഹം നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്നു. ചിലപ്പോള്‍ നിരന്തരം യാത്രചെയ്യുന്നു. ഇതര രാഷ്ട്രത്തലവന്‍മാരുമായി- അവര്‍ പലപ്പോഴും പുരുഷന്‍മാരായിരിക്കും- കൂടിയാലോചന നടത്തുന്നു; പലപ്പോഴും രഹസ്യ സംഭാഷണങ്ങളും. സ്ത്രീകള്‍ക്ക് ഇത്തരം ബന്ധങ്ങളും ബാധ്യതകളും ദുര്‍വഹമായിരിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ശരിയായ പരസ്പരബന്ധങ്ങളെ സംബന്ധിച്ച് ഇസ്ലാമിക മാര്‍ഗ നിര്‍ദേശങ്ങളോട് അവ പൊരുത്തപ്പെടുകയില്ല.''
ഇത് രാഷ്ട്രത്തിന്റെ പരമോന്നത പദവിയെ സംബന്ധിച്ചു മാത്രം ബാധകമാകുന്ന കാര്യമാണ്. സ്ത്രീ അതിനുതാഴെയുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നതിനെയോ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയോ ഇസ്ലാംവിലക്കുന്നില്ല. ഇറാന്‍ ഇസ്ലാമിക് റിപ്പബ്ളിക്കിലെ വൈസ് പ്രസിഡന്റുമാരിലൊരാളും അവിടത്തെ എം.പി.മാരില്‍ പതിനാലു പേരും വനിതകളാണ്. ഇതര മുസ്ലിം നാടുകളുടെ സ്ഥിതിയും ഭിന്നമല്ല.
എങ്കിലും സ്ത്രീകളുടെ പ്രഥമവും പ്രധാനവുമായ ബാധ്യത വീടിന്റെ ഭരണവും മാതൃത്വപരമായ ഉത്തരവാദിത്തങ്ങളുടെ ശരിയായ നിര്‍വഹണവുമാണെന്ന കാര്യം വിസ്മരിക്കാവതല്ല. വരുംതലമുറകളെ യഥാവിധി വാര്‍ത്തും വളര്‍ത്തിയുമെടുക്കുകയെന്നതിനെ ഇസ്ലാം ഒട്ടും നിസ്സാരമായിക്കാണുന്നില്ലെന്നു മാത്രമല്ല, അതിപ്രധാന കൃത്യമായി പരിഗണിക്കുകയും ചെയ്യുന്നു. മാതൃത്വം ഭൂമിയില്‍ ഏറ്റവും ആദരണീയവും മഹിതവുമാവാനുള്ള കാരണവും അതുതന്നെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment